1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2012

എഡിറ്റോറിയല്‍

നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ശെല്‍വരാജ് തന്നെ ജയിച്ചു. കാലുമാറല്‍ രാഷ്ട്രീയത്തിന്റെ ധാര്‍മ്മികതയും മറ്റും കാറ്റില്‍ പറന്ന ഈ തെരഞ്ഞെടുപ്പില്‍ മുഴച്ചുനിന്നത് ഒഞ്ചിയത്തെ ടിപി വധവും അത് സിപിഎമ്മിലുണ്ടാക്കിയ കനത്ത വിഭാഗീയതയുമാണ്. ശക്തമായ ത്രികോണ മത്സരം നടന്ന നെയ്യാറ്റിന്‍കരയിലെ തെരഞ്ഞടുപ്പ് ഫലം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും സിപിഎമ്മിനെ തന്നെയാണ്. ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് നെയ്യാറ്റിന്‍കരയെ നയിച്ച ശെല്‍വരാജ് അതിന് കാരണമായി ചൂണ്ടിക്കാട്ടിയത് മുഴുവന്‍ ശരിയായിരുന്നുവെന്ന് തെളിക്കുന്നതായിരുന്നു ഒഞ്ചിയം മുതല്‍ ഇങ്ങോട്ട് കേരള രാഷ്ട്രീയത്തില്‍ സംഭവിച്ച ഓരോ കാര്യങ്ങളും.

ആറായിരത്തി മുന്നൂറ്റി മുപ്പത്തിനാല് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് ജയിച്ച് കയറിയത്. ആകെ പോള്‍ ചെയ്ത ഒരുലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുനൂറ്റി പതിനൊന്ന് വോട്ടുകളില്‍ അന്‍പത്തിരണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിയെട്ട് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്‍ സെല്‍വരാജ് നേടിയപ്പോള്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ എഫ്. ലോറന്‍സിന് നാല്‍പത്തി ആറായിരത്തി നൂറ്റി തൊണ്ണൂറ്റിനാല് വോട്ടുകളെ നേടാനായുളളു. എന്നാല്‍ ഇരുമുന്നണികളേയും അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയത് ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലാണ്. മുപ്പതിനായിരത്തി അഞ്ഞൂറ്റി ഏഴ് വോട്ടുകളാണ് രാജഗോപാല്‍ നേടിയത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെറും ആറായിരത്തി എഴുനൂറ്റി മുപ്പത് വോട്ടുകള്‍ നേടിയ ഒരു പാര്‍ട്ടിയാണ് ഒരു വര്‍ഷത്തിനിപ്പുറം മുപ്പതിനായിരത്തില്‍ പരം വോട്ടുകളുമായി മൂന്നാംസ്ഥാനത്തെത്തിയതെന്ന് വിശ്വസിക്കാനാകുന്നില്ല. രാജഗോപാലിന്റെ വ്യക്തിപ്രഭാവം വോട്ട് നേടാന്‍ ഒരു പ്രധാനകാരണമാണങ്കിലും ഇത്രയേറെ വോട്ട് നേടാന്‍ കാരണം സിപിഎമ്മിന്റെ വോട്ട് ബാങ്കുലുണ്ടായ ചോര്‍ച്ചയാണ്. ശരിക്കുപറഞ്ഞാല്‍ സിപിഎമ്മലെ വിഭാഗിയതയുടെ ബാക്കിപത്രമാണ് ബിജെപിയുടെ പെട്ടിയില്‍ വീണ വോട്ട്. ഇരുമുന്നണികളിലേയും വോട്ട് ചോര്‍ച്ച ബിജെപിക്ക് ഗുണം ചെയ്തു. ആഞ്ചാം മന്ത്രിസ്ഥാനം എന്ന വിഷയത്തിലൂന്നിയാണ് ബിജെപി മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്. കേരളം ചര്‍ച്ചചെയ്തുകൊണ്ടിരുന്ന കൊലപാതക രാഷ്ട്രീയം എന്ന വിഷയത്തെ ബോധപൂര്‍വ്വം ബിജെപി തമസ്‌കരിച്ചത് സിപിഎമ്മുമായി ഉണ്ടാക്കിയ രഹസ്യധാരണ അനുസരിച്ചായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. അഞ്ചാം മന്ത്രി വിവാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാമെന്നും ബിജെപി കരുതിയിരുന്നു.

എന്നാല്‍ ഒരു നായര്‍ സ്ഥാനാര്‍ത്ഥി ജയിക്കുമോ എന്ന ഭയം മൂലം മറ്റ് സമുദായങ്ങള്‍ യൂഡിഎഫിന് വോട്ട് ചെയ്തതാണ് പരാജയത്തിന് കാരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നത്. ഇരുമുന്നണികളിലേയും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും രാജഗോപാലിന്റെ വ്യക്തത്വവും ഇത്തവണയെങ്കിലും നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്ന് ബിജെപി വിശ്വസിച്ചിരുന്നുവെന്നതാണ് സത്യം. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി, അതിയന്നൂര്‍ പഞ്ചായത്ത് എന്നിനിടങ്ങളിലാണ് ബിജെപി ഏറെ നേട്ടമുണ്ടാക്കിയത്.

നിനച്ചിരിക്കാത്ത നേരത്ത് ടിപിവധത്തിന്റെ രൂപത്തില്‍ വന്ന കൊടുങ്കാറ്റ് സിപിഎമ്മിന്റെ എല്ലാ പ്രതീക്ഷകളേയും ഹനിക്കുന്നതായിരുന്നു

എന്നാല്‍ സിപിഎമ്മില്‍ ശെല്‍വരാജ് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. ശെല്‍വരാജ് രാജിവെയ്ക്കുമ്പോള്‍ അതിനെ അത്രകണ്ട് സിപിഎം കാര്യമായി എടുത്തില്ലന്ന് വേണം പറയാന്‍. രണ്ട് വട്ടം എംഎല്‍എയായ ശെല്‍വരാജിനെ കേരളമറിയുന്നത് തന്നെ ആ രാജിയോടെയാണ്. കാലുമാറിയ ഒരാളെ ഉപതെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിക്കാന്‍ സിപിഎമ്മിനെ പോലൊരു പാര്‍ട്ടിക്ക് അത്ര അധ്വാനമൊന്നും വേണ്ടന്നായിരുന്നു പാര്‍ട്ടിനേതാക്കളുടെ ധാരണ. എം. കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഉദാഹരണം പാര്‍്ട്ടിക്ക് മുന്നിലുണ്ടായിരുന്നു താനും. ഇടതുപാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് എംഎല്‍എയായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ പിന്നീട് രാജിവെച്ച് എതിര്‍പാളയത്തിലെത്തി മത്സരിക്കുകയായിരുന്നു. പ്രമാണിയായിരുന്ന നമ്പ്യാരെ ഉദുമ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മുട്ടുകുത്തിച്ചു. യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണന്ന പ്രസ്താവന നടത്തിയ ശെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിലെ ധാര്‍മ്മികത ചോദ്യം ചെയ്ത് സിപിഎം പ്രചാരണത്തില്‍ മേല്‍ക്കൈ നേടുകയും ചെയ്തു. എന്നാല്‍ നിനച്ചിരിക്കാത്ത നേരത്ത് ടിപിവധത്തിന്റെ രൂപത്തില്‍ വന്ന കൊടുങ്കാറ്റ് സിപിഎമ്മിന്റെ എല്ലാ പ്രതീക്ഷകളേയും ഹനിക്കുന്നതായിരുന്നു.

ആശയ വ്യത്യാസത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് പുറത്തുപോകുന്നവരുടെ ഭാവി എന്താണന്ന് ടിപിവധം വ്യക്്തമാക്കുന്നുവെന്ന തരത്തിലുളള പ്രചാരണം സിപിഎമ്മിനെ പ്രതികൂട്ടിലാക്കി. താനും വിഭാഗിയതയുടെ ഇരയാണന്ന മട്ടിലുളള ശെല്‍വരാജിന്റെ പ്രസ്താവനകള്‍ കൂടുതല്‍ ശരിവെക്കുന്നതായി പിന്നീടുളള രാഷ്ട്രീയ നീ്ക്കങ്ങള്‍. കുലംകുത്തിയും വിഎസിന്റെ വിഭാഗീയ പ്രശ്‌നങ്ങളും ശെല്‍വരാജിന് അനുകൂലമായ ഒരു തരംഗം സൃഷ്ടിച്ചു. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ആഘോഷമാക്കിയ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ കുപ്രസിദ്ധ പ്രസംഗം സിപിഎമ്മിന് ശേഷിച്ചിരുന്ന അവസരം കൂടി ഇല്ലാതാക്കിയെന്ന് വേണം കരുതാന്‍. വോട്ടെടുപ്പ് ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ ഒഞ്ചിയം സന്ദര്‍ശനം സിപിഎമ്മിന്റെ ഉറച്ച വോട്ടര്‍മാരില്‍ പോലും കണ്‍ഫ്യൂഷനുണ്ടാക്കുകയും ചെയ്തു.

ഫലമോ കനത്ത പോളിങ്ങ് നടന്ന നെയ്യാറ്റിന്‍കരയില്‍ ഇടതുമുന്നണിയുടെ വോട്ട് ബാങ്കില്‍ കനത്ത ചോര്‍ച്ചയുണ്ടായി. 21,161 വോ്ട്ടുകളാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ അധികമായി പോള്‍ ചെയ്തത്. പോളിങ്ങ് ശതമാനം വര്‍ദ്ധിച്ചിട്ടും 8,517 വോട്ടുകളുടെ ചോര്‍ച്ചയാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്. 1,10,950 വോട്ടുകള്‍ പോള്‍ ചെയ്ത കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കിട്ടിയ വോട്ടുകളുടെ എണ്ണം 54,711 ആയിരുന്നു. എന്നാല്‍ പോളിങ്ങ് ശതമാനം കൂടിയിട്ടും എല്‍ഡിഎഫിന് കിട്ടിയത് വെറും 46,194 വോട്ടുകള്‍. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി യുഡിഎഫിന് 4519 വോട്ടുകള്‍ അധികം നേടിയിട്ടുണ്ട്.

മൊത്തത്തില്‍ ഗുണമുണ്ടായത് യുഡിഎഫിനാണ്. നിയമസഭയിലെ യൂഡിഎഫിന്റെ അംഗബലം 73 ആയി ഉയരാന്‍ ഇത് കാരണമായി. നിരവധി ധാര്‍മ്മിക പ്രശ്‌നങ്ങളുടെ നടുവിലാണ് യുഡിഎഫ് ശെല്‍വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇടതുമുന്നണിയില്‍ നിന്ന് രാജിവെച്ച ഒരാളെ അതും രണ്ട് വട്ടം പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലെ ധാര്‍മ്മികത പാര്‍ട്ടിക്കുളളില്‍ ചോദ്യം ചെയ്യപ്പെട്ടു. പാര്‍ട്ടി്ക്ക് മത്സരിപ്പി്ക്കാന്‍ യോഗ്യരായ നിരവധി നേതാക്കളുളളപ്പോള്‍ സെല്‍വരാജിനെ പോലൊരാളെ മത്സരിപ്പിക്കുന്നത് പരാജയം ചോദിച്ച് വാങ്ങുന്നതിന് തുല്യമാണന്നായിരുന്നു ഭൂരിഭാഗത്തിന്റേയും അഭിപ്രായം. കോടികള്‍ കൈപ്പറ്റിയിട്ടാണ് ശെല്‍വരാജ് കാലുമാറിയതെന്നും ഉമ്മന്‍ചാണ്ടിയുടേയും പിസി ജോര്‍ജ്ജിന്റേയും രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണിതെന്നും ആരോപണമുണ്ടായി.

രാജിവെച്ച് ദിവസങ്ങള്‍ക്കുളളില്‍ ശെല്‍വരാജ് സമ്പന്നനായതെങ്ങനെയെന്നും ആരും അന്വേഷിച്ചില്ല

അരോപണത്തിലെ സത്യം ചികഞ്ഞ് പോകും മുന്നേ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഒരു കൊലപാതകമുണ്ടാവുകയും അവര്‍ അതിന് പിന്നാലെ പോവുകയും ചെയ്തു. വോട്ടര്‍മാര്‍ക്ക് തമിഴ് നാട്ടിലെ പോലെ കാശ് നല്‍കി വോട്ട് വാങ്ങുന്ന വിഷ്വലുകള്‍ ഒരു സ്വകാര്യചാനല്‍ സംപ്രേക്ഷണം ചെയ്‌തെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്ത തമസ്‌കരിച്ചു. രാജിവെച്ച് ദിവസങ്ങള്‍ക്കുളളില്‍ ശെല്‍വരാജ് സമ്പന്നനായതെങ്ങനെയെന്നും ആരും അന്വേഷിച്ചില്ല.

ജനാധിപത്യ രാഷ്ട്രീയത്തില്‍ ഭൂരിപക്ഷ അഭിപ്രായം മാനിക്കപ്പെടേണ്ടതു തന്നെയാണ്. അതിനാല്‍ തന്നെ ശെല്‍വരാജിന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരേയുളള തിരച്ചടിയെന്ന് ജനാധിപത്യ വാദികള്‍ വാദിക്കുമ്പോള്‍ തന്നെയും കോഴ കൊടുത്ത് വോട്ട് വാങ്ങി സ്വന്തം നാടിന്റെ ഭാവിയെ സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്‍ക്ക് അടിയറ വെയ്്ക്കുന്നതിലെ അപകടം കാണാതിരുന്നുകൂടാ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.