സ്വന്തം ലേഖകൻ: റെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷം എന്‍എച്ച്എസ് നഴ്സുമാരുടെ 2024/25 വര്‍ഷത്തെ പുതുക്കിയ ശമ്പളം നിശ്ചയിച്ചു. ഇതില്‍ ഏറ്റവുമധികം പ്രത്യേകതയുള്ളത് പുതുക്കിയ ശമ്പള നിരക്ക് പല വിദഗ്ധരും പ്രവചിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണ് എന്നതാണ്. അതിന്റെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം. വ്യാപകമായി 5.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ ഏത് ബാന്‍ഡില്‍ ഉള്‍പ്പെടുന്ന നഴ്സ് ആണെങ്കിലും, നേരത്തെ ശമ്പളത്തിന്റെ 5.5 ശതമാനം വര്‍ദ്ധനവ് നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങളുടെ ശമ്പളം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെ ബാന്‍ഡിംഗിനെയും അതുപോലെ നിങ്ങള്‍ക്ക് എത്ര വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നതിനെയുമാണ്. നിങ്ങള്‍ പുതുതായി യോഗ്യത നേടിയ ഒരു ബാന്‍ഡ് 5 നഴ്സ് ആണെങ്കില്‍ നിങ്ങളുടെ പുതിയ ശമ്പളം 29,969 പൗണ്ട് ആയിരിക്കും. അതേസമയം, നിങ്ങള്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്സ് ആണെങ്കില്‍, 32,324 പൗണ്ട് ആയിരിക്കും നിങ്ങളുടെ ശമ്പളം. രണ്ടു വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള ബാന്‍ഡ് 6 നഴ്സുമാര്‍ക്ക് 37,339 പൗണ്ട് ആയിരിക്കും പുതുക്കിയ ശമ്പളം.
എന്നാല്‍, 2023ല്‍ നല്‍കിയതുപോലെ ഒറ്റത്തവണ ബോണസ് ഇത്തവണ ഉണ്ടാകില്ല. 2023ല്‍ പണപ്പെരുപ്പം നിയന്ത്രണാധീതമായിരുന്നു. അതിനാല്‍ തന്നെ കുതിച്ചുയരുന്ന വിലക്കയറ്റത്തെ അഭിമുഖീകരിക്കാന്‍ നഴ്സുമാര്‍ക്ക് അത്തരത്തില്‍ ഒരു ഒറ്റത്തവണ ബോണസ് ഏറെ സഹായകമായിരുന്നു. എന്നാല്‍, നിലവില്‍ പണപ്പെരുപ്പം കാര്യമായി താഴ്ന്നിട്ടുണ്ട്. ഏപ്രിലില്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു ഈ ശമ്പള വര്‍ദ്ധനവ്. എന്നാല്‍, പൊതു തെരഞ്ഞെടുപ്പും മറ്റും കാരണം അത് നീണ്ടുപോവുകയായിരുന്നു. അതുകൊണ്ടു തന്നെ ഈ ശമ്പള വര്‍ദ്ധനവിന് ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യമുണ്ടായിരിക്കും.
സാധാരണ നിലയില്‍, എന്‍ എച്ച് എസ് ശമ്പള വര്‍ദ്ധനവ് പ്രതീക്ഷകള്‍ക്ക് ഒപ്പമോ അതിലും താഴെയുമോ ആയിരിക്കും. എന്നാല്‍, ഇത്തവണ അത് പ്രതീക്ഷകള്‍ക്കും അപ്പുറത്താണ്. എന്‍ എച്ച് എസ് ശുപാര്‍ശ ചെയ്തത് രണ്ടു മുതല്‍ മൂന്നു ശതമാനം വരെ ശമ്പള വര്‍ദ്ധനവായിരുന്നു. അതുപോലെ പണപ്പെരുപ്പം ഇപ്പോള്‍ സാധാരണ നിരക്കിലുമാണ്, ഏതാണ്ട് രണ്ടു ശതമാനത്തിനടുത്ത്. പണപ്പെരുപ്പ നിരക്കിനെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ശമ്പള വര്‍ദ്ധനവ് സാധാരണ ഇല്ലാത്തതാണ്. ചിലര്‍ പറയുന്നത് സര്‍ക്കാരിന്റേത് ആവശ്യത്തിലധികം ഉദാരമായ ഒരു സമീപനമാണ് ഇക്കാര്യത്തിലെന്നാണ്.
എന്നാല്‍, കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചാല്‍ ഇത് അമിതമായ ശമ്പള വര്‍ദ്ധനവല്ല എന്ന് കാണാം. 2010 നും 2020 നും ഇടയില്‍ എന്‍ എച്ച് എസ് ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലായിരുന്നു. മാത്രമല്ല, പലപ്പോഴും പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറവുമായിരുന്നു ഇത്. അതുപോലെ മറ്റു പല മേഖലകളിലും ഉണ്ടായ ശമ്പള വര്‍ദ്ധനവിനേക്കാള്‍ കുറവായിരുന്നു താനും. അങ്ങനെ നോക്കുമ്പോള്‍, സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശമ്പള വര്‍ദ്ധനവ് തികച്ചും നീതീകരിക്കാന്‍ ആകുന്നത് തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല