വിദ്യാഭ്യാസരംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് നൂതന പദ്ധതികളുമായി ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ്. പ്രൈമറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ 12 ടൈംസ് ടേബിളുകളും പഠിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗന്‍. സണ്‍ഡേ ടൈംസിനോടാണ് മോര്‍ഗന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പതിനൊന്ന് വയസ്സാകുമ്പോഴേക്കും ഭാഷയില്‍ പ്രാഥമികമായ അറിവുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കിയെടുക്കണം. പങ്ച്യുവേഷന്‍, സ്‌പെല്ലിംഗ്, വ്യാകരണം തുടങ്ങിയവയില്‍ കുട്ടികള്‍ക്ക് അവഗാഹമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.
വരാന്‍ പോകുന്ന ടോറി സര്‍ക്കാര്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സൂപ്പര്‍ഹെഡിന്റെ സേവനം എല്ലാ സ്‌കൂളുകളിലും ഉറപ്പുവരുത്തും. നിലവില്‍ ഇംഗ്ലീഷിന്റെയും കണക്കിന്റെയും കാര്യത്തില്‍ ലോകത്തില്‍ 23ാം സ്ഥാനത്താണ് യുകെ. 2020 ഓട് കൂടി ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ യുകെയ്ക്ക് സ്ഥാനമുണ്ടാകണം. ഇത് മുന്നില്‍ കണ്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
മുന്‍സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര ലീഗ് ടേബിളുകളില്‍ നിന്ന് യുകെ താഴെ പോയതിന്റെ വേഗത നോക്കിയാല്‍തന്നെ ആ സര്‍ക്കാരിന്റെ പരാജയം മനസ്സിലാക്കാവുന്നതെയുള്ളു. യുകെ അര്‍ഹിക്കുന്ന സ്ഥാനത്തേക്ക് തിരികെ വരുമ്പോഴാണ് അത് ഞങ്ങളുടെ വിജയമാകുന്നത്. ഇല്ലിട്ടറസിക്കെതിരെയും (നിരക്ഷരത) ഇന്‍ന്യൂമറസി (അക്കങ്ങള്‍ അറിയാത്ത അവസ്ഥ) ക്കെതിരെയും യുദ്ധം നയിക്കുമെന്നും മോര്‍ഗന്‍ പറഞ്ഞു.
സെക്കന്‍ഡറി സ്‌കൂളിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ കുട്ടികള്‍ക്ക് ഇനി മുതല്‍ ഡിവിഷന്‍ ആന്‍ഡ് മള്‍ട്ടിപ്ലിക്കേഷന്‍ പരീക്ഷകള്‍ വിജയിക്കേണ്ടി വരുമെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കണക്കിലെ അവഗാഹം അളക്കുന്നതിനായി പരീക്ഷാ മാതൃകകള്‍ ഉണ്ടെങ്കിലും ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണമെന്ന നിര്‍ബന്ധമില്ല. ഇത് മാറ്റി പരീക്ഷ യഥാര്‍ത്ഥത്തില്‍ തന്നെ നടത്തും. പതിനൊന്നാം വയസ്സില്‍ എത്തുന്ന കുട്ടികള്‍ സങ്കീര്‍ണമായ കണക്കുകള്‍ സോള്‍വ് ചെയ്യാനും നോവല്‍ വായിക്കാനും അറിഞ്ഞിരിക്കണം. വ്യാകരണ അക്ഷര പിശകുകള്‍ കൂടാതെ ചെറുകഥകള്‍ എഴുതാനും കുട്ടികള്‍ക്ക് പ്രാപ്തിയുണ്ടാകണം. കുട്ടികള്‍ ഒരു തരത്തിലും പരജിതരാകാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ല. കുട്ടികളുടെ ഭാവി വളരെ പ്രധാനപ്പെട്ടതാണെന്നും മോര്‍ഗന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല