രണ്ടാഴ്‌ച പ്രായമായ നവജാതശിശുവിനെ ഉപേക്ഷിച്ചു കടന്ന മാതാപിതാക്കള്‍ പോലീസ് പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാര്‍ഡ് മറ്റത്തില്‍ വീട്ടില്‍ ജോബിന്‍(27), ഭാര്യ രമ്യ(21) എന്നിവരാണു മാരാരിക്കുളം പോലീസിന്റെ പിടിയിലായത്. ബിരുദ വിദ്യാര്‍ഥിനിയായ കണിച്ചുകുളങ്ങര കൂറ്റുവേലി സ്വദേശിനി രമ്യ വളവനാട് സ്വദേശിയായ ജോബിനുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. അഞ്ചുമാസം മുമ്പു വീട്ടുകാരുടെ സമ്മതപ്രകാരമാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം നടക്കുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു.
എന്നാല്‍ ബന്ധുക്കളെയോ മറ്റുള്ളവരെയോ ഇത് അറിയിച്ചിരുന്നില്ല. വിവാഹം നടന്ന് അഞ്ചാംമാസം പ്രസവിച്ചാലുണ്ടാകുന്ന മാനക്കേട് ഭയന്നാണ് ഇവര്‍ കുട്ടിയെ ഉപേക്ഷിച്ചതെന്നാണു പറയപ്പെടുന്നു. ഇതിനായി കഴിഞ്ഞ 29നു യുവതി പരിശീലനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുകയും എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ അഡ്‌മിറ്റാകുകയും ചെയ്‌തു.
പ്രണയവിവാഹമായതിനാല്‍ സഹായത്തിനു വീട്ടില്‍ നിന്നാരും വരാത്തതിനാല്‍ മുന്‍കൂട്ടി യുവതിയെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യുന്നതെന്നാണ് ആശുപത്രി അധികൃതരോട് ഇവര്‍ പറഞ്ഞിരുന്നത്. 13ന് യുവതി സിസേറിയനിലൂടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ആശുപത്രിയില്‍നിന്നു 18ന് ഡിസ്‌ചാര്‍ജ് ചെയ്‌ത യുവതിയെ യുവാവ് ആലപ്പുഴയിലേക്കു കാര്‍ മാര്‍ഗം കൊണ്ടുവന്നു. ബൈക്കില്‍ കാറിനെ പിന്തുടര്‍ന്ന യുവാവ് ചേര്‍ത്തല 11-ാം മൈലിനു സമീപമെത്തിയപ്പോള്‍ കാര്‍ നിര്‍ത്തിക്കുകയും തങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുവരുമെന്നു പറഞ്ഞു ഡ്രൈവറെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.
ഇവിടെയിറങ്ങിയ യുവാവ് സമീപത്തെ പുന്നയ്‌ക്കല്‍ കുര്യാക്കോസിന്റെ വീട്ടില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നു യുവാവും യുവതിയും വീട്ടിലേക്കു പോയി. ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍നിന്നു കുട്ടിയുടെ അച്‌ഛന്റേയും അമ്മയുടെയും പേരു മനസിലാക്കിയ പോലീസ് ഇവരെ ഇന്നലെ മാരാരിക്കുളം സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സി.ഐ: കെ.ആര്‍. മനോജ്, എ.എസ്.ഐമാരായ ബി. ഹരിദാസ്, രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. യുവതിയെ ഇന്നലെ വൈകി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന്‍ ഇരുവരും സന്നദ്ധത അറിയിച്ചു. വലിയ വീടായതിനാല്‍ കുട്ടിയെ സംരക്ഷിക്കുമെന്നു തോന്നിയതിനാലാണു പുന്നയ്‌ക്കല്‍ കുര്യാക്കോസിന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചതെന്നു യുവതി പോലീസിനു മൊഴി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല