സ്വന്തം ലേഖകന്‍: യുകെയിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സൗജന്യം, സ്വകാര്യ ഏജന്‍സികളുടെ പകല്‍ക്കൊള്ളക്കെതിരെ കര്‍ശന നടപടിയുമായി എന്‍എച്ച്എസ്, വിവിധ ഫീസുകളുടെ പേരില്‍ പണം വാങ്ങിയാന്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും. ഓരോ എന്‍എച്ച്എസ് ട്രസ്റ്റും നഴ്‌സുമാര്‍ക്ക് നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തേണ്ടതെന്ന് സര്‍വീസിന്റെ മാര്‍ഗനിര്‍ദേശ രേഖകള്‍ വ്യക്തമാക്കുന്നു.
ഇപ്രകാരം റിക്രൂട്ട് ചെയ്യുന്ന ഓരോ നഴ്‌സിംഗ് ഉദ്യോഗാര്‍ഥിക്കും വേണ്ടി ചെലവാകുന്ന തുകയ്‌ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ഈ ട്രസ്റ്റുകളാണ് സ്വകാര്യം ഏജന്‍സിക്കു നല്‍കുന്നത്. അതിനാല്‍ ഉദ്യോഗാര്‍ഥിയില്‍ നിന്നും കമ്മീഷന്‍ വാങ്ങരുതെന്ന കര്‍ശനമായ നിര്‍ദേശത്തോടെയാണ് ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് നല്‍കുന്നത്.
എന്നാല്‍, നിലവില്‍ രജിസ്‌ട്രേഷന്‍ ഫീസ്, ഹാന്‍ഡിലിംങ് ഫീസ് എന്നിങ്ങനെ പല പേരുകളില്‍ സ്വകാര്യ ഏജന്‍സികള്‍ നഴ്‌സുമാരില്‍ നിന്ന് പതിനായിരങ്ങളാണ് ആവശ്യപ്പെടുന്നത്. ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍എച്ച്എസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാര്‍ഥികളില്‍നിന്നും ചില ഏജന്‍സികള്‍ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
നഴ്‌സിംങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയില്‍ (ഐഇഎല്‍ടിഎസ്) അടുത്തിടെ ഇളവു വരുത്തിയതും ഐഇഎല്‍ടിഎസിനു പകരം ഒക്കിപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥ കൊണ്ടുവന്നതും ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് യുകെയില്‍ വന്‍ സാധ്യതകള്‍ളുടെ വാതില്‍ തുറന്നിരുന്നു. ഇത് മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ വ്യാജ പ്രചരണവുമായി വീണ്ടും സജീവമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല