സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് നഗരത്തില്‍ നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിയുടെ നിരോധനം പിന്‍വലിച്ചു. ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിക്ക് വില്ലെന്യൂവ്‌ലോബെറ്റില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഉന്നതാധികാര കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നീസിന്റെ തീരുമാനം. നീസിനൊപ്പം കാന്‍, ഫ്രെജൂസ്, റൊക്വബ്രൂണ്‍ എന്നീ നഗരങ്ങളും ബുര്‍ക്കിനി നിരോധനം നീക്കിയിരുന്നു. എന്നാല്‍ കോര്‍സിക്കയിലെ സിസ്‌കോയിലും ഗിസോനാസിയയും നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ച വില്ലെന്യൂവ്‌ലോബെറ്റിലെ ബുര്‍ക്കിനി നിരോധനം റദ്ദാക്കിയ കോടതി ബുര്‍ക്കിനി നിരോധനം വ്യക്തി സ്വതന്ത്ര്യത്തിന് എതിരാണെന്നും മൗലിക അവകാശ ലംഘനമാണെന്നും നിരീക്ഷിച്ചിരുന്നു. ബുര്‍ക്കിനിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ നഗര മേയര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ സംഘടനയായ എല്‍ഡിഎച്ച് അടക്കമുള്ളവര്‍ നിരോധനത്തിനെതിരെ രംഗത്തെത്തിയതോടെയാണ് നടപടി.
ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിനിടെ നീസിലെ ബീച്ചില്‍ ബുര്‍ക്കിനി ധരിച്ചെത്തിയ യുവതിയെ പോലീസ് ബലംപ്രയോഗിച്ച് വസ്ത്രം അഴിപ്പിച്ചത് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് കാരണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല