സ്വന്തം ലേഖകന്‍: അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും വഴിയേ ന്യൂസിലന്‍ഡും, വിദേശികളായ വിദഗ്ദ്ധ ജോലിക്കാരുടെ ശമ്പളപരിധി ഉയര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി. തൊഴില്‍ രംഗത്ത് ശക്തമായി തുടരുന്ന വിദേശികളായ വിദഗ്ദരുടെ കുടിയേറ്റത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുന്നത്.
നേരത്തേ വിദേശ പ്രൊഫഷണലുകള്‍ക്ക് നല്‍കുന്ന എച്ച് 1 ബി വിസയുടെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ ഓസ്‌ട്രേലിയയും വിദേശികളായ തൊഴിലാളികള്‍ക്കു നല്‍കിയിരുന്ന താല്‍ക്കാലിക തൊഴില്‍ വിസ നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡും കടുത്ത കുടിയേറ്റ നിയന്ത്രണത്തിലേക്കും സ്വദേശിവല്‍ക്കരണത്തിലേക്കും ചുവടു മാറ്റുന്നത്.
തങ്ങളുടെ വ്യവസായ മേഖല വിദേശികളായ വിദഗ്ദ്ധരെ കൊണ്ടു നിറഞ്ഞതായും ഇനിയും അത് തുടരാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ന്യൂസിലന്റ് ഇമിഗ്രേഷന്‍ മന്ത്രി മൈക്കല്‍ വുഡ്ഹൗസ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ നാട്ടുകാരുടെ ക്ഷേമത്തിന് വേണ്ടി പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. കുടിയേറ്റത്തിനെതിരേ ന്യൂസിലന്‍ഡില്‍ പൊതുജന വികാരം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുന്നത്.
ദക്ഷിണ പസഫിക് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ മീഡിയന്‍ ഇന്‍കം 49,000 ന്യൂസിലന്റ് ഡോളറാണ് (34,400 അമേരിക്കന്‍ ഡോളര്‍). ന്യൂസിലന്‍ഡില്‍ ഇനി മുതല്‍ വിദേശ വിദഗ്ദ്ധര്‍ക്ക് ജോലി ചെയ്യാന്‍ ഈ ശമ്പള പരിധി വേണ്ടി വരും. ഉയര്‍ന്ന തസ്തികയിലുള്ള വിദഗ്ദ്ധര്‍ക്ക് മീഡിയന്‍ ഇന്‍കം പരിധിയുടെ 150 ശതമാനം ഉണ്ടായിരിക്കണം. അവിദഗ്ദ്ധ തൊഴിലാളികളാണെങ്കില്‍ ജോലി ചെയ്യാന്‍ മൂന്ന് വര്‍ഷം മാത്രമേ നിയമം അനുവദിക്കുന്നുള്ളു.
ന്യൂസിലന്‍ഡിലെ മൊത്തം ജനസംഖ്യയായ 4.8 ദശലക്ഷത്തിന്റെ 1.5 ശതമാനത്തോളം കുടിയേറ്റക്കാരാണ്. അതേസമയം അഞ്ചു വര്‍ഷം മുമ്പുവരെ ന്യൂസിലന്‍ഡില്‍ രാജ്യം വിട്ടു പോകുന്നവരുടെ എണ്ണം കൂടുതല്‍ ആയിരുന്നതിനാല്‍ കുടിയേറ്റത്തിന്റെ വളര്‍ച്ച സമൂഹത്തെ അത്രയധികം ബാധിച്ചിരുന്നില്ല. സാമ്പത്തിക വളര്‍ച്ചാ നിരക്ക് സ്ഥിരമായി നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതോടെ രാജ്യം വിട്ടു പോയ പല ന്യൂസിലന്‍ഡുകാരും തിരിച്ചു വരാന്‍ തുടങ്ങിയതാണ് കുടിയേറ്റക്കാര്‍ക്ക് പ്രതിസന്ധിയിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല