വൃദ്ധരായവര്‍ക്ക് പ്രായത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കും എന്‍എച്ച്എസ് മാനേജ്‌മെന്റിനും എതിരേ ഇനിമുതല്‍ നടപടി സ്വീകരിക്കും. ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്നവര്‍ക്കെതിരേ വിലക്ക് ഏര്‍പ്പെടുത്താനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. വൃദ്ധരുടെ അത്മാഭിമാനത്തെ ഹനിക്കുന്ന നടപടികള്‍ സ്വീകരിക്കുന്ന നഴ്‌സുമാര്‍ക്കും പരിചാരകര്‍ക്കും എതിരേ നിയമനടപടികള്‍ സ്വീകരിക്കാനും ഗവണ്‍മെന്റ് നിര്‍ദ്ദേശമുണ്ട്. മുതിര്‍ന്നവരോട് വിവേചനം കാണിക്കുന്നവര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്താനുളള നിയമം ഒക്ടോബറോടെ നിലവില്‍ വരുമെന്ന് ഗവണ്‍മെന്റ് സ്ഥിരീകരിച്ചു.
വൃദ്ധരെ രണ്ടാം കിട പൗരന്‍മാരായിട്ടാണ് എന്‍എച്ച്എസിലേയും മറ്റും ഡോക്ടര്‍മാരും മറ്റും കണക്കാക്കുന്നതെന്ന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നത്. നിയമം നടപ്പിലാക്കുന്നതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റും വൃദ്ധരോട് അവരുടെ അന്തസ്സിനെ മാനിക്കുന്ന രീതിയില്‍ പെരുമാറുമെന്നാണ് കരുതുന്നതെന്ന് കെയര്‍ മിനിസ്റ്റര്‍ പോള്‍ ബര്‍സ്‌റ്റോ പറഞ്ഞു. എന്നാല്‍ വൃദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കണമെന്നല്ല നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ബര്ഡസ്റ്റോ പറഞ്ഞു. രോഗം കണ്ടെത്തുന്നതും ചികിത്സിക്കുന്നതുമൊക്കെ ഡോക്ടറുടെ തീരുമാനപ്രകാരം തന്നെയായിരിക്കും. ഇക്കാര്യത്തില്‍ അവസാനവാക്ക് ഡോക്ടര്‍മാരുടെതായിരിക്കുമെന്നും ബര്‍സ്‌റ്റോ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടില്‍ അറുപത്തിയഞ്ച് കഴിഞ്ഞ ആളുകള്‍ക്ക് അടിസ്ഥാന പരിരക്ഷണം നല്‍കുന്നതില്‍ പോലും എന്‍എച്ച്എസ് പരാജയപ്പെടുന്നതായി ഹെല്‍ത്ത് സര്‍വ്വീസ് ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിരുന്നു. പലപ്പോഴും ആശുപത്രയില്‍ പ്രവേശിപ്പിക്കുന്ന വൃദ്ധര്‍ക്ക് മതിയായ അളവില്‍ ഭക്ഷണവും മരുന്നും നല്‍കുന്നതില്‍ എന്‍എച്ച്എസ് ശ്രദ്ധ നല്‍കാറില്ല. വൃദ്ധരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടത് മൂലം നിരവധി വൃദ്ധര്‍ അനാഥരായി മരിക്കേണ്ടി വന്നതായും ഗവണ്‍മെന്റിന് പരാതി ലഭിച്ചിട്ടുണ്ട്. പലപ്പോഴും കാന്‍സര്‍ രോഗികളായ വൃദ്ധര്‍ക്ക് പാലിയേറ്റീവ് കെയര്‍ പോലും ലഭിക്കാറില്ലന്നതാണ് സത്യം. കഴിഞ്ഞ ലേബര്‍ഗവണ്‍മെന്റ് നടപ്പിലാക്കിയ രണ്ടായിരത്തി പത്തിലെ ഇക്വാലിറ്റി ആക്ടിന്റെ ചുവട് പിടിച്ചാണ് ഒക്ടോബറിലെ നിയമം നടപ്പിലാക്കുന്നത്. എന്നാല്‍ വൃദ്ധരായവരില്‍ നിന്ന് കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളേയും ബാങ്കുകളേയും വിലക്കാനും തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് ഗവണ്‍മെന്റ് ഈ പദ്ധതി ഉപേക്ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല