സ്വന്തം ലേഖകന്‍: നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ ജനങ്ങള്‍ തെരുവില്‍; കലാപത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിലാണ് 10 പേര്‍ കൊല്ലപ്പെട്ടത്.
മൂന്ന് ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും പെന്‍ഷന്‍ ഓഹരി വര്‍ധിപ്പിക്കുകയും പെന്‍ഷന്‍ തുക കുറയ്ക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനു കാരണമായത്.
രാജ്യതലസ്ഥാനമായ മനാഗ്വയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പെന്‍ഷന്‍കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. അടുത്ത ദിവസം മുതല്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ചനടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ രണ്ട് പ്രക്ഷോഭകരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഇന്നത്തോടെ മരണം പത്ത് ആകുകയായിരുന്നു.
നിക്കരാഗ്വ വൈസ് പ്രസിഡന്റ് റൊസാരിയോ മുറിലോ പ്രക്ഷോഭകാരികളെ രക്തദാഹികളെന്ന് വിശേഷിപ്പിച്ചത് വിവാദമാകുകയും ചെയ്തു. എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തിയ സര്‍ക്കാര്‍ പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല