1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രിയില്‍ കഴിയുന്ന വൃദ്ധര്‍ക്കായി എന്‍എച്ച്എസ് ഒരാഴ്ച ചെലവഴിക്കുന്നത് നാല് മില്യണ്‍ പൗണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ഇവരെ ഏറ്റെടുക്കേണ്ട ലോക്കല്‍ കൗണ്‍സിലുകള്‍ മതിയായ സൗകര്യം ഏര്‍പ്പെടുത്താത്തത് കാരണമാണ് എന്‍എച്ച്എസിന് ഇത്രയധികം തുക അധികം ചെലവഴിക്കേണ്ടി വരുന്നത്. ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്ന എന്‍എച്ച്എസുകള്‍ക്ക് ഇത്രയധികം തുക അധികമായി ചെലവഴിക്കേണ്ടി വരുന്നതും ഒപ്പം ബെഡ് ബ്ലോക്കിംഗും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് ഭൂരിഭാഗം എന്‍എച്ച്എസ് മാനേജര്‍മാരും പരാതി പറയുന്നു.

ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും വൃദ്ധരായ ആളുകളെ ലോക്കല്‍ കൗണ്‍സിലുകള്‍ ഏറ്റെടുക്കാത്തതാണ് ഇത്തരം പ്രതിസന്ധിക്ക് കാരണമെന്ന് പത്തില്‍ ഒന്‍പത് എന്‍എച്ച്എസ് മാനേജര്‍മാരും ചൂണ്ടിക്കാട്ടുന്നു. സ്‌ട്രോക്കോ മറവി രോഗങ്ങളോ ബാധിച്ച ഇത്തരം രോഗികളെ റസിഡന്‍ഷ്യല്‍ കെയര്‍ ഹോമുകളിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അതാതു ലോക്കല്‍ കൗണ്‍സിലുകളാണ്. മറ്റുളള രോഗികള്‍ക്ക് പരിചാരകരേയോ വീടുകളില്‍ സ്റ്റെയര്‍ ലിഫ്റ്റുകളോ പടിക്കെട്ടുകളില്‍ റെയിലിംഗുകളോ വച്ചുകൊടുക്കേണ്ട ബാധ്യതയും ലോക്കല്‍ കൗണ്‍സിലുകള്‍ക്കാണ്. ഇവയ്ക്ക് ഉണ്ടാകുന്ന കാലതാമസം കാരണമാണ് പലരും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രികളില്‍ തന്നെ കഴിയേണ്ടിവരുന്നത്.

എന്നാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്ന കൗണ്‍സിലുകളും ഇതിനായി പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതാണ് കാലതാമസം നേരിടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം മാത്രം 76,000 ദിവസമാണ് ഈ രോഗികള്‍ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷം 28,300 രോഗികളാണ് ഒരാവശ്യവുമില്ലാതെ ആശുപത്രിയില്‍ ദിവസങ്ങള്‍ ചെലവഴിച്ചത്. ഒരു രാത്രി മുഴുവന്‍ ഒരു രോഗിയെ ആവശ്യമില്ലാതെ ആശുപത്രിയില്‍ കഴിയാന്‍ അനുവദിക്കുന്നതിന് എന്‍എച്ച്എസിന് ചുരുങ്ങിയത് 255 പൗണ്ട് ചെലവഴിക്കേണ്ടി വരുന്നുണ്ട്.

ആരോഗ്യമേഖലയിലെ എല്ലാ സംഘടനകളേയും പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് കോണ്‍ഫഡേറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ പ്രതിഭാസം കാരണം എന്‍എച്ച്എസിന് ഒരു ദിവസം 545,000 പൗണ്ട് ചെലവാകുന്നുണ്ട്. ഒരു വര്‍ഷം ഇത് കാരണം 200 മില്യണ്‍ പൗണ്ടിന്റെ ചെലവ്. മാരക രോഗങ്ങള്‍ക്കായി എന്‍എച്ച്എസ് ചെലവാക്കുന്ന തുകയേക്കാള്‍ കൂടുതുലാണ് ഇത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയ്ക്കാണ് സ്ഥിതിഗതികള്‍ ഇത്രയേറെ വഷളായതെന്നാണ് എന്‍എച്ച്എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം.

ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും രോഗികള്‍ ആശുപത്രികള്‍ വിടാത്തത് കാരണം സാമ്പത്തിക ബുദ്ധിമുട്ട് മാത്രമല്ല മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ടെന്നാണ് ആശുപത്രികളുടെ അഭിപ്രായം. ചെലവു ചുരുക്കല്‍ കാരണം പല ആശുപത്രികളിലേക്കും അധികമായി ബെഡ് നല്‍കാന്‍ കഴിയുന്നില്ല. ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും പല രോഗികളും ബെഡ് ബ്ലോക്ക് ചെയ്യുന്നത് കാരണം പുതുതായി എത്തുന്ന രോഗികള്‍ക്ക് കിടക്ക അനുവദിക്കാന്‍ നാല് മുതല്‍ 50 മണിക്കൂറുകള്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നുണ്ട്. കിടക്കകളുടെ അഭാവം കാരണം ബെഡ് മാനേജര്‍മാര്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെ പാതിരാത്രിയില്‍ വരെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.