സ്വന്തം ലേഖകൻ: ലിവിംഗ് കോസ്റ്റ് പ്രതിസന്ധിക്കിടെ കൂനിന്മേല്‍ കുരു എന്നവിധം എന്‍ എച്ച് എസ്സ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളും വര്‍ദ്ധിക്കുന്നു. മെയ് മാസം മുതലാണ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. നിരവധി രോഗികള്‍ക്ക് ഒരു മോശം വാര്‍ത്ത എന്നാണ് ഈ വര്‍ദ്ധനവിനെ കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് മോറിസണ്‍ വിശേഷിപ്പിച്ചത്. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ അവശ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മറ്റൊരു ദുരിതം കൂടി ഇത് സമ്മാനിക്കുമെന്നും അവര്‍ പറഞ്ഞു. ഏതൊക്കെ മരുന്നുകളാണ് തങ്ങള്‍ക്ക് താങ്ങാനാകുക എന്ന ഒരു തീരുമാനം രോഗികള്‍ എടുക്കേണ്ടതായി വരും.
അവശ വിഭാഗങ്ങള്‍ക്ക് മേല്‍ മറ്റൊരു ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നതാണ് ഈ വര്‍ദ്ധനവ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം മൂന്നു ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രിസ്‌ക്രിപ്ഷനില്‍ ഉണ്ടാവുക. അതിനു പുറമെ, സര്‍ജിക്കല്‍ ബ്രാ, വിഗ്ഗുകള്‍ തുടങ്ങിയ ഫേബ്രിക് സപ്പോര്‍ട്ട് നിരക്കുകളിലും വര്‍ദ്ധനവ് ഉണ്ടാകും. 2024 മെയ് 1 മുതല്‍ പ്രിസ്‌ക്രിപ്ഷനുകളിലും പ്രിസ്‌ക്രിപ്ഷന്‍ പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റുകളിലും (പി പി സി) 2.59 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാവുക. ഫേബ്രിക് സപ്പോര്‍ട്ട് നിരക്കും സമാനമായ ശതമാനത്തില്‍ ഉയരും.
പ്രിസ്‌ക്രൈബ് ചെയ്യുന്ന ഓരോ മരുന്നിന്റെയും ഉപകരണത്തിന്റെയും നിരക്ക് 9.90 പൗണ്ട് ആയി ഉയരും. അതേസമയം മൂന്നു മാസത്തെ പി പി സിയുടെ നിരക്ക് 32.05 ശതമാനമായും 12 മാസത്തെ പി പി സിയുടെ നിരക്ക് 114.50 പൗണ്ട് ആയും ഉയരും. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി (എച്ച് ആര്‍ ടി) പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് (പി പി സി) നിരക്ക് 50 പെന്‍സ് വര്‍ദ്ധിച്ച് 19.80 പെന്‍സ് ആയി ഉയരും. അതായത്, സ്റ്റാന്‍ഡേര്‍ഡ് പ്രിസ്‌ക്രിപ്ഷന്‍ നിരക്കിന്റെ ഇരട്ടിയായി ഇത് ഉയരുമെന്നര്‍ത്ഥം.
എന്‍ എച്ച് എസ്സില്‍ ലഭിക്കുന്ന പത്തില്‍ ഒന്‍പത് വസ്തുക്കളും സൗജന്യമായിട്ടാണ് ലഭിക്കുന്നതെന്നും, പ്രിസ്‌ക്രിപ്ഷന്‍ നിരക്ക് താങ്ങാനാകാത്തവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വക്താവ് അറിയിച്ചു. കുറഞ്ഞ വരുമാനക്കാര്‍, 60 വയസ്സു കഴിഞ്ഞവര്‍, കാന്‍സര്‍, ചുഴലി, പ്രമേഹം തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയവരൊക്കെ ഇളവുകള്‍ ലഭിക്കുന്ന വിഭാഗമാണ്. അതുപോലെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇളവുകളുണ്ട്.
രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷ ഉറപ്പു വരുത്തുന്നതിനും അതിനോടൊപ്പം സുസ്ഥിരമായ ഒരു ബിസിനസ്സ് മാതൃക പരിപാലിക്കുന്നതിനുമായി കാലാകാലങ്ങളില്‍ എന്‍ എച്ച് എസ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല