സ്വന്തം ലേഖകൻ: കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷമുള്ള 10 മത്തെ സമരത്തിന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയപ്പോള്‍ 91,000 എന്‍ എച്ച് എസ്സ് അപ്പോയിന്റ്മെന്റുകള്‍ നീട്ടി വയ്ക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. 23,000 ഓളം ജീവനക്കാര്‍ ജോലിയില്‍ കയറാതെ സമരം ചെയ്തതായി എന്‍ എച്ച് എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇതുവഴി ചികിത്സാ സമയത്ത്തില്‍ 1000 മണിക്കൂര്‍ നഷ്ടമായെന്നും എന്‍ എച്ച് എസ് ഇംഗ്ലണ്ട് പ്രതിനിധി അറിയിച്ചു.
2022 ഡിസംബര്‍ മുതല്‍ ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെയുള്ള വിവിധ വിഭാഗം ജീവനക്കാരുടെ സമരങ്ങളുടെ ഫലമായി ആകെ 14 ലക്ഷം ശസ്ത്രക്രിയകളും അപ്പോയിന്റ്മെന്റുകളുമാണ് റദ്ദാക്കിയിട്ടുള്ളത്. ഈയാഴ്ച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം ക്രിറ്റിക്കല്‍ കെയര്‍, നിയോനാറ്റല്‍ കെയര്‍, മറ്റേണിറ്റി, ട്രോമ യൂണിറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മറ്റു പല വിഭാഗങ്ങളില്‍ നിന്നും സീനിയര്‍ ഡോക്ടര്‍മാരെ അടിയന്ത്രിര ചികിത്സാ വിഭാഗത്തിലേക്ക് വിളിക്കേണ്ടതായും വന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അംഗങ്ങളായ ജൂനിയര്‍ ഡോക്ടര്‍മാരാണ് 35 ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് സമരത്തിനിറങ്ങിയിരിക്കുന്നത്. എന്നാല്‍, ഈ ആവശ്യം ആകപ്പാടെ നിരാകരിക്കുകയാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 39 ദിവസങ്ങളാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്തത്. എന്‍ എച്ച് എസ്സ് ഡോക്ടര്‍മാരില്‍ പകുതിയോളം പേര്‍ ജൂനിയര്‍ ഡോക്ടര്‍മാരാണ്. അവരില്‍ മൂന്നില്‍ രണ്ടു ഭാഗവും ബി എം എ അംഗങ്ങളും.
ആരോഗ്യ സംരക്ഷണമേഖലയിലെ തൊഴില്‍ ദാതാക്കളെ പ്രതിനിധാനം ചെയ്യുന്ന എന്‍ എച്ച് എസ് കോണ്‍ഫെഡറേഷന്‍ പറയുന്നത്, സര്‍ക്കാരും ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള തര്‍ക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് രോഗികളാണ് എന്നാണ്. നീട്ടിവെച്ച ചികിത്സകളുടെ എണ്ണം എടുക്ക്മ്പോള്‍ ഒരോ സംഖ്യക്ക് പുറകിലും വേദനയില്‍ ജീവിക്കുന്ന ഒരു രോഗിയുണ്ട് എന്നത് മറക്കരുതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍, തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം ചെയ്യും എന്നാണ് യൂണിയന്‍ പറയുന്നത്.
ഈ സാമ്പത്തിക വര്‍ഷം 9 ശതമാനം വര്‍ദ്ധനവായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിരുന്നത്. സമരത്തെ തുടര്ന്നുള്ള ചര്‍ച്ചകളില്‍ 3 ശതമാനത്തിന്റെ അധിക വര്‍ദ്ധനവും ചര്‍ച്ചയില്‍ ഉയര്‍ന്നു. എന്നാല്‍, ഒരു തീരുമാനത്തില്‍ എത്താതെ ഡിസംബറില്‍ തന്നെ ചര്‍ച്ചകള്‍ നിലച്ചു പോവുകയായിരുന്നു. 35 ശതമാനം ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യൂണിയന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല