ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വീസായ എന്‍ എച്ച് എസിന് കഴിഞ്ഞയാഴ്ച കാഷ്വാലിറ്റി ടാര്‍ജറ്റ് പൂര്‍ത്തിയാക്കാനായില്ല. ആശുപത്രികളില്‍ എത്തുന്ന 95 ശതമാനം രോഗികളെയും നാല് മണിക്കൂറിനുള്ളില്‍ പരിഗണിക്കുക എന്നതാണ് കാഷ്വാലിറ്റി ടാര്‍ജറ്റ്. ഡിസംബര്‍ 18ന് അവസാനിച്ച ആഴ്ചയിലാണ് എന്‍ എച്ച് എസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയത്. ഇക്കാലയളവില്‍ 3129 രോഗികള്‍ പരിചരണം ലഭിക്കുന്നതിനായി നാല് മണിക്കൂറിലേറെ കാത്തിരുന്നു. ഇത് ആശുപത്രികളിലെത്തിയ മൊത്തം രോഗികളുടെ 5.3 ശതമാനമാണ്.
ഇത് ടോറി നേതൃത്വത്തിലുള്ള സര്‍ക്കാരിന് എന്‍എച്ച്എസിന്റെ നിയന്ത്രണം നഷ്ടമാകുന്നതിന്റെ ലക്ഷണമാണെന്ന് ഷാഡോ ആരോഗ്യ സെക്രട്ടറി ആന്‍ഡി ബര്‍മാന്‍ ആരോപിച്ചു. ശക്തമായ ശൈത്യം ആരംഭിച്ചതോടെ നിരവധി പേരാണ് അപകടങ്ങളിലും അനാരോഗ്യം മൂലവും കാഷ്വാലിറ്റികളിലെത്തിച്ചേരുന്നത്. ആരോഗ്യ സെക്രട്ടറി ആന്‍ഡ്ര്യൂ ലിന്‍സ്ലെ എന്‍എച്ച്എസ് ടാര്‍ജറ്റ് കുറയ്ക്കാനും സമ്മര്‍ദ്ദമില്ലാതെ ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കാനും ബില്‍ തയ്യാറാക്കിയപ്പോള്‍ തന്നെ ലേബര്‍ പാര്‍ട്ടി ഇക്കാര്യം മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.
എന്‍എച്ച്എസിനെ പുനസംഘാടനം ചെയ്യാന്‍ ഡേവിഡ് കാമറൂണ്‍ തിരഞ്ഞെടുത്ത സമയം തെറ്റായി പോയെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്‍ എച്ച് എസ് നിലവില്‍ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളടക്കം നിരവധി പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോഴാണ് ഇത്്. എന്‍ എച്ച് എസ് കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകാന്‍ കാമറൂണും ലിന്‍സ്ലെ തികച്ചും പരാജയപ്പെടുകയാണെന്നും ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നു. നാല് മണിക്കൂറില്‍ 98 ശതമാനം എന്നതില്‍ നിന്ന് 95 ശതമാനമാക്കിയ നടപടിയെയും ബര്‍മാന്‍ ആരോപിക്കുന്നു.
എന്‍ എച്ച് എസിനെ ആധുനിക വല്‍ക്കരിക്കാന്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ടാര്‍ജറ്റ് പാലിക്കാന്‍ പോയതെന്ന് ആരോഗ്യ മന്ത്രി സിമന്‍ ബേണ്‍സും അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ശൈത്യകാലമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ നാല് മണിക്കൂറിനുള്ളില്‍ 97 ശതമാനം രോഗികളെ പരിചരിക്കാനും വിട്ടയയ്ക്കാനും എന്‍ എച്ച് എസിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല