സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സ് അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ താത്ക്കാലികമായി നിയമിക്കുന്നത് വഴി എന്‍ എച്ച് എസ്സിന് പ്രതിവര്‍ഷം 10 ബില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നു. യുകെയില്‍ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളും ജി പി സര്‍ജറികളും ഏജന്‍സി ജീവനക്കാര്‍ക്കായി 4.6 ബില്യണ്‍ പൗണ്ടാണ് നല്‍കുന്നത്.
ഏജന്‍സികള്‍ക്ക് വേണ്ടി അമിതമായി പണം ചെലവഴിക്കുകയാണെന്നും, താത്ക്കാലിക ജീവനക്കാരെ ആശ്രയിക്കാതെ പൂര്‍ണ്ണ സമയ ജീവനക്കാരെ നിയമിച്ചാല്‍ ഇതിലും കുറവ് ചെലവ് മാത്രമെ ഉണ്ടാവുകയുള്ളു എന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗും പറയുന്നു. ഇംഗ്ലണ്ടില്‍ മാത്രം നിലവില്‍ നഴ്സുമാരുടെ 42,306 വേക്കന്‍സികള്‍ ഉണ്ടെന്നും ആര്‍ എം സി വക്താവ് പറഞ്ഞു.
അതിനിടെ യുകെയിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എൻഎച്ച്എസ്) പ്രതിനിധികളുമായി ചർച്ച നടത്തി നോർക്ക റൂട്ട്സ്. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിൽ ഏപ്രിൽ മുതല്‍ പ്രതിവര്‍ഷം 1000ൽപ്പരം റിക്രൂട്ട്മെന്റുകള്‍ (പ്രോജക്റ്റ് 1000പ്ലസ്) സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശേരി എന്നിവര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍,നഴ്സുമാര്‍ എന്നിവരെ കൂടാതെ ആരോഗ്യമേഖലയില്‍ നിന്നുളള മറ്റ് പ്രൊഷനലുകള്‍ക്ക് കൂടി റിക്രൂട്ട്മെന്റിൽ അവസരം ലഭ്യമാക്കുമെന്ന് നോർക്ക റൂട്ട്സ് പറഞ്ഞു.
കഴിഞ്ഞ മൂന്നു യുകെ കരിയര്‍ ഫെറുകള്‍ സംബന്ധിച്ചും യോഗത്തില്‍ വിശദമായി വിലയിരുത്തി. റിക്രൂട്ട്മെന്റ് നടപടികള്‍ നിശ്ചിതസമയപരിധിക്കുളളില്‍ സാധ്യമാക്കുന്നതിനായുളള നിര്‍ദ്ദേശങ്ങൾ, പ്രത്യേക റിക്രൂട്ട്മെന്റ് പോര്‍ട്ടലിന്റെ ഡിജിറ്റല്‍ സാധ്യതകൾ എന്നിവയും ചര്‍ച്ചയിൽ ഉൾപ്പെട്ടുവെന്ന് നോർക്ക റൂട്ട്സ് പ്രതിനിധികൾ പറഞ്ഞു.
യുകെയിലെ കെയര്‍ ഹോമുകളിലേക്കുള്ള സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെ സാധ്യതകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്നുളള നഴ്സുമാരുടെ തൊഴില്‍നൈപുണ്യം മികച്ചതാണെന്ന് യുകെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കൂടി ഉപകാരപ്രദമാകും വിധം റിക്രൂട്ട്മെന്റ് രീതിയില്‍ മാറ്റം വരുത്തുന്നതിനും നിര്‍ദ്ദേശമുണ്ടായി.
അതേസമയം, ജീവനക്കാരുടെ സമരങ്ങളും, എന്‍ എച്ച് എസിന് മേല്‍ വന്ന അമിത സമ്മര്‍ദ്ധവും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏജന്‍സി സ്റ്റാവിനായി ചെലവഴിക്കുന്നതുക കുറഞ്ഞു വരികയാണെന്ന് എന്‍ എച്ച് എസ് വക്താവ് അവകാശപ്പെടുന്നു. ഏജന്‍സികളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും, കൂടുതല്‍ നഴ്സിംഗ് ജീവനക്കാരെ പരിശീലിപ്പിച്ച് എടുക്കുമെന്നും വക്താവ് അറിയിച്ചു. എന്നാല്‍, പ്രദേശവാസികള്‍ കൂടുതലായി ഈ രംഗത്തേക്ക് വന്നാല്‍ മാത്രമെ ഇത് സാധ്യമാവുകയുള്ളു എന്നതാണ് വാസ്തവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല