
സ്വന്തം ലേഖകൻ: എന്‍എച്ച്എസിനെ ബാധിക്കുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ പുതുവഴികള്‍ തേടി സര്‍ക്കാര്‍. നഴ്‌സിംഗ് ഡിഗ്രിയും ഡോക്ടര്‍ ഡിഗ്രിയും കാലയളവ് കുറച്ചുകൊണ്ടുവരാനാണ് ശ്രമം. ഡോക്ടര്‍മാരുടെ ട്രെയിനിംഗ് ഒരു വര്‍ഷമായി കുറയ്ക്കുന്നത് ഉള്‍പ്പെടെ നീക്കങ്ങളാണ് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നത്.
ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ ഡോക്ടര്‍മാരുടെ ഡിഗ്രി ലഭിക്കാന്‍ അഞ്ചിന് പകരം നാല് വര്‍ഷം മതിയാകും. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പഠനവും ഫാസ്റ്റ് ട്രാക്കിലാക്കി രണ്ടര വര്‍ഷത്തിനുള്ളില്‍ ക്വാളിഫിക്കേഷന്‍ നേടുന്ന തരത്തിലേക്ക് മാറ്റാനാണ് ആലോചന.
എന്നാല്‍ വിമര്‍ശകര്‍ പദ്ധതികള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നു. രോഗികളുടെ സുരക്ഷിതത്വം അപകടത്തിലാകുമെന്നാണ് ഇവരുടെ പ്രധാന വാദം. കൂടാതെ എന്‍എച്ച്എസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അകറ്റാനാണ് ഇത് വഴിയൊരുക്കുകയെന്നും ഇവര്‍ വാദിക്കുന്നു. ഇതോടെ ഗുണത്തിന് പകരം കൂടുതല്‍ ദോഷമാകും നേരിടുകയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഗവണ്‍മെന്റ് അമിത പ്രധാന്യം നല്‍കുന്നതായി ഒരു സ്രോതസ് മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികളെ സൂപ്പര്‍വൈസ് ചെയ്യുന്ന നിലവിലെ അനുഭവസമ്പത്തുള്ള ജോലിക്കാരെ നിലനിര്‍ത്തുന്നതിന് ഈ ശ്രദ്ധ ലഭിക്കുന്നുമില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സ് പ്ലാനിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തുക.
പഠിക്കുമ്പോള്‍ തന്നെ ജോലി ചെയ്യാന്‍ കഴിയുന്ന ഡോക്ടര്‍ അപ്രന്റീസ്ഷിപ്പിന് പദ്ധതി അംഗീകാരം നല്‍കുമെന്നാണ് സൂചന. പരമാവധി നഴ്‌സുമാരെ എന്‍എച്ച്എസില്‍ എത്തിക്കാനുള്ള ശ്രമങ്ങളും ത്വരിതപ്പെടുത്തുകയാണ്. സമയപരിധി ചുരുക്കിയ നഴ്‌സിംഗ് പ്രോഗ്രാമുകള്‍ ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സിംഗ് ജീവനക്കാരെ നല്‍കുന്നതിന് വിഘാതമായി മാറുമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല