സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്; കൊടുങ്ങല്ലൂര്‍ സ്വദേശിനി വെടിയേറ്റ് മരിച്ചതായി സ്ഥിരീകരണം; ഭര്‍ത്താവ് രക്ഷപ്പെട്ടു; യുവതി ഉള്‍പ്പെടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ന്യൂസിലന്‍ഡിലെ വെടിവെപ്പില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും മരിച്ചതായി സ്ഥിരീകരിച്ചു. ന്യൂസിലാന്‍ഡ് കാര്‍ഷിക സര്‍വകലാശാലയിലെ എം.ടെക് വിദ്യാര്‍ഥിനിയും കൊച്ചി മാടവന പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയുമായ അന്‍സി(23) ആണ് മരിച്ചത്.
ഭീകരാക്രമണ സമയത്ത് പള്ളിയില്‍ അന്‍സി ഉണ്ടായിരുന്നതായും കാലിന് പരിക്കേറ്റ അന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ന്യൂസ്ലന്‍ഡിലേക്ക് പോയത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചര്‍ച്ചിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം ആറ് മണിയോടെ നാസര്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലി ബാവയുടെ മകളാണ് അന്‍സി. രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതയായത്. അക്രമണ സമയത്ത് ഇവര്‍ ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്‌ക്രോസ് പറയുന്നു. റെഡ്‌ക്രോസ് നല്‍കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുണ്ടായിരുന്നത്.
ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌കിലെ വെടിവയ്പില്‍ മലയാളി യുവതി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലിബാവയെ കൂടാതെ മെഹബൂബ ഖൊഖാര്‍, റമീസ് വോറ, ആസിഫ് വോറ, ഒസ്‌യര്‍ കാദിര്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ട്വീറ്റിലൂടെയാണ് ഹൈക്കമ്മീഷന്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ പങ്കുവച്ചത്. ക്രൈസ്റ്റ്ചര്‍ച്ചിലെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് വീസ വേഗത്തില്‍ ലഭിക്കാന്‍ വെബ്‌പേജ് ന്യൂസിലന്‍ഡ് എമിഗ്രേഷന്‍ വിഭാഗം ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തു.
ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്‌ലിം മോസ്‌കുകളില്‍ തീവ്രവാദി നടത്തിയ വെടിവയ്പില്‍ 50 പേരാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശി ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കു പരിക്കേറ്റു. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചെറിയ ഇടവേളകളില്‍ ആക്രമണം. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മ സ്ജിദിലും സമീപത്തെ ലിന്‍വുഡ് ഇസ്‌ലാമിക് സെന്ററിലെ മോസ്‌കിലുമാണ് ആക്രമണം നടന്നത്.
കൊലയാളിയായ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രെന്റണ്‍ ടറാന്റി(28)നെ ക്രൈസ്റ്റ്ചര്‍ച്ച് ജില്ലാ കോടതിയില്‍ ഹാജരാക്കി. ഒരു കൂസലുമില്ലാതെയാണ് ഇയാള്‍ ജഡ്ജിക്കു മുന്നില്‍ നിന്നത്. വെള്ളക്കാരുടെ അധീശത്വത്തില്‍ വിശ്വസിക്കുന്നവര്‍ കൈകൊണ്ടു കാണിക്കുന്ന മുദ്രയും ഇയാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്കു കാണിച്ചു. ടറാന്റിനെതിരേ ഇപ്പോള്‍ ഒരു കൊലപാതക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല