യുകെയിലെ വൃദ്ധജനങ്ങള്‍ക്ക് ഇനി മുതല്‍ മരണസ്ഥലവും അവസാന കാല ചികിത്സയും സ്വയം തീരുമാനിക്കാം. ഇതു സംബന്ധിച്ച നിയമ പരിഷ്ക്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ് എന്‍എച്ച്എസ്.
ജീവിതത്തിന്റെ അവസാനം എങ്ങനെയായിരിക്കും എന്ന് സ്വയം തീരുമാനിക്കാനുള്ള അധികാരം രോഗികള്‍ക്ക് കൈമാറുന്നതാണ് പുതിയ സംവിധാനം. എന്‍എച്ച്എസിന്റെ അടിസ്ഥാന നിയമാവലിയില്‍ തന്നെ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതാണ് പുതിയ മാറ്റം എന്ന് കരുതപ്പെടുന്നു.
നിലവിലുള്ള രീതിയില്‍ പ്രായമായവരുടെ അവസാന കാലം എവിടെ ചെലവഴിക്കണമെന്നും എന്തു ചികിത്സ നല്‍കണമെന്നും തീരുമാനിക്കുന്നത് കെയര്‍ ഹോം അധികൃതരോ ബന്ധുക്കളോ ആണ്. നേരത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ രീതിയുടെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ നിയമപ്രകാരം പ്രായമായവര്‍ക്ക് തങ്ങളുടെ ആരോഗ്യത്തേയും അതിന്റെ സംരക്ഷണത്തേയും കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഒപ്പം രോഗികളുടെ ജീവന് അപകടത്തിലാണെങ്കില്‍ അത് അവരോട് വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരിക്കും.
ഓരോ ആശുപത്രിയും കെയര്‍ ഹോമും വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അറിയാനും അവ താരതമ്യം ചെയ്ത് ഒരു തീരുമാനത്തിലെത്താനും രോഗികള്‍ക്ക് സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മേന്മ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല