സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും മാസങ്ങളായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ സീനിയർ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരം ഒടുവിൽ ഫലംകാണുന്നു. ഇംഗ്ലണ്ടിലെ കൺസൾട്ടന്റുമാർക്ക് പുതുക്കിയ സ്കെയിലിൽ ശമ്പള വർദ്ധനവ് സർക്കാർ തിങ്കളാഴ്ച്ച ഓഫർചെയ്തു. ഇതനുസരിച്ച് 20%വരെ വേതനവർദ്ധനവ് വിവിധ തസ്‌തികകളിലെ ഡോക്ടർമാർക്ക് ലഭിക്കും.
തിങ്കളാഴ്ച പ്രഖ്യാപിച്ച വേതന വർദ്ധനവ് സ്കെയിൽ അംഗീകരിക്കാൻ, ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾ അടുത്തമാസം വോട്ട് ചെയ്യുകയാണെങ്കിൽ, പല കൺസൾട്ടന്റുമാർക്കും ഈവർഷം ഇതിനകം ലഭിച്ച 6% ശമ്പള വർദ്ധനവ് ജനുവരി മുതൽ വീണ്ടും ടോപ്പ് അപ്പ് ചെയ്യും.
അംഗങ്ങൾ കുറവുള്ള ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് ആൻഡ് സ്പെഷ്യലിസ്റ്റ്സ് അസോസിയേഷൻ യൂണിയനും അവരുടെ അംഗങ്ങളോടും അഭിപ്രായം ചോദിക്കും. അതേസമയം പതിയ കരാറിൽ മിഡിൽ പേ ബാൻഡിലെ കൺസൾട്ടന്റുകൾക്ക് അധികമായി ഒന്നും ലഭിക്കില്ല.
എന്നാൽ ബാക്കിയുള്ളവർക്ക് പുതിയ വേതന വർധനവുണ്ടാകും, ചിലർക്ക് 6% ന് മുകളിൽ 12.8% അധികമായി ലഭിക്കും. വിവിധ തസ്തികകളിലായി 20% വരെ വേതനവർദ്ധനവ് കിട്ടും. അതായത് 2023-24 സാമ്പത്തിക വർഷത്തിൽ അവരുടെ ശമ്പളം ഏകദേശം അഞ്ചിലൊന്ന് വർദ്ധിക്കും. ജൂനിയർ ഡോക്ടർമാരെ അപേക്ഷിച്ച് സീനിയർ ഡോക്ടർമാർക്കാകും പുതിയ കരാർ മൂലം കൂടുതൽ പ്രയോജനം ലഭിക്കുക.
അതേസമയം നഴ്‌സുമാർക്ക് നൽകിയ ശമ്പള വർദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസമാണ് സർക്കാർ പ്രഖ്യാപനത്തിൽ ഉള്ളതെന്ന് നഴ്‌സുമാരുടെ സംഘടന റോയൽ കോളേജ് ഓഫ് നഴ്സിംഗ് പറഞ്ഞു. നഴ്‌സുമാർക്ക് ഈ വർഷം 5% വർധനവും ചുരുങ്ങിയത് 1,655 പൗണ്ട് ഒറ്റത്തവണ ബോണസും മാത്രമാണ് നൽകിയിട്ടുള്ളത്.
“എൻഎച്ച്എസിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ചിലർക്ക് വേതനം പരിഷ്കരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെന്ന് സർക്കാർ തെളിയിച്ചു. അതേസമയം പൊതുമേഖലയിലെ ഏറ്റവും കുറഞ്ഞ ശമ്പള വർദ്ധനവാണ് ഞങ്ങളുടെ അംഗങ്ങൾക്കുള്ളത്.” ആർസിഎൻ ചീഫ് നഴ്‌സ് പ്രൊഫ നിക്കോള റേഞ്ചർ പ്രതികരിച്ചു. ഈ ഓഫർ “ഞങ്ങളുടെ അംഗങ്ങളുടെ രോഷം ജ്വലിപ്പിക്കും, ഭാവിയിൽ നഴ്‌സിങ് സ്‌ട്രൈക്കുകൾ കൂടുതൽ സാധ്യമാക്കും”, പ്രൊഫ റേഞ്ചർ പറഞ്ഞു.
നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമുള്ള കരാർ സർക്കാർ മാർച്ചിൽ മുന്നോട്ട് വച്ചിരുന്നു. ആർസിഎൻ അംഗങ്ങൾ ഇത് നിരസിച്ചു – എന്നാൽ ആംബുലൻസ് തൊഴിലാളികൾ, പോർട്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന മറ്റ് ആരോഗ്യ യൂണിയനുകളിൽ ഭൂരിഭാഗവും ഇതിനെ പിന്തുണച്ചതിനാൽ, സർക്കാർ ഈ കരാർ ഏർപ്പെടുത്തി.
തുടർന്ന് സമരത്തിനായി ഇന്ഡസ്ട്രിയൽ ആക്ഷന് അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയെങ്കിലും സമരത്തെ അനുകൂലിക്കുന്ന പിന്തുണ നേടാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് സമരത്തിൽ നിന്നും നഴ്‌സുമാർ പിന്മാറുകയായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ആർസിഎൻ വീണ്ടും വോട്ടെടുപ്പ് നടത്തുകയും പിന്തുണ ലഭിച്ചാൽ വരുംമാസങ്ങളിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുവാനും തയ്യാറെടുക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല