മക് ഡൊണാള്‍ഡ് സ്‌റ്റൈലില്‍ സീറോ അവര്‍ കോണ്‍ട്രാക്ട് നടപ്പിലാക്കാനുളള എന്‍എച്ച്എസിന്റെ തീരുമാനത്തിനെതിരേ എന്‍എച്ച്എസ് ജോലിക്കാര്‍ രംഗത്തെത്തി. വിദഗ്ദ്ധരായ ക്ലിനിക്കല്‍ സ്റ്റാഫിനാണ് സീറോ അവര്‍ കോണ്‍ട്രാക്ട് ബാധകമാക്കിയിരിക്കുന്നത്. വിദഗ്ദ്ധരായ ക്ലിനിക്കല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് സീറോ അവര്‍ കോണ്‍ട്രാക്ട് എന്ന ആശയം നടപ്പിലാക്കിയത്. എന്നാല്‍ പുതിയ തീരുമാനം എന്‍എച്ച്എസ് രോഗികളുടെ സുരക്ഷയേയും ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്തെ പ്രധാന ഫാസ്റ്റ് ഫുഡ് ശ്യംഖലയായ മക് ഡൊണാള്‍ഡ് ആണ് ആദ്യമായി സീറോ അവര്‍ കോണ്‍ട്രാക്ട് നടപ്പിലാക്കിയത്. ഒരു ചുരുങ്ങിയ കാലത്തേക്കാകും തൊഴിലാളികളെ ജോലിക്കെടുക്കുന്നത്. തിരക്കേറിയ സമയത്ത് കൂടുതല്‍ ആളുകളെ ജോലിക്ക് എടുക്കുകയും അല്ലാത്ത സമയത്ത് അവരെ പറഞ്ഞുവിടുകയും ചെയ്യും. ജോലി ചെയ്യുന്ന സമയത്തിന് മാത്രം വേതനം നല്‍കിയാല്‍ മതിയാകും. മക് ഡൊണാള്‍ഡിന്റെ ഏതാണ്ട് 87,500 ഓളം വരുന്ന തൊഴിലാളികളും സീറോ അവര്‍ കോണ്‍ട്രാക്ടിന്റെ പരിധിയില്‍ വരുന്നവരാണ്. ജോലി ചെയ്യുന്ന സമയത്തിന് മാത്രം വേതനം എന്നതാണ് ഇതിന്റെ പ്രത്യേകത. ജോലി ഉണ്ടാകും എന്നാല്‍ എപ്പോഴുമുണ്ടാകില്ലന്നതാണ് ഇതിന്റെ ദോഷം.
നിലവില്‍ ക്ലീനിംഗ് പോലുളള ജോലികളില്‍ എന്‍എച്ച്എസ് സീറോ അവര്‍ കോണ്‍ട്രാക്ട് നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന വൈദഗദ്ധ്യം ആവശ്യമുളള ക്ലിനിക്കല്‍ ജോലികളില്‍ സീറോ അവര്‍ കോണ്‍ട്രാക്ട് ബാധകമാക്കാനാണ് ഗവണ്‍മെന്റ് നീക്കം നടത്തുന്നത്. കാര്‍ഡിയാക് സര്‍വ്വീസ്, ഫിസിയോതെറാപ്പി, സൈക്യാട്രിക് തെറാപ്പി, ഹിയറിംഗ് സര്‍വ്വീസ് തുടങ്ങിയ മേഖലകളില്‍ ഇത്തരം സീറോ അവര്‍ കോണ്‍ട്രാക്ടേഴ്‌സിനെ ഉള്‍പ്പെടുത്താനാണ് നീക്കം. എന്നാല്‍ ഇതിനെതിരേ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. ഇത്തരം നീക്കങ്ങള്‍ എന്‍എച്ച്എസിന്റെ സേവന ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുമെന്നും ഇതിനുളള നടപടികള്‍ എത്രയും വേഗം നിര്‍ത്തിവെയ്ക്കണമെന്നും ലേബര്‍പാര്‍ട്ടിയുടെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡി ബേണ്‍ഹാം ആവശ്യപ്പെട്ടു. എന്‍എച്ച്എസ് വിജയകരമായി സീറോ അവര്‍ കോണ്‍ട്രാക്ട് നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അത് ക്ലിനിക്കല്‍ ഇതര ജോലികള്‍ക്ക് മാത്രമേ പാടുളളൂ എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികള്‍ തൊഴിലാളികളില്‍ ഒരു അസ്ഥിര സ്വഭാവം സൃഷ്ടിക്കുകയും അത് ജോലിയുടെ നിലവാരത്തെ ബാധിക്കുകയും ചെയ്യുമെന്നും ബേണ്‍ഹാം ചൂണ്ടിക്കാട്ടി.
വിദഗ്ദ്ധരായ ക്ലിനിക്കല്‍ സ്റ്റാഫിനും സീറോ അവര്‍ കോണ്‍ട്രാക്ട് നടപ്പിലാക്കാനുളള തീരുമാനത്തിനെതിരേ എന്‍എച്ച്എസ് ജീവനക്കാര്‍ തന്നെ രംഗത്തെത്തി. എന്‍എച്ച്എസ് ജീവനക്കാര്‍ ഗവണ്‍മെന്റ് തീരുമാനത്തില്‍ അസംതൃപ്തരാണ് എന്ന് തൊഴിലാളി യൂണിയനായ യൂണിസണ്‍ അറിയിച്ചു. ഗവണ്‍മെന്റിന്റെ പുതിയ തീരുമാനം ചികിത്സാ രംഗത്ത് അനാവശ്യമായ കിടമത്സരം സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജോലിയിലെ അസ്ഥിരത തൊഴിലാളികള്‍ക്കിടയില്‍ ജോലിയോട് ആത്മാര്‍ത്ഥത കുറയാന്‍ കാരണമാകും. ആവശ്യത്തിന് അനുസരിച്ച് വിദഗദ്ധരായ ക്ലിനിക്കല്‍ സ്റ്റാഫിനെ ജോലിക്കായി നിയോഗിക്കുന്നത് പൊതുമുതല്‍ ലാഭിക്കാന്‍ സഹായിക്കുമെന്നാണ് ഗവണ്‍മെന്റിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല