സ്വന്തം ലേഖകന്‍: ‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍. കഴിഞ്ഞ മാസമാണ് പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍ക്ക് വലതു കാല്‍പ്പാദത്തിന് പരിക്കേറ്റത്. ജനുവരി 23ന് ഫ്രഞ്ച് കപ്പില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിലായിരുന്നു ഈ പരിക്ക്. എന്നാല്‍ ഇത് ബ്രസീല്‍ താരത്തെ ശാരീരികമായി മാത്രമല്ല, മാനസികമായും തളര്‍ത്തി.
ആ പരിക്കിന് ശേഷം നെയ്മര്‍ രണ്ട് ദിവസത്തോളമാണ് വീട്ടിലിരുന്ന് കരഞ്ഞത്. ബ്രസീല്‍ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിക്ക് ഭേദപ്പെട്ടുവരികയാണ്. ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഫുട്‌ബോളിലേക്ക് തിരിച്ചുവരാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഞാന്‍. പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ പത്ത് ആഴ്ച്ചയോളം എടുക്കും. നെയ്മര്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷവും നെയ്മര്‍ക്ക് ഇതേ പരിക്ക് സംഭവിച്ചിരുന്നു. അന്ന് ശസ്ത്രക്രിയയ്ക്കുശേഷം മൂന്നുമാസം കഴിഞ്ഞ് ലോകകപ്പിന് തൊട്ടുമുമ്പാണ് സുഖം പ്രാപിച്ചത്. അന്നത്തെ സംഭവത്തേക്കാള്‍ ഇപ്പോഴത്തെ പരിക്ക് തന്നെ കൂടുതല്‍ വേദനിപ്പിക്കുന്നുവെന്ന് നെയ്മര്‍ പറയുന്നു. ഏപ്രിലില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നെയ്മര്‍ക്ക് കളത്തിലിറങ്ങാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല