കീമോ തെറാപ്പിയും ഡയാലിസിസും ഇനി മുതല്‍ ജിപി ക്ലിനിക്കുകളില്‍ നടത്താവുന്ന സംവിധാനം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ്. നിലവിലുള്ള എന്‍എച്ച്എസ് നിയമങ്ങളില്‍ വരുത്തുന്ന നവീകരണത്തിന്റെ ഭാഗമായാണ് നടപടി.
കാന്‍സര്‍ രോഗികള്‍ക്കും പതിവായു ഡയാലിസിസിന് വിധേയരാകേണ്ടി വരുന്നവര്‍ക്കുമാണ് പുതിയ നിയമം ഏറെ ഉപകാരപ്രദമാകുക. രോഗികള്‍ക്ക് അവരുടെ താമസസ്ഥലത്തിന് അടുത്തു തന്നെ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുന്നതിനാണ് ഇത് വഴിയൊരുക്കുന്നത്.
ആശുപപത്രികളിലെ ജിപി സര്‍ജറികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതിനായി ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒപ്പം കൂടുതല്‍ വിദഗ്ദരേയും ലഭ്യമാക്കും. ചികിത്സകള്‍ക്കായി ജിപി സര്‍ജറികളെ ആശ്രയിക്കുന്ന 50 ലക്ഷത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
കെയര്‍ഹോമുകളിലെ സൗകര്യങ്ങളും നവീകരിക്കുന്നുണ്ട്. കമ്മ്യൂണിറ്റി ഹോസ്പിറ്റലുകളുടെ നവീകരണമാണ് മറ്റൊരു മാറ്റം. പ്രായമായവര്‍ക്കും ദീര്‍ഘകാല രോഗങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ മാറ്റങ്ങള്‍ ഗുണം ചെയ്യും.
ജിപികളും ആശുപത്രികളുമായുള്ള അകലം കുറക്കുകയാണ് ഇത്തരം നവീകരണങ്ങളുടെ ലക്ഷ്യമെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. അഞ്ചു വര്‍ഷം കൊണ്ട് എന്‍എച്ച്എസ് സംവിധാനം മൊത്തത്തില്‍ ഉടച്ചു വാര്‍ക്കാനാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല