സ്വന്തം ലേഖകൻ: സ്‌കോട്ടിഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ ശമ്പള വര്‍ദ്ധനവ് നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് രണ്ട് യൂണിയനുകള്‍ എന്‍എച്ച്എസ്സ്ജീവനക്കാരായ അംഗങ്ങളോട് ആവശ്യപ്പെട്ടു. 5.5 ശതമാനം വര്‍ദ്ധനവ് എന്ന നിര്‍ദ്ദേശത്തെ യൂണിസന്‍, യുണൈറ്റ് യൂണിയനുകളാണ് അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ജീവനക്കാരെ ഇത്രയും കാത്തു നിര്‍ത്തുന്നത് അനീതികരമാണെന്നും സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ എന്‍ എച്ച് എസ് യൂണിയന്‍ ആയ യൂണിസന്‍ പ്രതികരിച്ചു.
നഴ്സുമാര്‍, മിഡ്വൈഫുമാര്‍, പാരാമെഡിക്‌സ്, അനുബന്ധ ആരോഗ്യ പ്രവര്‍ത്തകര്‍, പോര്‍ട്ടര്‍മാര്‍ തുടങ്ങി ഏതാണ് 1,70,000 എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2024- 25 കാലഘട്ടത്തിലേക്കുള്ള ഈ വര്‍ദ്ധനവ് ഏപ്രില്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും നിലവില്‍ വരിക. ഈ നിര്‍ദ്ദേശം അംഗീകരിക്കുന്നതിനുള്ള വോട്ടിംഗ് യുണൈറ്റ് യൂണിയന്‍ ആഗസ്റ്റ് 29 ന് ആരംഭിക്കും. സെപ്റ്റംബര്‍ 18 വരെയായിരിക്കും വോട്ടിംഗ്. യൂണിസന്‍ അവരുടെ അംഗങ്ങളുടെ വോട്ടുകള്‍ തേടുക ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 20 വരെ ആയിരിക്കും.
എന്‍ എച്ച് എസ് ഇംഗ്ലണ്ടിലെ ജീവനക്കാര്‍ക്ക് നല്‍കിയ വര്‍ദ്ധനവിനോട് സമാനമായ വര്‍ദ്ധനവ് ഖജനാവിന് 448 മില്യന്‍ പൗണ്ടിന്റെ ബാദ്ധ്യതയുണ്ടാക്കും എന്നാണ് കരുതുന്നത്. യൂണിയനുകള്‍ ഈ ഓഫര്‍ അംഗീകരിക്കുകയാണെങ്കില്‍, യു കെ യിലെ തന്നെ ഏറ്റവും മികച്ച എന്‍ എച്ച് എസ് ശമ്പള പാക്കേജ് ആയിരിക്കും ഇതെന്നാണ് സ്‌കോട്ട്‌ലാന്‍ഡ് അവകാശപ്പെടുന്നത്. ഡോക്ടര്‍മാരുടെ ശമ്പള വിഷയം തികച്ചും വ്യത്യസ്തമായ ഒന്നായതിനാല്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പുതിയ ശമ്പള നിരക്കനുസരിച്ച്, ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 1,278 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് യുണൈറ്റ് യൂണിയന്‍ അവകാശപ്പെടുന്നത്. അതായത്, മണിക്കൂറില്‍ 12.71 പൗണ്ട് വേതനമായി ലഭിക്കും. ഇപ്പോള്‍ ലഭിച്ച ഈ ഓഫര്‍ ഏറ്റവും മികച്ചതാണെന്ന് യുണൈറ്റ് യൂണിയന്‍ വക്താവും സമ്മതിക്കുന്നു. 5.5 ശതമാനം എന്നാല്‍, നിലവിലെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ മുകളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല