രജനികാന്ത് സ്റ്റൈലില്‍ പറയുകയാണെങ്കില്‍ കാമറൂണ്‍ സര്‍ക്കാര്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നൂറു തവണ തീരുമാനിച്ച മാതിരി എന്ന് പറയണം. ഇതുപറയാന്‍ കാരണം വമ്പിച്ച പ്രതിഷേധം വകവെക്കാതെ എന്‍എച്ച്എസ്സ സ്വകാര്യവത്കരണം ഒടുവില്‍ സംഭവിക്കുക തന്നെ ചെയ്തതാണ്. ആയിരക്കണക്കിന് വരുന്ന എന്‍എച്ച്എസ് രോഗികളെ ഇനി മുതല്‍ പരിചരിക്കുക വെര്‍ജിന്‍ കെയര്‍ എന്ന സ്വകാര്യ കമ്പനിയാണ്. ഇതിനായി അഞ്ചു വര്‍ഷത്തേക്ക് അഞ്ഞൂറ് മില്ല്യണ്‍ പൌണ്ട് എന്ന കാരാറിലാണ് ഇരുവരും ചേര്‍ന്ന് ഒപ്പ് വയ്ക്കുവാനായി പോകുന്നത്. സര്‍ റിച്ചാര്‍ഡ് ബ്രാന്സണ്‍ന്റെ വെര്‍ജിന്‍ ഗ്രൂപ്പ് ഇതോടെ രോഗികള്‍ക്ക് വിവിധ സേവനങ്ങള്‍ സറേയില്‍ നല്‍കും എന്ന് വ്യക്തമാക്കി.
കരാര്‍ പ്രകാരം എന്‍എച്ച്എസ് നടത്തികൊണ്ടിരുന്ന മിക്കവാറും ട്രസ്റ്റുകള്‍ വെര്‍ജിന്‍ കെയര്‍ ഇനി മുതല്‍ ഏറ്റെടുത്തു പരിഷ്കരിക്കും. ഇതേ രീതിയില്‍ എട്ടോളം ആശുപത്രികളിലാണ് ഇനി മുതല്‍ ഈ സ്വകാര്യ കമ്പനിയുടെ സേവനം ലഭ്യമാകുക. മാത്രവുമല്ല രോഗികളെ വീട്ടില്‍ പോയി പരിചരിക്കുന്ന സേവന രീതിയും വെര്‍ജിന്‍ കെയര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്തനാര്‍ബുദ പരിശോധന, ലൈംഗിക ആരോഗ്യ ക്ലിനിക്കുകള്‍, ദന്ത പരിചരണം, ഫിസിയോതെറാപ്പി, പുനരധിവാസം എന്നീ സേവനങ്ങള്‍ ഇവര്‍ ലഭ്യമാക്കും.
ഏകദേശം 2500 എന്‍എച്ച്എസ് ജീവനക്കാര്‍ വെര്‍ജിന്‍ കെയറിലേക്ക് മാറും. ശമ്പളത്തിലോ മറ്റു വ്യവസ്ഥകളിലോ ജീവനക്കാര്‍ക്ക് യാതൊരുവിധ മാറ്റവും ഉണ്ടാകില്ല. ഇത് രോഗികള്‍ക്ക് മികച്ച വാര്‍ത്തയാണ് എന്നാണു സറെയിലെഎന്‍.എച്ച്.എസ് പ്രതിനിധിയായ ആനി വാക്കര്‍ അറിയിച്ചത്. രോഗികള്‍ക്ക് കൂടുതല്‍ നല്ല രീതിയിലുള്ള സേവനം കൊണ്ട് വരുന്നതിനും എന്‍.എച്ച്.എസ് ശ്രദ്ധ ആവശ്യമുള്ള മറ്റു മേഖലകളില്‍ പതിപ്പിക്കുന്നതിനും ഈ നീക്കം സഹായിക്കും.
രോഗികളുടെ കൃത്യമായ പരിചരണം നടപ്പിലാക്കുന്നതില്‍ യാതൊരു വിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് എന്‍.എച്ച്.എസ് അധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 2010 വരെ അഷുറ മെഡിക്കല്‍സ് എന്നറിയപ്പെട്ടിരുന്ന കമ്പനി പിന്നീട് വെര്‍ജിന്‍ ഗ്രൂപ്പ് സ്വന്തമാക്കുകയും അത് വഴി വെര്‍ജിന്‍ കെയര്‍ എന്ന് പേരു മാറ്റുകയുമായിരുന്നു. ഏപ്രില്‍ മുതല്‍ സറെയുടെ ആരോഗ്യം ഇനി വെര്‍ജിന്‍ കെയറിന്റെ കൈകളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല