സ്വന്തം ലേഖകൻ: യുകെയിലെ ഒട്ടുമിക്ക എന്‍എച്ച്എസ് ട്രസ്റ്റുകളും വിദേശ നേഴ്സുമാരുടെ റിക്രൂട്‌മെന്റിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് വിദേശ നേഴ്സുമാര്‍ എത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ നിന്നും ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഓരോ മാസവും എത്തുന്നത്. ചില ട്രസ്റ്റുകള്‍ വിദേശ നഴ്സിങ് റിക്രൂട്‌മെന്റിന് ഉള്ള ബജറ്റ് ഇല്ലാതെ വിഷമിക്കുമ്പോള്‍ മറ്റു പല ട്രസ്റ്റുകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യം ആണ് നിലനില്‍ക്കുന്നത്.
എങ്ങനെയും കുടിയേറ്റക്കാരുടെ കണക്കില്‍ വലിയൊരു വെട്ടിക്കുറവ് വരുത്താന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ കൂടി മനസ്സിലിരിപ്പ് അറിഞ്ഞു ഏറെക്കുറെ അപ്രഖ്യാപിത നിയമന നിരോധന സാഹചര്യമാണ് എന്‍എച്ച്എസിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്. മറ്റേത് മേഖലയിലും ജീവനക്കാരുടെ ക്ഷാമം തരണം ചെയ്യാനാകുമെങ്കിലും രോഗികളുടെ ജീവന്‍ വച്ച് പന്താടുന്ന എന്‍എച്ച്എസ് നിയമന വിലക്ക് എത്രത്തോളം ഗൗരവത്തില്‍ പ്രതിഫലിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
അതിനിടെ കുറഞ്ഞ വേതനവും അധിക ജോലിയും നിമിത്തം യുകെയില്‍ നഴ്സിങ് പഠനത്തിന് താല്‍പര്യം കാട്ടാത്തവരുടെ എണ്ണവും റെക്കോര്‍ഡ് ഇടുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ നഴ്സിങ് പഠനത്തിനുള്ള അപേക്ഷകളില്‍ 15000 പേരുടെ കുറവാണു രേഖപ്പെടുത്തുന്നത്. കോവിഡിന് ശേഷം മേഖലയോട് പൊതുവെ ഉണ്ടായ താല്‍പര്യം നഴ്സിങ് പഠനത്തിന് എത്തുന്നവരുടെ എണ്ണത്തിലും പ്രതിഫലിച്ചിരുന്നു.
എന്നാല്‍ വേതന വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടര്‍ച്ചയായി നടക്കുന്ന നഴ്സിങ് സമരം ഈ മേഖല തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ മനസ് മടുപ്പിച്ചതായാണ് വിലയിരുത്തല്‍. യുകാസ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം നഴ്സിങ് പഠനം ഇഷ്ടപ്പെടുന്നത് കേവലം 31,100 പേര് മാത്രമാണ്. കഴിഞ്ഞ വര്‍ഷം 33,570 പേരും 2022ല്‍ 41,220 പേരും 2021ല്‍ 46,040 പേരും നഴ്സിങ് തിരഞ്ഞെടുത്ത കണക്കുകളില്‍ നിന്നുമാണ് ഇപ്പോഴത്തെ റെക്കോര്‍ഡ് ഇടിവ് ഭീതി വളര്‍ത്തുന്നത്.
കോവിഡ് ബാധിതനായി ആശുപത്രി കിടക്കയില്‍ കഴിയവേ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നഴ്‌സുമാരെയും കെയറര്‍ ജോലിക്കാരെയും ഒക്കെ പ്രകീര്‍ത്തിച്ചതും ശമ്പള വര്‍ധനയുടെ സൂചന നല്‍കിയതും ഒക്കെ ആ വര്‍ഷം കൂടുതല്‍ പേര്‍ നഴ്സിങ് പഠിക്കാന്‍ ആഗ്രഹം കാട്ടിയതില്‍ ഒരു കാരണമാണ്. എന്നാല്‍ പതിവ് പോലെ പിന്നീട് സര്‍ക്കാര്‍ ആ ഓഫറില്‍ നിന്നും തഞ്ചത്തില്‍ പിന്മാറുക ആയിരുന്നു
യുകെയില്‍ ഒരു നഴ്സിനെ പഠിപ്പിച്ചെടുക്കുക എന്നതിനേക്കാള്‍ ഫലപ്രദമാണ് വിദേശ നഴ്സിങ് റിക്രൂട്‌മെന്റ് എന്ന ചിന്തയും ഇതിനിടയില്‍ പടര്‍ന്നു. എന്നാല്‍ വിദേശ നഴ്സുമാര്‍ വീണ്ടും കടല്‍ കടക്കുന്നത് ഇപ്പോഴും ഗൗരവത്തോടെ സര്‍ക്കാര്‍ കണക്കില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടില്ല.
വിദേശ നഴ്സിങ് റിക്രൂട്‌മെന്റിന് കൂടുതല്‍ ഫണ്ട് വിഹിതം അനുവദിക്കണമെന്ന ആവശ്യം തള്ളിയ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ സന്തതിയാണ് ഇപ്പോള്‍ ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധിയെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. മലയാളികള്‍ അടക്കം ഉള്ളവര്‍ യുകെയില്‍ എത്തിയ ശേഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ട്രെന്റും റിക്രൂട്‌മെന്റിന് അനുസരിച്ചു ജീവനക്കാരുടെ എണ്ണം കൂടാത്തതില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്.
എന്നാല്‍ വിദേശത്തു നിന്നും എത്തുന്നവരുടെ എണ്ണം കൂടുന്നത് അനുസരിച്ചു തദ്ദേശീയമായി നഴ്സിങ് വേണ്ടെന്നു വയ്ക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടുകയാണ് എന്ന കണക്കുകളാണ് യുകാസ് പുറത്തു വിട്ടതിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ഇംഗ്ലണ്ടില്‍ മാത്രമായി ഇപ്പോള്‍ 42,000 നഴ്സുമാരുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ യുകെയില്‍ പത്തിലെ നാലു നഴ്‌സുമാരും വിദേശത്തു നിന്നുമാണ് എത്തുന്നത്.
നഴ്‌സുമാരെ സമരത്തിലേക്ക് തള്ളിവിട്ട കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഇപ്പോള്‍ ആരും നഴ്‌സ് ആകാന്‍ ആഗ്രഹിക്കരുത് എന്ന സങ്കീര്‍ണ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ് എന്ന് ലേബര്‍ പക്ഷത്തെ ഷാഡോ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ആരോപിക്കുന്നു. നഴ്സുമാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതില്‍ ആശങ്ക ഉയര്‍ത്തി ആര്‍ സി എന്‍ ഇതിനകം ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ അകിന്‍സിനു കത്ത് എഴുതിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല