സ്വന്തം ലേഖകന്‍: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന എന്‍ജികെ. സെല്വരാഘന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയും രാകുല്‍ പ്രീത്തുമാണ് നായികമാര്‍. മലയാളത്തിലും തമിഴിലും ഒരുപോലെ ജനപ്രീയയാണ് സായി പല്ലവി. മലയാളത്തില്‍ അഭിനയിച്ചട്ടില്ലെങ്കിലും കേരളത്തിലും സൂര്യയ്ക്ക് ഒരുപാട് ആരാധകരുണ്ട്. മലയാളികളുടെ പ്രിയതാരങ്ങളായ രണ്ടു പേരും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകയും എന്ജികെയ്ക്കുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സായി പല്ലവി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സായി മനസ് തുറന്നത്. ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെ തുടര്‍ന്ന് താന്‍ പൊട്ടിക്കരഞ്ഞതായും സായി പല്ലവി പറഞ്ഞു. ഇതേതുടര്‍ന്ന് ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുക വരെ ചെയ്യേണ്ടി വന്നു. സംഭവത്തെ കുറിച്ച് സായി പല്ലവി പറയുന്നത് ഇങ്ങനെ,
‘ഒരു സീന്‍ ചിത്രീകരിക്കുകയായിരുന്നു. എന്റെ അഭിനയം സെല്വരാഘവന് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. ഞാന്‍ വീട്ടില്‍ ചെന്ന് അമ്മയോട് പറഞ്ഞു, ഞാന്‍ മെഡിസിനിലേക്ക് തിരികെ പോകുവാണ്. ഞാന്‍ നല്ല നടിയല്ല. ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. ഭാഗ്യത്തിന് അടുത്ത ദിവസം എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടമായി’.
ഇത്രയും സമ്മര്‍ദ്ദത്തില്‍ നിന്നും താന്‍ പുറത്ത് വന്നതിന് പിന്നിലെ കാരണവും സായി വ്യക്തമാക്കി. അനവധി ടേക്കുകള്‍ എടുക്കേണ്ടി വന്നതിനെ കുറിച്ചുള്ള സൂര്യയുടെ അനുഭവം കേട്ടതോടെയായിരുന്നു സായി പല്ലവിയ്ക്ക് ആശ്വാസമായത്.
‘സൂര്യയെ കുറിച്ച് റീടേക്കുകളെ കുറിച്ച് ചോദിച്ചു. തന്റെ പ്രകടനവും സെല്വരാഘവന് ഇഷ്ടപ്പെട്ടില്ലെന്നും റീടേക്കുകള്‍ എടുക്കേണ്ടി വന്നെന്നും സൂര്യയും പറഞ്ഞു. സൂര്യ പറഞ്ഞത് കേട്ടതോടെയാണ് എനിക്ക് അല്‍പ്പം ആശ്വസമായി’ സായി പല്ലവി പറഞ്ഞു. പ്രേമത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണെങ്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സായി പല്ലവി പറഞ്ഞു. അതേസമയം, തന്നെ വിളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അല്‍ഫോണ്‍സ് പുത്രന് കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. പക്ഷെ, എന്നെ വിളിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ എനിക്ക് അവസരം തന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും’ താരം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല