1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2023

സ്വന്തം ലേഖകൻ: ഒട്ടേറെ കൊടുംവളവുകളും കയറ്റങ്ങളുമുള്ള മൂന്നാർ റൂട്ട് ഒഴിവാക്കി കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് നിർമിക്കുന്ന പുത്തൻ ദേശീയപാതയുടെ അലൈൻമെൻ്റ് ദേശീയപാത അതോരിറ്റി ഉടൻ പുറത്തുവിട്ടേക്കും. ഏകദേശം 151 കിലോമീറ്ററിൽ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലെ തേനി വരെ ആറുവരി ഗതാഗതം സാധ്യമാക്കാനാണ് ദേശീയപാത അതോരിറ്റിയുടെ പദ്ധതി. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭാഗമാണ് പുതിയ നിർമാണം.

എറണാകുളം ജില്ലയിൽ കുണ്ടന്നൂർ ജംഗ്ഷൻ്റെ തെക്കുഭാഗത്തു നിർമിക്കുന്ന ഫ്ലൈഓവർ വഴിയായിരിക്കും പുതിയ ദേശീയപാത ആരംഭിക്കുക. ഇവിടെ നിന്ന് നിർദിഷ്ട കുണ്ടന്നൂർ – അങ്കമാലി ബൈപ്പാസിലൂടെ സഞ്ചരിച്ച് പുത്തൻകുരിശിനു സമീപത്തു വെച്ച് കിഴക്കോട്ടു തിരിഞ്ഞ് മൂവാറ്റുപുഴ, നെടുങ്കണ്ടം മേഖലകളിലൂടെയായിരിക്കും ദേശീയപാത കടന്നുപോകുക. പുതിയ പാത യാഥാർത്ഥ്യമാകുന്നതോടെ മൂന്നാർ വഴിയുള്ള ദേശീയപാത 85ലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

കൊച്ചി തുറമുഖത്തു നിന്ന് തമിഴ്നാട്ടിലേയ്ക്കുള്ള ചരക്കുനീക്കത്തിനും ദീർഘദൂര യാത്രക്കാർക്കും പുതിയ പാത ഏറെ പ്രയോജനം ചെയ്യും. ഈ വർഷമാദ്യം തന്നെ പാതയുടെ അന്തിമ അലൈൻമെൻ്റ് പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ മലമ്പ്രദേശങ്ങൾ വഴി കടന്നുപോകുന്ന ഹൈവേയുടെ നിർമാണത്തിൽ ഉണ്ടാകാനുള്ള സങ്കീർണത മൂലം നടപടികൾ നീളുകയായിരുന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ അലൈൻമെൻ്റ് പുറത്തുവന്നേക്കുമെന്നാണ് ദേശീയമാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ജനവാസമേഖലകളും തിരക്കേറിയ ടൗണുകളും പരമാവധി ഒഴിവാക്കിയായിരിക്കും നി‍ർമാണം. നിലവിൽ കൊച്ചിയിൽ നിന്ന് മൂന്നാ‍ർ വരെ മാത്രം 121 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ നിന്ന് ബോഡിനായ്ക്കന്നൂ‍ർ വഴി തേനിയിലേയ്ക്ക് വീണ്ടും 82 കിലോമീറ്ററോളം സഞ്ചരിക്കണം. എന്നാൽ കേന്ദ്രത്തിൻ്റെ ഭാരത്‍‍മാല പദ്ധതിയുടെ ഭാഗമായി പുതിയ പാത യാഥാ‍ർഥ്യമാകുമ്പോൾ ദൂരം ഏകദേശം 151 കിലോമീറ്റർ മാത്രമായിരിക്കും.

എറണാകുളം ജില്ലയിൽ മരട്, തിരുവാങ്കുളം, ഐക്കരനാട് സൗത്ത്, തിരുവാണിയൂ‍ർ, കുരീക്കാട്, നടമ തെക്കുംഭാഗം, മാറാടി, മൂവാറ്റുപുഴ, ഏനാനല്ലൂ‍, കല്ലൂ‍ർക്കാട്, മഞ്ഞള്ളൂർ, തിരുമാറാടി, നേര്യമംഗലം, കടവൂർ വില്ലേജുകളിൽ പുതിയ പാതയ്ക്കായി 45 മീറ്ററിൽ ഭൂമി ഏറ്റെടുക്കും. ഇടുക്കി ജില്ലയിൽ തൊടുപുഴ, ദേവികുളം, ഇടുക്കി, ദേവികുളം താലൂക്കുകളിലാണ് ഭൂമി ഏറ്റെടുപ്പ്. നിലവിലെ ദേശീയപാതയിൽ ഒരിടത്തും മുട്ടാതെയാണ് പുതിയ പാത കടന്നുപോകുക. എന്നാൽ നിലവിലുള്ള ചില റോഡുകൾ പുതിയ പാതയുടെ ഭാഗമാകും. റോഡിൻ്റെ അലൈൻമെൻ്റ് നിശ്ചയിക്കുന്നതിനു മുന്നോടിയായുള്ള ആകാശസർവേ മുൻപു തന്നെ പൂർത്തിയായിരുന്നു.

ഇടുക്കി ജില്ലയിലെ മലയോര മേഖലകൾ പിന്നിട്ട് നെടുങ്കണ്ടം ചതുരംഗപ്പാറ മേഖലയിൽ തേവാരംമെട്ടിനു സമീപത്തു വെച്ചാണ് പാത തമിഴ്നാട്ടിലേയ്ക്ക് പ്രവേശിക്കുക. കുത്തനെയുള്ള മലകളും താഴ്വരകളുമുള്ള ഈ പാതയിൽ പലയിടത്തും ഉയരമേറിയ തൂണുകളിലൂടെയായിരിക്കും പാത കടന്നുപോകുക. ഈ സാഹചര്യത്തിലാണ് പാതയുടെ അന്തിമ അലൈൻമെൻ്റ് നീളുന്നതെന്നാണ് റിപ്പോ‍ർട്ടിൽ പറയുന്നത്.

പാത യാഥാ‍ർഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്നും മധ്യകേരളത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നും തേനി, മധുര, രാമേശ്വരം, തൂത്തുക്കുടി മേഖലകളിലേയ്ക്ക് എളുപ്പവഴി തുറക്കും. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേയ്ക്കുള്ള യാത്രാസമയവും പകുതിയാകും. 45 മീറ്ററിൽ ആറുവരി റോഡാണ് ദേശീയപാതാ അതോരിറ്റി നി‍ർമിക്കാൻ ഉദ്ദേശിക്കുന്നത്. 3,000 കോടി രൂപയോളം ചെലവ് വരുന്ന ഹൈവേ നി‍ർമാണം പൂർത്തിയായാൽ ടോൾ പിരിവുമുണ്ടാകും.

നിലവിൽ നി‍ർമാണം പുരോഗമിക്കുന്ന ദേശീയപാത 66നു സമാനമായ രീതിയിലായിരിക്കും പുതിയ ഗ്രീൻഫീൽഡ് ഹൈവേയ്ക്കു വേണ്ടിയും ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കെട്ടിടങ്ങൾക്കും വീടുകൾക്കും നി‍ർമാണത്തിൻ്റെ പഴക്കം മാനദണ്ഡമാക്കിയായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. ഗ്രീൻഫീൽഡ് അലൈൻമെൻ്റ് ആയതിനാൽ പരമാവധി കുറച്ച് കെട്ടിടങ്ങളെ മാത്രമായിരിക്കും പദ്ധതി ബാധിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.