1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2023

സ്വന്തം ലേഖകൻ: ലോക ദീർഘദൂര കുതിരയോട്ടത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്‌ഇഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ നാലുഘട്ടങ്ങളും തരണം ചെയ്ത് ആദ്യമായി ഇന്ത്യ. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന പോരാട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചത് 21 വയസുകാരിയായ മലയാളി വനിത നിദ അൻജും ചേലാട്ട്. കേരളത്തിൽ മലപ്പുറം തിരൂരിൽ ജനിച്ച നിദ അൻജും യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ചരിത്രം രചിച്ചത്.

7.29 മണിക്കൂർ മാത്രം സമയമെടുത്ത്ത് നിദ ചാമ്പ്യൻഷിപ്പ് ഫിനിഷ് ചെയ്തു. ഒരേ കുതിരയുമൊത്ത് രണ്ടു വർഷകാലയളവിൽ 120 കിലോമീറ്റർ ദൂരം രണ്ടു വട്ടമെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടാൻ സാധിക്കുന്നത്. നിദയാവട്ടെ രണ്ടു കുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോർഡിട്ടിട്ടുണ്ട്. കൂടാതെ ഒന്നിലേറെ തവണ 160 കിലോമീറ്റർ ദൂരത്തിൽ കുതിരയോട്ടം പൂർത്തിയാക്കി, 3 സ്റ്റാർ റൈഡർ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ് നിദ.

ഈ ചാമ്പ്യൻഷിപ്പിലെ 120 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരപാത കുതിരയ്ക്ക് യാതൊരു പോറലുമേൽക്കാതെ റൈഡർ മറികടക്കണം. 28.6, 29.2, 33.8, 28.6- എന്നിങ്ങനെ നാലുഘട്ടങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും.

ഇതിൽ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോർട്ടാണ് ലഭിക്കുന്നതെങ്കിൽ റൈഡർ പുറത്താകും. കുതിരയുടെ കായികക്ഷമത നിലനിർത്തി നാലുഘട്ടവും പൂർത്തിയാക്കുക എന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ വലിയ വെല്ലുവിളി. 25 രാജ്യങ്ങളിൽ നിന്നമുള്ള 70 മത്സരാർത്ഥികൾ ഉൾപ്പെടുന്ന നിരക്കൊപ്പമാണ് നിദ “എപ്‌സിലോൺ സലോ” എന്ന കുതിരയുമൊത്ത് ഫ്രാൻസിലെ പോർക്കളത്തിൽ ഇറങ്ങിയത്. മത്സരത്തിനിടയിൽ 33 കുതിരകൾ പുറത്തായി.

നിദയും കുതിരയും ആദ്യ ഘട്ടത്തിൽ 23-ാംമതായും, രണ്ടാമത്തേതിൽ 26-ാംമതായും, മൂന്നിൽ 24-ാംമതായും, ഫൈനലിൽ 21-ാമതായും നാലു ഘട്ടങ്ങൾ ഫിനിഷ് ചെയ്ത് ഇന്ത്യൻ പതാക പുതിയ കായിക ചരിത്രത്തിലേയ്ക്ക് ഉയർത്തി. മണിക്കൂറിൽ 16.7 കി.മീ വേഗതയാണ് നിദ നിലനിർത്തിയത്. ഹെൽമറ്റിലും ജഴ്സിയിലും ഇന്ത്യൻ പതാകയിലെ ത്രിവർണ്ണം ആലേഖനം ചെയ്താണ് നിദ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

“ദീർഘദൂര കുതിരയോട്ടം ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യനായതിൽ അഭിമാനിക്കുന്നു. തുടർന്നുള്ള ലോക ചാമ്പ്യൻഷിപ്പികൾക്കായുള്ള പരിശീലനത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കും”- ചരിത്രം കുറിച്ച ശേഷം ഫ്രാൻസിലെ മത്സര വേദിയിൽ നിന്ന് നിദ പറഞ്ഞു.

കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ദുബായിയിൽ താമസിക്കുമ്പോൾ കുതിരകളുമായി കൂട്ടുകൂടിയതാണ് നിദയെ ഈ ലോക നേട്ടത്തിലേക്ക് എത്തിച്ചത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മരുഭൂമികളും മലകളും അരുവിയും താണ്ടി അബുദാബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ വാൾ നേടിയാണ് നിദ ലോക ചാമ്പ്യൻഷിപ്പുകളിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത കുതിരയോട്ട പരിശീലകനും റൈഡറുമായ അലി അൽ മുഹൈരിയാണ് ഗുരു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.