സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജൂനിയര്‍ ഡോക്ടര്‍ സമരങ്ങള്‍ക്ക് തുടക്കം. ക്രിസ്മസ് -ന്യൂഇയര്‍ വേളകളിലെ പണിമുടക്ക് നീട്ടിവെയ്ക്കാന്‍ ആവശ്യം ഉയര്‍ന്നെങ്കിലും ബിഎംഎ ഇത് തള്ളുകയായിരുന്നു. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ വിന്റര്‍ സീസണിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ണിമുടക്ക് ആരംഭിച്ചത്.
ഡിസംബര്‍ 23 വരെ നീളുന്ന ആദ്യ സമരങ്ങളുടെ ഭാഗമായി എന്‍എച്ച്എസ് ആശുപത്രികളുടെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റ് അടച്ചുപൂട്ടിയത് യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതയാണ്. ജനുവരി 3 മുതല്‍ 9 വരെയാണ് രണ്ടാം ഘട്ട പണിമുടക്ക്. ചരിത്രത്തിലെ ഏറ്റവും നീളമേറിയ ഈ സമരം കൂടി നടപ്പായാല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
മൂന്ന് ദിവസത്തെ സമരത്തിന്റെ പ്രത്യാഘാതം വ്യക്തമാക്കിക്കൊണ്ടാണ് ഗ്ലോസ്റ്റര്‍ഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് ചെല്‍ട്ടെനാം എ&ഇ താല്‍ക്കാലികമായി അടച്ചത്. ഡിസംബര്‍ 23 വരെയാണ് അടച്ചിടുന്നത്. ഇതിന് ശേഷം ജനുവരി 1 മുതല്‍ 9 വരെയും ഈ നടപടി ആവര്‍ത്തിക്കും. എന്‍എച്ച്എസിനെ ‘സംരക്ഷിക്കാനാണ്’ ഈ സമരങ്ങളെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫസര്‍ ഫില്‍ ബാന്‍ഫീല്‍ഡിന്റെ പ്രതികരണം.
‘ഉദ്ദേശം എന്‍എച്ച്എസിനെ തകര്‍ക്കുകയല്ല, മറിച്ച് എന്‍എച്ച്എസിനെ രക്ഷിക്കുകയാണ്. പൈലറ്റുമാരില്ലാതെ വിമാനം പറക്കില്ല, അതുപോലെയാണ് ഡോക്ടര്‍മാരും, ഇവരെ രോഗികള്‍ക്ക് ആവശ്യമാണ്. ജോലിസ്ഥലത്ത് മൂല്യം ലഭിക്കാത്തതിനാലാണ് ഇവര്‍ വിട്ടുനില്‍ക്കുന്നത്’, ബാന്‍ഫീല്‍ഡ് പറഞ്ഞു. ഡിസംബര്‍, ന്യൂഇയര്‍ മാസങ്ങളിലെ പണിമുടക്ക് നീട്ടിവെയ്ക്കാന്‍ ആവശ്യം ഉയര്‍ന്നെങ്കിലും ബിഎംഎ ഇത് അംഗീകരിച്ചില്ല.
ശരാശരി ജൂനിയര്‍ ഡോക്ടര്‍ക്ക് 10 ശതമാനത്തിന് അടുത്ത് വര്‍ദ്ധന നല്‍കിയിട്ടും ഇത് അംഗീകരിക്കാതെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത് നിരാശാജനകമാണെന്ന് സുനാക് പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍ പണപ്പെരുപ്പത്തിന് താഴെ വര്‍ഷങ്ങളായി നല്‍കിയ വര്‍ദ്ധന പരിഗണിച്ചാല്‍ ഈ വര്‍ദ്ധന പര്യാപ്തമല്ലെന്നാണ് ബിഎംഎ നേതാക്കളുടെ മറുപടി. കഴിഞ്ഞ ഡിസംബറില്‍ ഒരു മില്ല്യണിലേറെ പ്രൊസീജ്യറുകളും, അപ്പോയിന്റ്‌മെന്റുകളാണ് റീഷെഡ്യൂള്‍ ചെയ്യേണ്ടതായി വന്നത്.
രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നതില്‍ വലിയ തടസ്സങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്റ് മുന്നോട്ട് വെയ്ക്കുന്ന പേ ഓഫര്‍ തള്ളിയാല്‍ കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ആറ് ദിവസങ്ങള്‍ നീളുന്ന സമരം ജനുവരി 2നും ആരംഭിക്കും.
സമരദിനങ്ങളില്‍ ‘ക്രിസ്മസ് ദിനത്തിലെ’ തോതിലാണ് ജീവനക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുക. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.8 മില്ല്യണില്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പണിമുടക്ക് വരുന്നത്. ബിഎംഎയും, ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകളില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് സമരപ്രഖ്യാപനം.
കഴിഞ്ഞ വിന്ററിന് സമാനമായി സമരങ്ങളുടെ തുടര്‍ദിനങ്ങളാണ് ഇക്കുറി ആഗതമാകുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 35% ശമ്പളവര്‍ദ്ധന വേണമെന്ന നിലപാടില്‍ നിന്നും ബിഎംഎ മേധാവികള്‍ പിന്നോട്ട് പോകാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 9.8 ശതമാനം വര്‍ദ്ധനവിന് പുറമെ അധികമായി 3 ശതമാനം കൂടി ചേര്‍ക്കാമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചത്. എന്നാല്‍ ഇത് പോരെന്നാണ് ബിഎംഎ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല