സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സില്‍ അരലക്ഷത്തോളം നഴ്സിംഗ് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുമ്പോള്‍ ഉള്ള ജീവനക്കാരില്‍ പകുതിയും ജോലി ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലെന്ന് സര്‍വേ. ഇവര്‍ ജോലി ഉപേക്ഷിച്ചു പോകുന്നത് തടയുന്നതിനായി ശമ്പളത്തിനു പുറമെ അധിക തുക കൂടി പ്രതിഫലമായി നല്‍കണമെന്ന ആവശ്യം ഇതോടെ ശക്തമായി.
ഇപ്പോള്‍ തന്നെ ജീവനക്കാരുടെ കുറവു മൂലം കടുത്ത പ്രതിസന്ധിയിലായ എന്‍ എച്ച് എസിന് കൂടുതല്‍ ജീവനക്കാര്‍ വിട്ടുപോകുന്നത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക്, പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ശമ്പള വര്‍ദ്ധനവും അതിനു പുറമെ അധിക വേതനവും നല്‍കണം എന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) ആവശ്യപ്പെടുന്നത്.
ജീവനക്കാരെ, ജോലിയില്‍ നിന്നും വിട്ടുപോകാതെ എന്‍ എച്ച് എസ്സിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ ഇത് ആവശ്യമാണെന്നാണ് ആര്‍ സി എന്‍ പറയുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ഏറെ ദുരിതങ്ങള്‍ സൃഷ്ടിച്ച എന്‍ എച്ച് എസ് സമരത്തിന് സമാനമായ സമരത്തെ കുറിച്ചുള്ള മുന്നറിയിപ്പും യൂണിയന്‍ നല്‍കുന്നുണ്ട്. എല്ലാ വര്‍ഷങ്ങളിലെയും ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന പേയ് റിവ്യു ബോഡി (പി ആര്‍ ബി) ക്ക് മുന്‍പിലാണ് ആര്‍ സി എന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ ആര്‍ സി എന്‍ പങ്കെടുത്തിരുന്നില്ല. അതുപോലെ യൂണിസന്‍, ജി എം ബി എന്നീ യൂണിയനുകള്‍ പി ആര്‍ ബി ക്ക് മുന്‍പില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാതെ ആരോഗ്യ വകുപ്പുമായി നേരിട്ട് ഇടപെടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടയില്‍, ആയിരക്കണക്കിന് മുന്‍ നിര നഴ്സിംഗ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേഫലവും ആര്‍ സി എന്‍ പുറത്തുവിട്ടു. അത് പറയുന്നത് നിലവിലെ നഴ്സിംഗ് ജീവനക്കാരില്‍ പകുതിയോളം പേര്‍ ജോലി വിടാന്‍ ആഗ്രഹിക്കുന്നു എന്നാണ്.
നിലവില്‍ ഇംഗ്ലണ്ടില്‍ മാത്രം 42,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ആര്‍ സി എന്‍, വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് കൂടി ഉണ്ടായാല്‍ അത് എന്‍ എച്ച് എസ്സിനെ കടുത്ത പ്രതിസന്ധിയിലാക്കും എന്നും ഓര്‍മ്മിപ്പിക്കുന്നു. കുറഞ്ഞ വേതനം, മെച്ചമല്ലാത്ത തൊഴില്‍ അന്തരീക്ഷം, ജീവനക്കാരുടെ കുറവു മൂലമുണ്ടാകുന്ന അമിത ജോലി ഭാരം എന്നിവയൊക്കെയാണ് ജോലി വിടാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല