സ്വന്തം ലേഖകൻ: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പോലെ ഏറേ പ്രാധാന്യമുള്ള ചികിത്സകള്‍ ആവശ്യമുള്ളവരെപ്പോലും ദൈവത്തിന്റെ കാരുണ്യത്തിന് വിട്ടുകൊടുത്തുകൊണ്ട് എന്‍ എച്ച് എസില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം. എന്‍ എച്ച് എസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരത്തിന്റെ ഫലമായി ഹൃദയ ചികിത്സകള്‍ പോലും നീട്ടിവച്ചിരിക്കുകയാണ്. ഹൃദയ സംബന്ധമായ പരിശോധകള്‍ക്കായുള്ള അപ്പോയിന്റ്മെന്റുകള്‍ പോലും 15 മാസം വരെയാണ് നീട്ടി വച്ചിരിക്കുന്നത്.
ഒന്‍പതിലധികം മാസങ്ങള്‍ കാത്തിരുന്നതിന് ശേഷം റെഫറല്‍ അപ്പോയിന്റ്മെന്റ് ലഭിച്ച പല രോഗികള്‍ക്കും ഇനി പതിനഞ്ചിലധികം മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതിനിടയില്‍, സമരം നിര്‍ത്തി ചര്‍ച്ചക്ക് തയ്യാറാകണമെന്ന് മന്ത്രിമാര്‍ യൂണിയന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തെ തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നായിരുന്നു ചില സീനിയര്‍ എം പിമാരുടെ ആരോപണം. തീര്‍ത്തും ക്രൂരമായ നടപടിയാണ് ഈ ദൈര്‍ഘ്യമേറിയ സമരം എന്നും അവര്‍ ആരോപിക്കുന്നു.,
സമരത്തിന് ആഹ്വാനം നല്‍കിയ ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ ആവശ്യപ്പെടുന്നത് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 35 ശതമാനം ശമ്പള വര്‍ദ്ധനവ് വേണമെന്നാണ്. ഇത് സമ്പൂര്‍ണ്ണമായി നേടിയെടുക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടാണ് യൂണിയനുള്ളത്. എന്നാല്‍, ബി എം എ ചില നീക്കുപോക്കുകള്‍ക്ക് തയ്യാറായേക്കുമെന്ന ചിന്തയിലാണ് സര്‍ക്കാര്‍.
വൃക്ക തകരാറിലായ ഭര്‍ത്താവിന് സ്വന്തം വൃക്ക നല്‍കാന്‍ സന്നദ്ധയായി എത്തിയ ഒരു ഭാര്യയ്ക്കും ഇപ്പോള്‍ ഈ സമരം മൂലം 15 മാസത്തോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. എന്‍ എച്ച് എസ്സിന്റെ ഏത് തലത്തിലുള്ള ജീവനക്കാരാണെങ്കിലും സമരം ചെയ്യുന്നത് തീര്‍ത്തും തെറ്റാണ് എന്നാണ് അവര്‍ പ്രതികരിച്ചത്. അതുപോലെ അടിയന്തിര ചികിത്സ ആവശ്യമായ മറ്റ് പലരോഗികളും ഇപ്പോള്‍ പ്രാര്‍ത്ഥന മാത്രമേ ആശ്രയമായുള്ളു എന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്.
ഇപ്പോള്‍ നടക്കുന്ന ഈ സമരത്തിന്റെ പ്രത്യാഘാതങ്ങള്‍ ആഴ്ച്ചകളോളവും മാസങ്ങളോളവും നീണ്ടു നില്‍ക്കും എന്നാണ് എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ നാഷണല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞത്. ഫ്ളൂ പോലുള്ള പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്ന, വര്‍ഷത്തിലെ എറ്റവും തിരക്കേറിയ സമയത്ത് തന്നെ സമരം ചെയ്യുന്നത് പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തങ്ങളുടെ കീഴിലുള്ള ആശുപത്രികള്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണെന്ന് എന്‍ എച്ച് എസ് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ അറിയിച്ചു. ആംബുലന്‍സ് ഹാന്‍ഡ് ഓവര്‍ സമയം വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല, രോഗം ഭേദമായിട്ടും ആശുപത്രി വിട്ടുപോകാതെ രോഗികള്‍ ഇവിടെ തന്നെ തുടരുകയാണ്. ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് കാരണം. അടിയന്തിര വിഭാഗത്തില്‍ പോലും കടുത്ത പ്രതിസന്ധിയാണെന്ന് എന്‍ എച്ച് എസ് ബോള്‍ട്ടനും പറയുന്നു. മറ്റു മിക്ക എന്‍ എച്ച് എസ് ട്രസ്റ്റുകളുടെ സ്ഥിതിയും വിഭിന്നമല്ല എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല