സ്വന്തം ലേഖകന്‍: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വെടിവെച്ചയാളെ നേരില്‍ കണ്ടു; ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ദൃക്‌സാക്ഷിയായ മലയാളി മരണത്തെ തൊട്ടുമുന്നില്‍ കണ്ട അനുഭവം പറയുന്നു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് സംഭവം നേരില്‍കണ്ട മുവാറ്റുപുഴയ സ്വദേശി ഹസനുസമാന്‍. വെടിവെപ്പു നടക്കുമ്പോള്‍ ഇദ്ദേഹം പള്ളിക്കു മുമ്പിലുണ്ടായിരുന്നു.
വെടിവെച്ചയാള്‍ ഗേറ്റിലൂടെ പള്ളിയിലേക്ക് കയറുമ്പോള്‍ ഗേറ്റിന്റെ തൊട്ടടുത്ത് താനുണ്ടായിരുന്നു. അയാള്‍ തന്നെ കണ്ടില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഹസനുസമാന്‍ പറഞ്ഞത്. മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉച്ചയ്ക്ക് ഒന്നരമണിക്ക് ഞാനും എന്റെ സുഹൃത്തും പള്ളിയിലേക്ക് വരുമ്പോഴാണ് സംഭവം നടന്നത്. ഞാന്‍ പള്ളിയുടെ മുമ്പിലെത്തി. എന്റെ സുഹൃത്തിനെ ഉള്ളിലേക്ക് നിര്‍ത്തി. ആ സമയത്ത് എനിക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. ഞാന്‍ പുറത്ത് നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചശേഷം ഫോണില്‍ വെറുതെ ഇങ്ങനെ നോക്കുമ്പോള്‍ പടക്കം പൊട്ടുന്നതുപോലെ ശബ്ദം കേട്ടു.
തിരിഞ്ഞു നോക്കുമ്പോള്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ഒരാള്‍ തോക്കുമായി പള്ളിയുടെ ഉള്ളിലേക്ക് വെടിവെച്ച് വെടിവെച്ച് കടന്നുപോകുകയാണ്. ഒന്നുരണ്ടുപേര് മരിച്ചുവീഴുന്നത് ഞാനവിടെ നിന്ന് കണ്ടു. അതിനുശേഷം ഞാനവിടെ നിന്ന് ഓടി ഒരുസ്ഥലത്ത് ഒളിച്ചു. പിന്നീടും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു,’ എന്നാണ് ഹസന്‍സമാന്‍ പറയുന്നത്.
തന്റെ സുഹൃത്തും അവിടെ നിന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്റിലെ ഒട്ടുമിക്ക പള്ളികളും അടച്ചിട്ടിരിക്കുകയാണ്. നിരവധി പേരാണ് ആക്രമണം നടന്ന പ്രദേശത്ത് എത്തുന്നത്. അതിനിടെ, തീവ്രവാദി ബ്രണ്ടന്‍ ടെറന്റ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല