കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്ന് മാസത്തിനുള്ളില്‍ എന്‍എച്ച്എസില്‍ 20,000 ശസ്ത്രക്രിയകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് കണക്കുകള്‍. അവസാന നിമിഷം മാറ്റിവെച്ച ശസ്ത്രക്രിയകളാണ് ഇവയില്‍ ഏറെയും. ബ്രിട്ടണില്‍ തണുപ്പ് അധീകരിച്ചതിനെ തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ തിരക്കേറിയതും ബെഡുകളുടെ ലഭ്യതക്കുറവുമാണ് ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കാന്‍ കാരണം.
കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഇത്രയധികം ശസ്ത്രക്രിയകള്‍ മാറ്റി വെയ്‌ക്കേണ്ടി വന്നത് ഇതാദ്യമായാണെന്ന് എന്‍എച്ച്എസ് വെള്ളിയാഴ്ച്ച പുറത്തുവിട്ട കണക്കുകളില്‍നിന്ന് വ്യക്തമാകുന്നു. 2001-02 വര്‍ഷത്തിലാണ് ഏറ്റവും അധികം ശസ്ത്രക്രിയകള്‍ മുന്നറിയിപ്പ് ഇല്ലാതെ മാറ്റിവെച്ചത്. 20,036 ശസ്ത്രക്രിയകളാണ് അന്ന് മാറ്റിവെച്ചത്.
നോണ്‍ ക്ലിനിക്കലായിട്ടുള്ള കാരണങ്ങള്‍ കൊണ്ടാണ് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചതെന്ന് എന്‍എച്ച്എസ് തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നോണ്‍ ക്ലിനിക്കലായിട്ടുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ എന്‍എച്ച്എസ് കൂട്ടാക്കിയിട്ടില്ല. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ കൂടുതല്‍ രോഗികള്‍ എത്തിയതും, രോഗികള്‍ക്ക് കിടക്കാന്‍ ആവശ്യമായ ബെഡുകള്‍ ഇല്ലാത്തതുമാണ് ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കാന്‍ കാരണം എന്നാണ് അറിയാന്‍ സാധിച്ചത്.
ലണ്ടനിലെ ബാര്‍ട്‌സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിലാണ് ഏറ്റവും അധികം ശസ്ത്രക്രിയകള്‍ മാറ്റിവെച്ചത്. 482 ശസ്ത്രക്രിയകളാണ് ഇവിടെ മൂന്നു മാസത്തിനിടെ മാറ്റി വെയ്ക്കപ്പെട്ടത്. കിംഗ്‌സ് കോളജ് ഹോസ്പിറ്റല്‍ എന്‍എച്ച്‌സ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ 426, ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ 410, ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ ഹോസ്പിറ്റലില്‍ 393 ശസ്ത്രക്രിയകളും മാറ്റിവെയ്ക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല