രോഗികളുടെ വെയ്റ്റിങ് ടൈമിനു പരിധി നിശ്ചയിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ പ്രമുഖ എന്‍എച്ച്എസ് ട്രസ്റ്റുകള്‍. നിര്‍ദേശം ഈ വര്‍ഷം പാലിക്കുന്നതു പ്രായോഗികമല്ലെന്നാണ് ഇവര്‍ പറയുന്നത്. അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ആറിലൊന്നു ട്രസ്റ്റുകളും പറയുന്നത്. എ ആന്‍ഡ് ഇ വെയ്റ്റിങ് ടൈമിന്റെ കാര്യത്തിലും ഇവര്‍ക്ക് ആശങ്കയുണ്ട്.
റെഗുലേറ്റര്‍ മോണിട്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലുകള്‍. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. ഫൗണ്ടേഷന്‍ ട്രസ്റ്റുകള്‍ തന്നെയാണ് ഈ വാദഗതികള്‍ ഉന്നയിച്ചിരിക്കുന്നതെന്ന വസ്തുത പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ട്രസ്റ്റുകള്‍ക്കാണ് ഫൗണ്ടേഷന്‍ പദവി നല്‍കുന്നത്.
96 എണ്ണത്തിനു മാത്രമാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. ഇവയ്ക്കു പോലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. രോഗികളുടെ വെയ്റ്റിങ് ടൈം അനിശ്ചിതമായി നീളുന്നതില്‍ ആശങ്ക ശക്തമായ സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുന്നത്. ചില ട്രസ്റ്റുകള്‍ ചെലവു ചുരുക്കാന്‍ മനഃപൂര്‍വം വെയ്റ്റിങ് ടൈം വര്‍ധിപ്പിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നു.
18 ആഴ്ചയ്ക്കുള്ളില്‍ 90 ശതമാനം ഇന്‍പേഷ്യന്റ്‌സിനെയും കണ്ടിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. രോഗികള്‍ സ്വയം കാത്തിരിക്കാന്‍ തയാറാകുമെന്ന അനുമാനത്തിലാണ് 10 ശതമാനത്തിന് ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ വര്‍ഷം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന ഡെഡ്‌ലൈന്‍ അടുത്തൊന്നും പൂര്‍ത്തിയാകുന്ന ലക്ഷണമില്ല. അടുത്ത വര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും 20 ശതമാനം ട്രസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല