സ്വന്തം ലേഖകന്‍: എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ പുത്തന്‍ പദ്ധതികളുമായി ബ്രിട്ടന്‍; വിദേശ നഴ്‌സുമാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും എന്‍എംസി രജിസ്‌ട്രേഷനും ഇംഗ്ലീഷ് പരിശീലനത്തിനും ധനസഹായവും. ഇതിനു പുറമെ ഒരു നിശ്ചിത കാലത്തേക്ക് സൗജന്യ താമസസൗകര്യവും നല്‍കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വിദേശ നഴ്‌സുമാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന ഈ പദ്ധതിയുടെ അവസാന മിനുക്കുപണികളിലാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതി പ്രകാരം നഴ്‌സുമാരുടെ ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ണയിക്കുന്നതിനുള്ള പരീക്ഷകള്‍ക്കായി പരിശീലനം നടത്താന്‍ 400 പൗണ്ട് വരെ എന്‍എച്ച്എസ് നല്‍കും. കൂടാതെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ (എന്‍എംസി) രജിസ്‌ട്രേഷമായി വിദേശ നഴ്‌സുമാര്‍ക്ക് 293 പൗണ്ട് ധനസഹായവും ലഭിക്കും.
അടുത്ത ഘട്ടത്തില്‍ യുകെ വിസ ലഭിക്കുന്നതിനായി 428 പൗണ്ടും ധനസഹായം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍എംസി രജിസ്‌ട്രേഷന്റെ ഭാഗമായ ഒരു പ്രധാന പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി 992 പൗണ്ടും നഴ്‌സുമാര്‍ക്ക് ലഭ്യമാകും. വിദേശ നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള വിപണി കടുത്ത മത്സരമുള്ളതാണെന്ന് എന്‍എച്ച്എസ് അധികൃതര്‍ തുറന്നു സമ്മതിക്കുന്നു.
കേംബ്രിഡ്ജ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ നഴ്‌സുമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും യുകെ വിസയും ഫിലിപ്പീന്‍സിലെ മനിലയിലുള്ള ഒരു റിക്രൂട്ടമെന്റ് സ്ഥാപനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. .എന്‍എംസി രജിസ്‌ട്രേഷന്‍ പാസാകാത്തവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ഉപയോഹിച്ച് ബ്രിട്ടനിലെത്താമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിഡ്‌ലാന്‍ഡ്‌സിലെ ഒരു ആശുപത്രി വിദേശ നഴ്‌സുമാര്‍ക്ക് യുകെയിലെത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി 19,000 പൗണ്ടാണ് മാറ്റിവച്ചിരിക്കുന്നത്.
ഈ ആശുപത്രിയില്‍ നികത്താതെ കിടന്ന 115 നഴ്‌സിംഗ് ഒഴിവുകളിലേക്ക് വിദേശ നഴ്‌സുമാരെ നിയമിക്കാനായിരുന്നു ഇത്. എന്നാല്‍ മികച്ച വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും വെറും മൂന്ന് നഴ്‌സുമാരെ മാത്രമാണ് റിക്രൂട്ട് ചെയ്യാനായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മെയ്ഡ്‌സ്റ്റോണ്‍, ടേണ്‍ബ്രിഡ്ജ് എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്കുള്ള നഴ്‌സിംഗ് ഒഴിവുകള്‍ നികത്താന്‍ സ്‌കൈപ്പ് ഇന്റര്‍വ്യൂ സൗകര്യം ഒരുക്കി ചില റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുന്നോട്ട് വന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല