സ്വന്തം ലേഖകൻ: പ്രായമായവരില്‍ എന്‍എച്ച്എസ് സേവനത്തെക്കുറിച്ചുള്ള വിശ്വാസ്യത ഇടിഞ്ഞതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ പകുതിയില്‍ താഴെ മാത്രം ആണ്. കനത്ത സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജനങ്ങളുടെ ആരോഗ്യ സേവനങ്ങളില്‍ പരിമിതികള്‍ നേരിട്ടതോടെയാണ് എന്‍എച്ച്എസിനെ കുറിച്ചുള്ള ജനാഭിപ്രായം മാറിമറിഞ്ഞത്.
പ്രായമായ ആളുകളില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് തങ്ങളുടെ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ജിപിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതും, ചികിത്സയ്ക്കും, സര്‍ജറിക്കും ആവശ്യമായി വരുന്ന കാത്തിരിപ്പ് സമയവും ഹെല്‍ത്ത് സര്‍വ്വീസില്‍ ആത്മവിശ്വാസം തകര്‍ക്കാന്‍ ഇടയാക്കി.
ജനങ്ങള്‍ പരിചരണം ഉറപ്പാക്കാനുള്ള എന്‍എച്ച്എസിന്റെ ശേഷിയില്‍ പൊതുജനങ്ങള്‍ക്കുള്ള ആത്മവിശ്വാസത്തിന്റെ കുറവാണ് പുതിയ കണക്കുകളില്‍ ഏജ് യുകെ ചൂണ്ടിക്കാണിക്കുന്നത്. 50 വയസ്സിന് മുകളിലുള്ള 48 ശതമാനം പേരാണ് എന്‍എച്ച്എസ് സര്‍വ്വീസ് ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് വിശ്വാസം പ്രകടിപ്പിച്ചത്. യുകെയിലെ 12.6 മില്ല്യണ്‍ ജനസംഖ്യയ്ക്ക് തുല്യമാണ് കണക്കുകള്‍.
എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളില്‍ 47 ശതമാനം പേരും ആവശ്യപ്പെട്ടത് ജിപിയെ നേരില്‍ കാണാനുള്ള അവസരമാണ്. ചികിത്സയ്ക്കും, സര്‍ജറിക്കും വേണ്ടിവരുന്ന കാത്തിരിപ്പ് ചുരുങ്ങുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് 45 ശതമാനം പേര്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല