എന്‍എച്ച്എസ് പുറത്തിറക്കിയ ജിപി മാനദണ്ഡങ്ങള്‍ ഡോക്ടര്‍മാര്‍ അതേപടി പാലിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും ആയിര കണക്കിന് ജിവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഫലപ്രദമായ ചികിത്സയ്ക്ക് ക്യാന്‍സറിനെ നേരത്തെ തിരിച്ചറിയണം. ഇത് സാധിക്കാതെ വരുന്നതിനാല്‍ ഓരോ വര്‍ഷം പതിനായിരങ്ങളാണ് ബ്രിട്ടണില്‍ മരിക്കുന്നത്. യൂറോപ്പില്‍ ആകെയുള്ള ക്യാന്‍സര്‍ മരണ ശരാശരിയേക്കാള്‍ ഉയര്‍ന്ന തലത്തിലാണ് ബ്രിട്ടണിലെ ക്യാന്‍സര്‍ മരണ നിരക്ക്.
ഇപ്പോള്‍ സംഭവിക്കുന്ന മരണങ്ങളില്‍ പകുതിയിലേറെയും ജാഗ്രത കാണിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്ന് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ (നൈസ്) പറഞ്ഞു. രോഗികളും ഡോക്ടര്‍മാരും എന്‍എച്ച്എസ് മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെയാണെങ്കില്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും നൈസ് പറഞ്ഞു.
മൂന്ന് വര്‍ഷമെടുത്താണ് എന്‍എച്ച്എസിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചത്. 37 തരം ക്യാന്‍സറുകളുടെ ഏതെങ്കിലുമൊക്കെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടെങ്കില്‍ ഉടന്‍ തന്നെ കൂടുതല്‍ പരിശോധനകള്‍ക്ക് അയക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് എന്‍എച്ച്എസ് പുറത്തിറക്കിയിരിക്കുന്നത്.
ശരിയായ രോഗിയെ ശരിയായ സമയത്ത് ശരിയായ പരിശോധനയ്ക്ക് അയക്കുന്നതിലാണ് വിജയമിരിക്കുന്നതെന്ന് എക്‌സീറ്റര്‍ സര്‍വകലാശാലയിലെ പ്രൈമറി കെയര്‍ ഡയഗ്നോസ്റ്റിക്‌സ് പ്രൊഫസര്‍ വില്ലി ഹാമിള്‍ട്ടണ്‍ പറഞ്ഞു.
എക്‌സ്‌റേ, ബ്ലഡ് ടെസ്റ്റ് തുടങ്ങിയവ നടത്താന്‍ ജിപികള്‍ക്ക് ഇപ്പോഴെ അവസരമുണ്ടെങ്കിലും പെട്ടെന്നുള്ള എന്‍ഡോസ്‌കോപ്പി ഇന്‍വസ്റ്റിഗേഷന്‍സ്, എംആര്‍ഐ, സിടി ബ്രെയിന്‍ സ്‌കാന്‍ ടെസ്റ്റ് എന്നിവയ്ക്ക് കൂടുതല്‍ സൗകര്യം എന്‍എച്ച്എസിന്റെ പുതിയ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല