സ്വന്തം ലേഖകൻ: ന്യൂസിലൻഡിലെ സൂപ്പർമാർക്കറ്റിൽ കത്തി ഉപയോഗിച്ച് ആറ് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ശ്രീലങ്കൻ വംശജനായ ഒരാളാണ് ആക്രമണം നടത്തിയത്. ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിന്തുണയ്ക്കുന്ന വ്യക്തിയാണ്. നിന്ദ്യവും വിദ്വോഷകരവുമായ സംഭവമാണ് നടന്നതെന്നും അവർ വ്യക്തമാക്കി.
ആക്രമണം നടത്തിയ പ്രതി മുൻപ് ഒരു കേസിലും ഉൾപ്പെട്ടിരുന്നില്ല. ഐഎസിനോട് അനുഭാവം പുലർത്തുന്നയാളാണ് ഇയാളെന്ന് തിരിച്ചറിഞ്ഞതിനാൽ അഞ്ച് വർഷമായി 24 മണിക്കൂറും ഇയാൾ അതിസൂക്ഷമ നിരീക്ഷണത്തിലായിരുന്നു. ഇതിനാൽ തന്നെ ന്യൂലിൻ ജില്ലയിലെ ലിൻമാളിലെ കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റിൽ നടന്നത് ഭീകരാക്രമണമാണെന്ന് പറയാൻ സാധിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു.
അഞ്ച് വർഷമായി 24 മണിക്കൂറും അതിസൂക്ഷമ നിരീക്ഷണത്തിലായിരുന്നയാൾ തന്നെയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. അതീസൂക്ഷമമായ നിരീക്ഷണമാണ് നടത്തിയിരുന്നത്. എന്നാൽ തന്ത്രപരമായി പോലീസിൻ്റെ കണ്ണുവെട്ടിച്ച് സൂപ്പർമാർക്കറ്റിൽ എത്താൻ ഇയാൾക്ക് സാധിച്ചു. ഇയാൾ നിരീക്ഷണത്തിൽ നിന്നും വഴുതി പോയെന്ന തിരിച്ചറിഞ്ഞതോടെയാണ് സെക്കൻഡുകൾക്കുള്ളിൽ പോലീസ് സംഭവസ്ഥലത്ത് എത്തിയത്. സ്ഥലത്തെത്തി ഒരു മിനിറ്റിനകം ഇയാളെ വെടിവച്ച് കൊലപ്പെടുത്താൻ സാധിച്ചുവെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സൂപ്പർമാർക്കറ്റിൽ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. പോലീസിൻ്റെ നിരീക്ഷണത്തിൽ നിന്നും രക്ഷപ്പെട്ട് സൂപ്പർമാർക്കറ്റിൽ പ്രവേശിച്ച പ്രതി കടയിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന വലിയ കത്തി കൈവശമാക്കി ആക്രമണം നടത്തുകയായിരുന്നു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ വെടിവച്ച് കൊന്നു. കത്തി ആക്രമണത്തില്ല് ആറ് പേർ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ആക്രമണം നടത്തിയ വ്യക്തിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഇയാൾക്ക് കൂടുതൽ ബന്ധങ്ങൾ ഇല്ലെന്നും മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നുണ്ട്. ശ്രീലങ്കയിൽ നിന്നും 2011ൽ ന്യൂസിലൻഡിൽ എത്തിയ ഇയാൾ കടുത്ത ഐഎസ് അനുഭാവിയാണെന്ന് വ്യക്തമായതോടെ 2016 മുതൽ പോലീസ് നിരീക്ഷിച്ചിരുന്നു. ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടും പോലീസിൻ്റെ ശ്രദ്ധ തെറ്റിച്ച് ഇയാൾ എങ്ങനെയാണ് ആക്രമണം നടത്തിയതെന്ന ചോദ്യം ശക്തമാണ്.
ഒരാൾ നിരീക്ഷണത്തിലാണെന്ന് കരുതി മുഴുവൻ സമയവും അയാൾക്കൊപ്പം നടക്കാൻ പോലീസിന് സാധിക്കില്ലെന്ന് പോലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ പറഞ്ഞു. “നിരീക്ഷണം എന്ന് പറയുമ്പോൾ 24 മണിക്കൂറും ഒരു വ്യക്തിക്കൊപ്പം പോലീസ് ചെലവഴിക്കും എന്നല്ല. സാധ്യമായ കാര്യമല്ല അത്. ഏതെങ്കിലും ഭീകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും മുൻപ് അയാളെ തടയുക എന്നതാണ് ലക്ഷ്യമാക്കുക. സൂപ്പർമാർക്കറ്റിൽ ആക്രമണം നടത്തി മിനിറ്റുകൾക്കകം സ്ഥലത്തെത്താനും ഇയാൾ വെടിവച്ച് കൊലപ്പെടുത്താനും പോലീസിന് സാധിച്ചു. പോലീസ് പിന്തുടരുന്നുണ്ടെന്ന കാര്യം ഇയാൾക്ക് വ്യക്തമായി അറിയാമായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അല്‍പ്പം അകലം പാലിച്ചാല്‍ മാത്രമേ സംശയമില്ലാതെ നിരീക്ഷണം തുടരാനാവൂ” അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല