സ്വന്തം ലേഖകന്‍: നിക്കരാഗ്വേ ഭരിക്കാന്‍ ഇനി ഭാര്യയും ഭര്‍ത്താവും. ഡാനിയല്‍ ഒര്‍ട്ടിഗ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്റായി എത്തുന്നത് സ്വന്തം ഭാര്യ റൊസാരിയോ മുറിലോയാണ്. മുറിലോയുടെ വിജയത്തോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഭാര്യാഭര്‍ത്താക്കന്‍മാരാകുന്ന അപൂര്‍വ്വതയ്ക്കാണ് നിക്കരാഗ്വേ സാക്ഷിയാവുന്നത്.
തനിക്ക് തിരഞ്ഞെടുക്കാനാകുന്ന ഏറ്റവും മികച്ച സഹപ്രവര്‍ത്തകയായിരിക്കും തന്റെ ഭാര്യയെന്ന് കഴിഞ്ഞ ആഗസ്തില്‍ സ്ഥാനാര്‍ത്ഥിത്വ നിര്‍ണയ വേളയില്‍ ഒര്‍ട്ടിഗ പ്രസ്താവിച്ചിരുന്നു. ഇത്തവണ 66 ശതമാനം വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ 72 ശതമാനം വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ് ഒര്‍ട്ടിഗ.
കവിയും എഴുത്തുകാരിയും രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് റൊസാരിയോ മുറിലോ. ഒര്‍ട്ടിഗയുടെ ഭരണപരമായ നേട്ടങ്ങളുടയെല്ലാം പിന്നില്‍ ഭാര്യ മുറിലോയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.
1979ല്‍ വിപ്‌ളവത്തിലൂടെ പുറത്താക്കപ്പെടുന്നതുവരെ ജനറല്‍ അനസ്താസിയോ സൊമോസയുടെ കുടുംബമാണ് നിക്കരാഗ്വേ ഭരിച്ചിരുന്നത്. വീണ്ടും കുടുംബ ഭരണം നിലവില്‍വരുന്നതിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും ഭരണം കയ്യാളുന്നത് കുടുംബവാഴ്ചയുടെ ഫലമുണ്ടാക്കുമെന്നും ഇത് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു.
നിക്കരാഗ്വേയുടെ ഭരണഘടനയനുസരിച്ച് ഇത്തരം സുപ്രധാന സ്ഥാനങ്ങളില്‍ ഒരേ സമയം ബന്ധുക്കള്‍ വരുന്നത് നിയമവിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഒര്‍ട്ടഗയ്ക്കും ഭാര്യയ്ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസ്സമില്ലെന്ന നിക്കരാഗ്വേ സുപ്രീം കോടതിയുടെ ഒരു വിധി ചൂണ്ടിക്കാണിച്ചാണ് ഒര്‍ട്ടിഗ ഈ ആരോപണത്തെ നേരിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല