സ്വന്തം ലേഖകന്‍: യുകെയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തയാക്കി മാഞ്ചസ്റ്റര്‍ മെഡിക്കല്‍ ട്രിബ്യൂണല്‍; തിരികെ ജോലിയില്‍ പ്രവേശിക്കാനും അനുമതി. മാഞ്ചസ്റ്റര്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസാണ് ഇന്ത്യന്‍ ഡോക്ടര്‍ വൈഷ്ണവി ലക്ഷ്മണന്റെ വാദങ്ങള്‍ അംഗീകരിച്ച് അവരെ കുറ്റവിമുക്തയാക്കിയത്. ഡോക്ടര്‍ക്ക് പ്രാക്ടീസ് തുടരാമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയതോടെ എന്‍എച്ച്എസ് സീനിയര്‍ ഗൈനക്കോളജിസ്റ്റായി പുതിയൊരു ആശുപത്രിയില്‍ ഡോക്ടര്‍ക്ക് തുടരാന്‍ കഴിയും.
കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാതെ സ്വാഭാവിക പ്രസവമാക്കാന്‍ ശ്രമിച്ച ഡോ. വൈഷ്ണവിയുടെ നടപടിയാണ് മരണകാരണമെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സിസേറിയന്‍ നടത്തിയാലും കുഞ്ഞിനെ ജീവനോടെ ലഭിക്കുമായിരുന്നില്ലെന്നാണ് ഇന്ത്യന്‍ ഡോക്ടറുടെ വാദം. ഇത് ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. കൂടാതെ കുഞ്ഞിന്റെ തല വേര്‍പ്പെടുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായുള്ള നിഗമനവും ഡോക്ടര്‍ക്ക് തുണയായി.
ഈ വാദമുഖങ്ങള്‍ അംഗീകരിച്ച് ഡോക്ടര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ട്രിബ്യൂണല്‍ അനുമതി നല്‍കി. സ്വാഭാവിക പ്രസവം നടത്താന്‍ ശ്രമിച്ചത് ഒരു വീഴ്ചയാണെങ്കിലും അത് അത്ര ഗുരുതരമല്ലെന്ന നിലപാടാണ് അന്തിമവിധിയില്‍ പറയുന്നത്. സാഹചര്യവശാല്‍ ഡോക്ടര്‍ എടുത്ത തീരുമാനത്തിലെ പിശക് മാത്രമാണത്. പ്രസവത്തിലുടനീളം അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കാണ് ഡോക്ടര്‍ മുന്‍ഗണന നല്‍കിയതെന്ന കാര്യവും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. സംഭവത്തില്‍ ഡോക്ടര്‍ ക്ഷമ പറയുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല