പരിചരണം ആവശ്യപ്പെട്ട് വരുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ എന്‍എച്ച്എസ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍. എന്‍എച്ച്എസ് മുന്‍കൂട്ടി കണ്ടതിനേക്കാള്‍ അഞ്ചിരട്ടി പണത്തിന്റെ കുറവാണ് ഇപ്പോള്‍ ട്രസ്റ്റ് നേരിട്ട് കൊണ്ടിരിക്കുന്നത്.
149 ട്രസ്റ്റ് ആശുപത്രികളില്‍ പകുതിയില്‍ ഏറെയും റെഡ് കാറ്റഗറിയിലാണ്. അതായത് സാമ്പത്തികമായി തീര്‍ത്തും പുറകോട്ട് നില്‍ക്കുന്ന അവസ്ഥ. രോഗികളില്‍നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദവും കൂടുതല്‍ മെച്ചപ്പെട്ട പരിചരണത്തിന്റെ ആവശ്യകതയും ട്രസ്റ്റിന്റെ മേലുള്ള സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുന്നു.
എന്‍എച്ച്എസില്‍ നേഴ്‌സുമാരുടെയും മറ്റ് മെഡിക്കല്‍ സ്റ്റാഫിന്റെയും കുറവുള്ളതിനാല്‍ ഏജന്‍സി സ്റ്റാഫുകളെ വെച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. ഇതും ചെലവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നുള്ള സാമ്പത്തിക സഹായത്തിന്റെ കുറവ്, എന്‍എച്ച്എസിന് വരുമാനം കുറഞ്ഞത് എന്നിവയെല്ലാം കൂടി വരുന്ന 12 മാസത്തിനുള്ളില്‍ കടുത്ത പ്രതിസന്ധിയുടെ രൂപത്തില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ശോച്യാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളും ചികിത്സക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും അറ്റകുറ്റ പണികള്‍ തീര്‍ക്കുകയോ പുനസ്ഥാപിക്കുകയോ ചെയ്യേണ്ടതിന് പകരം ആരോഗ്യ വകുപ്പ് പണം ചെലവഴിച്ചത് എന്‍എച്ച്എസ് ഓഫീസ് മോഡി പിടിപ്പിക്കാനും ഹെല്‍ത്ത് സെക്രട്ടറിയുടെ ഓഫീസിന്റെ അറ്റകുറ്റപ്പണി തീര്‍ക്കുന്നതിനുമാണ്. വരുമാനം ശുഷ്‌കമായതിന് പിന്നാലെ ഇത്തരത്തിലുള്ള ഗുരുതരമായ സാമ്പത്തിക വകമാറ്റലുകളും ഉത്തരവാദിത്വമില്ലായ്മയും വര്‍ദ്ധിച്ചതോടെ എന്‍എച്ച്എസ് കടക്കെണിയില്‍ മുങ്ങിയിരിക്കുകയാണ്.
ആശുപത്രികളിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ചില ആശുപത്രികളില്‍നിന്നായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ജോലി രാജിവെച്ച് സ്വകാര്യ ആശുപത്രികളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല