സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സില്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമായി രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്ന കാലദൈര്‍ഘ്യം കുറച്ചു കൊണ്ടുവരുന്നത് അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് പുതിയ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്‍ എച്ച് എസ് അപ്പോയിന്റഡ് സര്‍ജനും, മുന്‍ ആരോഗ്യ മന്ത്രിയുമായ ലോര്‍ഡ് ആരാ ഡാര്‍സി ഇതിനെ കുറിച്ചുള്ള വിശദമായ അന്വേഷണം ഈ ആഴ്ച ആരംഭിക്കും. എവിടെയാണ് കാതലായ പ്രശ്നം എന്ന് പഠിക്കുവാനാണ് ഈ അന്വേഷണം.
തെരഞ്ഞെടുപ്പിന് ശേഷം ചികിത്സകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു എന്ന് പറഞ്ഞ ഹെല്‍ത്ത് സെക്രട്ടറി, ഇപ്പോള്‍ അത് 76 ലക്ഷത്തോളം എത്തിയതായും പറഞ്ഞു. ലജ്ജാകരമായ ഒരു സാഹചര്യം അവശേഷിപ്പിച്ചാണ് ടോറികള്‍ ഭരണം വിട്ടതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനും ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കാത്തിരിപ്പ് കാലദരിഘ്യം കുറയ്ക്കുന്നതിനുള്ള പദ്ധതി ഉണ്ടെന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
വാരാന്ത്യങ്ങളില്‍ പ്രവര്‍ത്തിച്ചും, സ്വകാര്യ മേഖലയുടെ സേവനം ഉപയോഗപ്പെടുത്തിയും 40,000 ഓളം അധിക അപ്പോയിന്റ്‌മെന്റുകളും ശസ്ത്രക്രിയകളും നടത്തുന്നതാണ് ആ പദ്ധതി. വാരാന്ത്യങ്ങളില്‍ സേവനം നല്‍കിക്കൊണ്ട് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞ ലണ്ടനിലെയും ലീഡ്‌സിലേയും ആശുപത്രികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. മാത്രമല്ല, രണ്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍ ഉപയോഗിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരു തീയറ്ററില്‍ ഒരു ശസ്ത്രക്രിയ നടക്കുമ്പോള്‍ മറ്റൊന്നില്‍ മറ്റൊരു രോഗിയെ ശസ്ത്രക്രിയയ്ക്കായി തയ്യാറാക്കുന്നതാണ് ഇവിടത്തെ പ്രവര്‍ത്തന രീതി.
എന്നാല്‍, ഇതെല്ലാം ചില അപവാദങ്ങള്‍ മാത്രമാണ്. എന്‍ എച്ച് എസ്സിനെ പൊതുവെ നോക്കിയാല്‍, കൂടുതല്‍ പണം മുടക്കിയിട്ടും, കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടും ഇപ്പോഴും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കാം. അഞ്ചു വര്‍ഷം മിന്‍പത്തെ സാഹചര്യവുമായി താരതമ്യം ചെയ്താല്‍, ഇപ്പോള്‍ എന്‍ എച്ച് എസ്സിനായി ചെലവാക്കുന്ന തുക അഞ്ചിലൊന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. എന്നിട്ടും കാത്തിരിപ്പ് കാലദൈര്‍ഘ്യം വര്‍ദ്ധിച്ചു വരികയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെയും മറ്റ് എന്‍ എച്ച് എസ്സ് ജീവനക്കാരുടെയും സമരങ്ങള്‍ എന്‍ എച്ച് എസ്സിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഈ സമരങ്ങള്‍ നടന്നില്ലായിരുന്നെങ്കില്‍ 2023 – 24 കാലഘട്ടത്തില്‍ മൂന്നര ലക്ഷത്തോളം ചികിത്സകള്‍ കൂടുതലായി ചെയ്യാന്‍ കഴിയുമായിരുന്നു എന്നാണ് കണക്കാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല