സ്വന്തം ലേഖകൻ: മൂന്ന് പതിറ്റാണ്ടിലേറെ അനാഥമായി കിടന്ന ലോകത്തെ ഏറ്റവും വലിയ കാറിന് പുതുജന്മം. ദ അമേരിക്കന്‍ ഡ്രീം എന്നു പേരുള്ള പടുകൂറ്റന്‍ കാറിന് 30.54 മീറ്ററാണ് (100 അടി 1.50 ഇഞ്ച്) നീളം. 1986ലായിരുന്നു ലോകത്തിലെ ഏറ്റവും നീളമേറിയ കാര്‍ എന്ന ഗിന്നസ് റെക്കോർഡ് അമേരിക്കന്‍ ഡ്രീം സ്വന്തമാക്കിയത്.
ലോകപ്രസിദ്ധ കാര്‍ കസ്റ്റമൈയ്‌റായ ജേ ഓര്‍ബെര്‍ഗാണ് 1986ല്‍ കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ ദ അമേരിക്കന്‍ ഡ്രീമിന്റെ ആദ്യ രൂപം നിര്‍മിക്കുന്നത്. അപ്പോള്‍ 60 അടി നീളവും 26 ചക്രങ്ങളും മുന്നിലും പിന്നിലുമായി രണ്ട് വി8 എൻജിനുകളുമായിരുന്നു അമേരിക്കന്‍ ഡ്രീമിന് ഉണ്ടായിരുന്നത്. പിന്നീട് ഓര്‍ബെര്‍ഗ് തന്നെ ഈ കാറിന്റെ നീളം പിന്നെയും കൂട്ടിയാണ് 100 അടിയിലെത്തിച്ചത്.
സാധാരണ കാറുകളുടെ നീളം 12 മുതല്‍ 16 അടി വരെയുള്ളപ്പോഴാണ് അമേരിക്കന്‍ ഡ്രീം 100 അടി നീളത്തില്‍ പുറത്തിറങ്ങിയത്. 1976 മോഡല്‍ കാഡിലാക്ക് എല്‍ഡൊറാഡോ ലിമോസീന് മുകളിലാണ് ഈ നൂറടി നീളമുള്ള കാര്‍ കെട്ടിപടുത്തത്. ഈ ലോകറെക്കോർഡ് കാറിനെ ഇരുഭാഗങ്ങളില്‍ നിന്നും ഓടിക്കാന്‍ കഴിയുമായിരുന്നു. രണ്ട് ഭാഗങ്ങളായി നിര്‍മിച്ച ശേഷം കൂട്ടിയോജിപ്പിക്കുന്ന നിര്‍മാണ രീതിയാണ് ഓര്‍ബെര്‍ഗ് ഈ കാറിനായി സ്വീകരിച്ചത്. മറ്റൊരു കാറിലും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത വിശാലമായ സൗകര്യങ്ങള്‍ അമേരിക്കന്‍ ഡ്രീമിലുണ്ടായിരുന്നു.
ബെഡ് റൂമുകള്‍, വലിയ വാട്ടര്‍ബെഡ്, നിരവധി ടിവികളും റെഫ്രിജറേറ്ററുകളും, ഡൈവിങ് ബോര്‍ഡ് അടക്കമുള്ള സ്വിമ്മിങ് പൂള്‍, ബാത്ത് ടബ്, മിനി ഗോള്‍ കോഴ്‌സ്, ഹെലിപാഡ് എന്നീ സൗകര്യങ്ങളുമായി 75 പേരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നു ഈ കാറിന്! ഹെലിപാഡിന് 2,200 കിലോഗ്രാം ഭാരം വരെ താങ്ങാന്‍ ശേഷിയുണ്ട്.
1986ല്‍ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്നതോടെയാണ് ദ അമേരിക്കന്‍ ഡ്രീം പെട്ടെന്ന് പ്രസിദ്ധമാകുന്നത്. നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ വാഹനങ്ങളിലൊന്നായ അമേരിക്കന്‍ ഡ്രീം നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ വര്‍ഷം കഴിയും തോറും ഇതിന്റെ പകിട്ട് കുറഞ്ഞുവരികയും അറ്റകുറ്റപണികള്‍ക്കുള്ള ചിലവുകളും മറ്റും കൂടി വരികയും ചെയ്തു. ഇതോടെ പ്രൗഢി നഷ്ടപ്പെട്ട് വെള്ളാനയായി മാറിയ അമേരിക്കന്‍ ഡ്രീം നീണ്ടകാലം കട്ടപ്പുറത്താവുകയായിരുന്നു.
ഓട്ടോസിയം എന്ന സാങ്കേതിക മ്യൂസിയത്തിന്റെ ഉടമയായ മൈക്കല്‍ മാനിങ് തുടങ്ങിവെച്ച അമേരിക്കന്‍ ഡ്രീമിന്റെ പുനര്‍നിര്‍മാണം ഡെസെര്‍ലാന്റ് പാര്‍ക്ക് കാര്‍ മ്യൂസിയം ഉടമ മൈക്കല്‍ ഡെസെറാണ് പൂര്‍ത്തിയാക്കുന്നത്. ഇ ബേയില്‍ വില്‍പനക്ക് വെച്ച കട്ടപ്പുറത്തായ അമേരിക്കന്‍ ഡ്രീമിന്റെ പരസ്യം കണ്ടാണ് മാനിങ് ഇത് വാങ്ങാനുള്ള ശ്രമം ആരംഭിക്കുന്നത്. അമേരിക്കന്‍ ഡ്രീമിന്റെ ഉടമസ്ഥരായ കമ്പനിയുമായി ചേര്‍ന്ന് ഒരു പുനര്‍നിര്‍മാണ കരാറുണ്ടാക്കുകയാണ് മാനിങ് ചെയ്തത്. സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് അമേരിക്കന്‍ ഡ്രീം പുനര്‍നിര്‍മിക്കാനായിരുന്നു മാനിങിന്റെ പദ്ധതി. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തികം ഇതിന് വേണ്ടി വരുന്നതിനാല്‍ അമേരിക്കന്‍ ഡ്രീം വീണ്ടും കട്ടപ്പുറത്തായി. ഏതാണ്ട് എട്ടു വര്‍ഷത്തോളം മാനിങിന്റെ മ്യൂസിയത്തിന്റെ പുറകുവശത്ത് അമേരിക്കന്‍ ഡ്രീം വീണ്ടും തുരുമ്പു വണ്ടിയായി കിടന്നു.
ഓട്ടോസിയത്തിന്റെ വാടക കാലാവധി കഴിഞ്ഞതോടെയാണ് അമേരിക്കന്‍ ഡ്രീമിനെ അവിടെ നിന്നും മാറ്റണമെന്ന നില വന്നു. ഇതോടെ വീണ്ടും ഇ ബേയില്‍ അമേരിക്കന്‍ ഡ്രീമിനെ വില്‍പനക്ക് വെക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ പരസ്യം കണ്ടാണ് 2019ല്‍ മൈക്കല്‍ ഡെസര്‍ മാനിങിനെ സമീപിക്കുന്നത്. അമേരിക്കന്‍ ഡ്രീമിനെ വാങ്ങിയ ഡെസര്‍ ഇത് ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ എത്തിച്ചാണ് പുനര്‍നിര്‍മാണം നടത്തിയത്. രണ്ടാക്കി വേര്‍പെടുത്തി ട്രെയ്‌ലറുകളില്‍ കയറ്റിയാണ് ന്യൂയോര്‍ക്കില്‍ നിന്നു അമേരിക്കന്‍ ഡ്രീമിനെ ഓര്‍ലാന്റോയിലെത്തിച്ചത്. ഈയൊരു ചരക്കു നീക്കത്തിന് മാത്രം 2.50 ലക്ഷം ഡോളര്‍ ഇവര്‍ക്ക് ചിലവായി. പിന്നീടുള്ള പുനര്‍നിര്‍മാണം ആകെ മൂന്നു വര്‍ഷത്തോളം നീളുകയും ചെയ്തു.
പതിറ്റാണ്ടുകള്‍ കട്ടപ്പുറത്തായിരുന്ന അമേരിക്കന്‍ ഡ്രീമിന്റെ ഉള്‍ഭാഗവും പുറം ഭാഗവും ഏതാണ്ട് പൂര്‍ണമായി തന്നെ പുതുക്കി പണിയേണ്ടി വന്നു. ഒടുവിലായി പുത്തന്‍ ടയറുകളും പെയിന്റും കൂടി ലഭിച്ചതോടെ അമേരിക്കന്‍ ഡ്രീമിന്റെ രണ്ടാം വരവ് ഗംഭീരമായി. 2022 മാര്‍ച്ച് ഒന്നിനാണ് അമേരിക്കന്‍ ഡ്രീമിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല