സ്വന്തം ലേഖകൻ: യുകെയില്‍ വിദേശികളായ ഡോക്ടര്‍മാര്‍ അനിവാര്യമെന്ന് ജിഎംസി; തദ്ദേശീയരായ ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിനുളള പദ്ധതികളുണ്ടെങ്കിലും അവ ഫലവത്താകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് റെഗുലേറ്റര്‍ പറയുന്നു. യുകെയില്‍ തദ്ദേശീയരായ കൂടുതല്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനുളള ത്വരിതഗതിയിലുളള പദ്ധതികളാരംഭിച്ചിട്ടുണ്ടെങ്കിലും വിദേശത്ത് പരിശീലനം നേടിയ വിദേശികളായ ഡോക്ടര്‍മാര്‍ ഇവിടുത്തെ ഹെല്‍ത്ത് സിസ്റ്റത്തിന് അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ച് റെഗുലേറ്ററായ ദി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ (ജിഎംസി) രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം രാജ്യത്തുള്ള ഡോക്ടര്‍മാരില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് പേരും അഥവാ 63 ശതമാനം പേരും വിദേശത്ത് പരിശീലനം ലഭിച്ചിട്ടുളളവരാണെന്ന കാര്യവും ജിഎംസി എടുത്ത് കാട്ടുന്നു. ഇംഗ്ലണ്ടില്‍ കൂടുതല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ പരിശീലിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള പ്രധാനപ്പെട്ട ഒരു പദ്ധതി ഇക്കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ ഫലം അനുഭവത്തില്‍ വരാന്‍ വര്‍ഷങ്ങളേറെയെടുക്കുമെന്നും അത് വരെ ഇവിടുത്തെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന് വിദേശ ഡോക്ടര്‍മാരെ ആശ്രയിക്കേണ്ടി വരുമെന്നുമാണ് ജിഎംസി ഓര്‍മിപ്പിക്കുന്നത്. നിലവില്‍ 10,855 ഫുള്‍ ടൈം ഡോക്ടര്‍ വേക്കന്‍സികളുണ്ടെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. അതായത് വേക്കന്‍സി നിരക്ക് 7.2 ശതമാനമാണ്. എന്‍എച്ച്എസ് ഇംഗ്ലണ്ട് ലോഞ്ച് ചെയ്തിരിക്കുന്ന ലോംഗ് ടേം വര്‍ക്ക് ഫോഴ്‌സ്‌ഫോഴ്‌സ് പ്ലാന്‍ പ്രകാരം അടുത്ത 15 വര്‍ഷങ്ങള്‍ക്കിടെ ആയിരക്കണക്കിന് ഹെല്‍ത്ത് കെയര്‍ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാനും നിലനിര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.
ഈ പ്ലാന്‍ പ്രകാരം ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കുള്ള അധിക ട്രെയിനിംഗ് ഇടങ്ങള്‍ക്കായി 2.4 ബില്യണ്‍ പൗണ്ട് ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്. സ്റ്റുഡന്റ് ഡോക്ടര്‍മാര്‍ക്കായുള്ള മെഡിക്കല്‍ സ്‌കൂള്‍ പ്ലേസുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ഷത്തില്‍ 15,000 സ്‌കൂളുകള്‍ സജ്ജമാക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ക്വാളിഫിക്കേഷന്‍ നേടുന്നതിന് മുമ്പ് ട്രെയിനി ഡോക്ടര്‍മാര്‍ അഞ്ച് വര്‍ഷം നിര്‍ബന്ധമായും പഠിക്കണമെന്നും തുടര്‍ന്ന് കൂടുതല്‍ ട്രെയിനിംഗ് നേടുകയും വേണം. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഹെല്‍ത്ത് സര്‍വീസുകള്‍ക്കും അവരുടേതായ റിക്രൂട്ട്‌മെന്റ്, റിട്ടെന്‍ഷന്‍ പ്രോഗ്രാമുകളുണ്ട്.
ഓരോ യുകെ നാഷന്‍സിലും പ്രാക്ടീസ് തുടങ്ങുന്നതിന് മുമ്പ് ഡോക്ടര്‍മാര്‍ ജിഎംസിയില്‍ നിര്‍ബന്ധമായും രജിസ്ട്രര്‍ ചെയ്തിരിക്കണം. ഇത്തരത്തില്‍ തദ്ദേശീയരായ ഹെല്‍ത്ത് വര്‍ക്കര്‍മാരെ കൂടുതലായി പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്ത് നിലനിര്‍ത്തുന്നത് മഹത്തായ കാര്യമാണെങ്കിലും ഇത് ഫലപ്രദമാകുന്നതിന് വര്‍ഷങ്ങൾ എടുക്കുമെന്നാണ് ജിഎംസി ചീഫ് എക്‌സിക്യൂട്ടീവായ ചാര്‍ലി മാസെ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല