എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള പണമില്ലാതെ ഇരിക്കുമ്പോള്‍ എന്‍എച്ച്എസ് ഓഫീസുകള്‍ മോടി പിടിപ്പിക്കുന്നതിനായി 70 മില്യണ്‍ പൗണ്ടോളം ചെലവാക്കിയ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ നടപടികള്‍ വിവാദത്തില്‍.
2010 മുതല്‍ ഇതുവരെ 68 മില്യണ്‍ പൗണ്ടാണ് ഓഫീസുകളുടെ അറ്റകുറ്റപ്പണിക്കായി ചെലവാക്കിയത്. വരുന്ന മെയ് മാസത്തിന് മുന്‍പ് 20 മില്യണ്‍ പൗണ്ട് കൂട ചെലവഴിക്കും. ഇതില്‍ 1.4 മില്യണ്‍ പൗണ്ട് ഹെല്‍ത്ത് സെക്രട്ടറിയുടെ വെസ്റ്റ് മിനിസ്റ്ററുടെ റിച്ച്മണ്ട് ഹൗസ് ഓഫീസിന്റെ അറ്റകുറ്റപ്പണിക്കായിട്ടാണ്.
ഇതുമായി ബന്ധപ്പെട്ട കണക്കുകളില്‍ പറയുന്ന മറ്റൊരു വസ്തുതയുണ്ട്. എന്‍എച്ച്എസ് ആശുപത്രികളുടെ കെട്ടിടങ്ങള്‍ കൊള്ളാവുന്ന പരുവത്തില്‍ ആക്കിയെടുക്കാന്‍ 4 ബില്യണ്‍ പൗണ്ട് വേണം. ഇതില്‍ തന്നെ ഹൈ റിസ്‌ക് അറ്റകുറ്റപ്പണികളുമുണ്ട്. അതായത് അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ രോഗികള്‍ക്ക് പരുക്കേല്‍ക്കാനും ചികിത്സയ്ക്ക് തടസ്സമാകാനും സാധ്യതയുള്ള തകരാറുകള്‍. ഇവയൊന്നും പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴാണ് ഓഫീസുകള്‍ക്കായി ആരോഗ്യ വകുപ്പ് പണം മുടക്കുന്നത്.
രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിനാണ് എന്‍എച്ച്എസും ആരോഗ്യവകുപ്പും മുന്‍ഗണന നല്‍കേണ്ടതെന്ന് ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ജൊനാഥന്‍ ഇസബി പറഞ്ഞു. കോടി കണക്കിന് പൗണ്ട് കടമുള്ള എന്‍എച്ച്എസ് ഒരോ പെന്നി ചെലവാക്കുമ്പോഴും അത് പാഴായി പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നുവെന്നുംം ഇസബി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല