1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും ജനങ്ങള്‍ക്ക്‌ നല്‍കി പോരുന്ന സേവനങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുത്തിയും രോഗികളെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി കൊണ്ടിരിക്കുന്ന എന്‍എച്ച്എസ് ട്രസ്റ്റുകള്‍ എഴുതി തള്ളിയത് വിദേശികള്‍ക്ക് ചികില്‍സക്കായി ചിലവഴിച്ച 40 മില്യന്‍ പൌണ്ടില്‍ അധികം വരുന്ന തുക ! ടോറി എംപി ക്രിസ് സ്കിഡ്‌മോര്‍ പറഞ്ഞ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ 118 ട്രസ്റ്റുകളാണ് ഇത്തരത്തില്‍ 42 മില്യന്‍ പൌണ്ട് എഴുതി തള്ളിയിരിക്കുന്നത്, അതേസമയം ഇനിയും 66 ട്രസ്റ്റുകളുടെ കണക്കുകള്‍ കൂടി ലഭിക്കാനുണ്ടെന്നിരിക്കെ ഈ തുക 50 മില്യന്‍ പൌണ്ടില്‍ കൂടുതലാകുമെന്നും കിങ്ങ്സ്വുഡിലെ എംപിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കണക്കുകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ സീനിയര്‍ ലേബര്‍ എംപിയായ കീത്ത് വാസ് പറയുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നും ആരും സൌജന്യ ചികിത്സയ്ക്കായി രാജ്യത്തേക്ക് വരുന്നില്ലെന്ന് ഉറപ്പു വരുത്തുന്ന എഗ്രീമെന്റ് രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെക്കണമെന്നാണ്. അതേസമയം എന്‍എച്ച്എസ് ചികിത്സയ്ക്ക് പണം നല്‍കാത്ത വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇനിയും യുകെയിലേക്ക് വരുന്നതില്‍ നിന്നും വിലക്കുന്നതിനെ പറ്റി ഗവണ്‍മെന്റ് ആലോചിക്കുകയാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സൈമണ്‍ ബെര്ന്‍സ് വ്യകതമാക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ ഇതും കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള ഒരു അവസരമായി ബ്രിട്ടന്‍ ഉപയോഗപ്പെടുത്തുകയാണെന്നു ഉറപ്പിക്കാം.

സ്കിഡ്‌മോറുടെ ഓഫീസ് കണ്ടെത്തിയ കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ തുക എഴുതി തള്ളിയിരിക്കുന്നത് ലണ്ടനിലെ ഗയ്സ് ആന്‍ഡ് സെന്റ്‌ തോമസ്സ് എന്‍എച്ച്എസ് ഫൌണ്ടേഷന്‍ ട്രസ്റ്റാണ്, ഇവരില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം 2004 നു ശേഷം 6.2 മില്യന്‍ പൌണ്ടിന്റെ ഭീമമായ തുകയാണ് ഇവര്‍ എഴുതി തള്ളിയത്. മറ്റൊരു 1.8 മില്യന്‍ പൌണ്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍ ഇപ്പോഴും അതും കിട്ടില്ലയെന്നു വന്നാല്‍ എഴുതി തള്ളേണ്ടി തന്നെ വരും. രാജ്യത്തെ മൊത്തം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ക്രോയിഡോണ്‍ ഹെല്‍ത്ത് സര്‍വീസ് മാത്രമാണ് അല്പമെങ്കിലും ഭേദം, ഇവര്‍ ഇക്കാലയളവില്‍ എഴുതി തള്ളിയ വിദേശ ബില്ലുകള്‍ 1.6 മില്യന്‍ പോണ്ടിന്റെതാണ്.

ക്രിസ് സ്കിഡ്‌മോര്‍

മി. സ്കിഡ്‌മോര്‍ പറയുന്നത് എന്‍എച്ച്എസ് ചിലവ് ചുരുക്കാനായി തങ്ങളുടെ സേവനങ്ങള്‍ വെട്ടി ചുരുക്കുന്ന ഇക്കാലയളവില്‍ തന്നെയാണ് ഇത്തരത്തില്‍ വിദേശികളുടെ കടങ്ങള്‍ എഴുതി തള്ളിയത് ഏറെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നാണ്. വളരെ അധികം പരിതാപകരമായ ഒരു അവസ്ഥയാണ് ഇതെന്നും എന്‍ എച്ച് എസിന് വലിയ് ലാഭമൊന്നും ഉണ്ടാക്കി കൊടുക്കാന്‍ ഈ തുകയ്ക്കാകില്ലെങ്കിലും ആരാണ് എന്‍എച്ച്എസ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാന്‍ ഈ കണക്കുകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള നിയമ പ്രകാരം വിദേശിയര്‍ക്കു യുകെയില്‍ എന്‍എച്ച്എസില്‍ സൌജന്യ ചികിത്സയ്ക്ക് വിധേയരാകാവുന്നതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ ആണെങ്കില്‍ അവരുടെ ബില്ലുകള്‍ അവരുടെ മാതൃ രാജ്യത്തേക്ക് അയക്കുകയുമാണ് ചെയ്യുന്നത്. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത വിദേശിയരുടെ ബില്ലുകള്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സിനെ അടിസ്താനമാക്കിയുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുമൂലം പലരും ചികിത്സ കഴിയുമ്പോള്‍ ബില്‍ അടയ്ക്കാതെ തിരിച്ചു പോകുന്നതാണ് എന്‍എച്ച്എസിന് ഇത്രയും കിട്ടാക്കടം ഉണ്ടാക്കാന്‍ ഇടയാക്കിയത്. എന്തായാലും ഈ കണക്കുകള്‍ കൂടുതല്‍ കാര്യക്ഷമവും വിദേശിയരെ സൌജന്യ ചികിത്സയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതുമായ തരത്തിലുള്ള നടപടികളെടുപ്പിക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.