വിവേക് നായര്‍
ഏകദേശം രണ്ടു വര്‍ഷം മുന്‍പ് കാഡിഫില്‍ നിന്നുള്ള ബിജുവിനുണ്ടായ അനുഭവം വിവരിച്ചുകൊണ്ട് തുടങ്ങാം.ബ്രിസ്റ്റോളില്‍ ഉള്ള പേ റോള്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു ബിജു.എല്ലാ മാസവും (ചില പേര്‍ക്ക് ആഴ്ചയിലും)അന്‍പതിലധികം കമ്പനികളുടെ ശമ്പളം ബിജുവായിരുന്നു പ്രോസസ് ചെയ്തിരുന്നത്.പേ റോള്‍ പ്രോസസ് ചെയ്ത് ബാങ്കിലേക്ക് അയച്ചു കൊടുക്കുന്നതും ബിജുവായിരുന്നു.ആ ലിസ്റ്റ് അനുസരിച്ചാണ് പേമെന്റ് നടന്നിരുന്നത്.
കമ്പനികളുടെ കൂട്ടത്തില്‍ ബ്രിസ്റ്റോളില്‍ നിന്നുള്ള ഏഴോളം നഴ്സിംഗ് ഹോമുകള്‍ ഉള്ള ഒരു ഇന്ത്യന്‍ ഗ്രൂപ്പും ഉണ്ടായിരുന്നു.ഇതില്‍ ഒരു നഴ്സിംഗ് ഹോമിലെ ഒരു നഴ്സിനെ ഒരു മാസം മുന്‍പ് അച്ചടക്ക നടപടിയെടുത്ത് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.പതിവുപോലെ പേ റോള്‍ പ്രോസസ് ചെയ്ത് ശമ്പളം കണക്കാക്കിയപ്പോള്‍ പിരിഞ്ഞു പോയ സ്റ്റാഫിനെ ഒഴിവാക്കാന്‍ ബിജു വിട്ടു പോയി.അതേ പേരില്‍ മറ്റൊരു സ്റ്റാഫും ഹോമില്‍ ഉണ്ടായിരുന്നതാണ് കണ്ഫ്യൂഷന്‍ ഉണ്ടാക്കിയത്.
ചുരുക്കത്തില്‍ പറഞ്ഞാല്‍ പിരിഞ്ഞുപോയ സ്റ്റാഫിനും ബിജു ശമ്പളം നല്‍കി.1200 പൌണ്ടോളം ഉടക്കി പോയ സ്റ്റാഫിന്റെ അക്കൌണ്ടില്‍ വീണു.അബദ്ധം മനസിലാക്കി ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തി.പണം കിട്ടിയ വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടപോള്‍ നമ്പര്‍ മാറ്റിയതായി മനസിലായി.മുന്‍പ് സ്റ്റാഫ് അക്കോമഡേഷനില്‍ താമസിച്ചിരുന്ന ആ സ്റ്റാഫിന്റെ പുതിയ വിലാസവും ആര്‍ക്കും അറിയില്ലായിരുന്നു.ഇത് സംബന്ധിച്ച് ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമപ്രകാരം അഡ്രസ് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.കോടതി വഴി പോയാല്‍ ഉണ്ടാകാവുന്ന നൂലാമാലകള്‍ അറിയുന്നവര്‍ പണം ഉപേക്ഷിക്കുന്നതാണ് ബുദ്ധിയെന്ന് ഉപേക്ഷിച്ചു.പണം ബിജു കൈയ്യില്‍ നിന്നും കൊടുക്കേണ്ടി വന്നു.ഫലം ഒരു മാസത്തെ ശമ്പളം ഗോപി…..
വ്യക്തികളുടെ സ്വകാര്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും എന്തുമാത്രം പ്രാധാന്യം നല്‍കുന്ന രാജ്യമാണ് യു കെ എന്നു വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്..ഒരാളുടെ സമ്മതം ഇല്ലാതെ അയാളുടെ ഫോണ്‍ നമ്പര്‍ പോലും മറ്റൊരാള്‍ക്ക് കൈമാറാന്‍ നമുക്ക് അവകാശമില്ല.ഇനി അഥവാ സമ്മതത്തോട് കൂടി വിവരങ്ങള്‍ കൈമാറണമെങ്കില്‍ കൂടി ഇന്‍ഫോര്‍മേഷന്‍ കമ്മീഷണറുടെ പക്കല്‍ നിശ്ചിത തുക പ്രതി വര്‍ഷം ഫീസ് അടച്ചു വേണം ചെയ്യാന്‍.ഈ നിയമങ്ങള്‍ ലന്ഘിച്ചു വ്യക്തികളുടെ സ്വകാര്യതയില്‍ കൈകടത്തിയതിന്റെ പേരില്‍ യുകെയിലെ ഒരു മാധ്യമത്തിന് പൂട്ട് വീഴുകയാണ്.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് 200 വര്‍ഷത്തെ പാരമ്പര്യമുള്ള ന്യൂസ് ഓഫ് ദി വേള്‍ഡ് എന്ന പത്രം അടച്ചു പൂട്ടാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ ചൂടുള്ള വാര്‍ത്ത.മറ്റുള്ളവരുടെ അരമന രഹസ്യങ്ങള്‍ മണത്തറിയാന്‍ എത്ര നീചമായ മാര്‍ഗവും ഇവര്‍ സ്വീകരിച്ചുവെന്ന കണ്ടെത്തലാണ് പത്രത്തിന്‍റെ പൂട്ടലിലേക്ക് നയിച്ചിരിക്കുന്നത്.രാഷ്ട്രിയക്കാര്‍,അഫ്ഗാന്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ ബന്ധുക്കള്‍,ലണ്ടന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ തുടങ്ങി ഫോണ്‍ ചോര്‍ത്തലിന് ഇരയായവരുടെ ലിസ്റ്റ് നീളുന്നു.ടൈംസ്,സണ്‍ എന്നീ പത്രങ്ങളുടെയും സ്കൈ,ഇന്ത്യയിലെ സ്റ്റാര്‍,ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളുടെയും ഉടമസ്ഥനായ മാധ്യമ രാജാവ് മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള പത്രമാണ് ന്യൂസ് ഓഫ് ദി വേള്‍ഡ്.
പോലീസ് അന്വേഷണത്തില്‍ കള്ളി വെളിച്ചത്തായതോടെ വന്‍ ജനരോക്ഷമാണ് പത്രത്തിനെതിരെ ഉണ്ടായത്.പത്രം ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന അനവധി ഇന്റെര്‍നെറ്റ് കമ്യൂണിറ്റികള്‍ രൂപം കൊണ്ടിരുന്നു.ഇതിനു പുറമേ O2 അടക്കമുള്ള യു കെയിലെ ഒരു പറ്റം വന്‍കിട ബിസിനസുകാര്‍ തങ്ങളുടെ പരസ്യം വിവാദപത്രത്തില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.അപകടം മനസിലാക്കിയ ഉടമകള്‍ വരുന്ന ഞായറാഴ്ച ഇറങ്ങുന്നത് പത്രത്തിന്‍റെ അവസാന പതിപ്പ് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.പത്രം പൂട്ടുന്നതോടെ ഇരുന്നൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ട്ടപ്പെടുമെന്നാണ് കരുതുന്നത്.അതെ സമയം ഈ നീക്കം വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മര്‍ഡോക്കിന്‍റെ തന്ത്രമായാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
യു കെയിലെ മലയാള മാധ്യമരംഗത്തും അന്യന്റെ സ്വകാര്യതയില്‍ കൈ കടത്തുന്ന രീതി വ്യാപകമാവുകയാണ്.വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.അന്യന്‍റെ അരമന രഹസ്യം മണത്തറിയാനും അത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രസിദ്ധീകരിക്കാനും ചില മലയാള മാധ്യമങ്ങള്‍ എങ്കിലും ത്വര കാണിക്കുന്നു.ബ്രിട്ടനിലെ നിയമങ്ങളെക്കുറിച്ചും ഇവിടെ പൌരന്‍റെ സ്വകാര്യതയ്ക്ക് നല്‍കുന്ന സംരക്ഷണത്തെക്കുറിച്ചും ശരിയായ അവബോധമില്ലാതെ(ഇല്ലെന്നു നടിക്കുന്ന ) മലയാളികളെ നാണം കെടുത്തുന്ന വാര്‍ത്തകളുമായി പേജുകള്‍ നിറയ്ക്കുന്നവര്‍ക്ക് ന്യൂസ് ഓഫ് ദി വേള്‍ഡ് പൂട്ടലിന്റെ കഥ പാഠമാകുമെന്ന് നമുക്ക് കരുതാം.ഒപ്പം ഇത്തരക്കാരെ കണ്ണുമടച്ച് സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഇതൊരു താക്കീതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല