സ്വന്തം ലേഖകൻ: നഴ്സുമാരും അധ്യാപകരും ഉള്‍പ്പടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വര്‍ധനവായിരുന്നു ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തത്. . എന്നാല്‍, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലായതോടെ സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് നിര്‍ദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വര്‍ധനവ് മാത്രമായിരുന്നു. ഇതോടെ സമരമെന്ന മുന്നറിയിപ്പുമായി വിവിധ ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി.
ഇത് സര്‍ക്കാരിനെ ശരിക്കും വെട്ടിലാക്കി. സമര പരമ്പരകള്‍ ഒഴിവാക്കുവാനായി സര്‍ക്കാര്‍ കൂടുതല്‍ ശമ്പള വര്‍ധനവ് നിര്‍ദ്ദേശിച്ചേക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പറയുന്നത്. അധ്യാപകര്‍, നഴ്സുമാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊക്കെ ആയിരക്കണക്കിന് പൗണ്ട് കൂടുതലായി ലഭിക്കും. എന്നാല്‍, അതിനു പകരമായി പെന്‍ഷന്‍ തുക കുറയ്ക്കാന്‍ സമ്മതിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുവദിച്ച് സമരമൊഴിവാക്കുകയും അതേസമയം, പൊതുഖജനാവിന് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ഒരു മാതൃകയെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്‌കൂളുകളും എന്‍എച്ച്എസും ജീവനക്കാരുടെ സമരം മൂലം ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചിരുന്നു. അത് ഒഴിവാക്കാനായിരുന്നു ലേബര്‍ കൂടുതല്‍ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്.
പിന്നീട് വര്‍ധനവ് 2.8 ശതമാനത്തില്‍ ഒതുക്കിയപ്പോള്‍ ഒരു സമര പരമ്പര തന്നെ അഭിമുഖീകരിക്കേണ്ട സാഹചര്യം വന്നു ചേരുകയായിരുന്നു. ഇപ്പോള്‍, ശമ്പളവും പെന്‍ഷനും തമ്മിലുള്ള സന്തുലനാവസ്ഥ കാത്തു സൂക്ഷിക്കാന്‍ ഉള്ള പര്‍ശ്രമം നടത്തുകയാണ് ക്യാബിനറ്റ് ഓഫീസ്. ഏതായാലും, ഇക്കാര്യത്തിനായി ഇതുവരെയും ആരുമായും കണ്‍സള്‍ട്ടേഷന്‍ നടത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. വീട് വാങ്ങുക, കുട്ടികളെ വളര്‍ത്തുക തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം ജീവിതത്തില്‍ സംഭവിക്കുന്ന കാലത്ത് ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കി, പിന്നീട് ജോലിയില്‍ നിന്നും വിരമിച്ചു കഴിയുമ്പോള്‍ കുറവ് പെന്‍ഷന്‍ നല്‍കുന്ന ഒരു പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഒരു സിവില്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ 1000 പൗണ്ടിന്റെ വര്‍ധനവ് വരുത്തിയാല്‍, അവരുടെ നെറ്റ് പെന്‍ഷന്‍ തുകയില്‍ നിന്നും 1000 ല്‍ ഏറെ പൗണ്ട് കുറയ്ക്കാന്‍ കഴിയും എന്നാണ് മുന്‍ കാബിനറ്റ് സെക്രട്ടറി ലോര്‍ഡ് ഓ ഡോണല്‍ പറയുന്നത്. ഇത് സിവില്‍ ഉദ്യോഗസ്ഥര്‍ക്കും ഏറെ ഉപകാരപ്രദമാണ്. നല്ലൊരു തുക മുന്‍കൂറായി തന്നെ കരുതാന്‍ ആകും എന്നതിനാല്‍, മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതിനും മറ്റും ഇത് സഹായകരമാകും. മാത്രമല്ല, നികുതിദായകന് മേല്‍ അമിത ഭാരം വരാതിരിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല