സ്വന്തം ലേഖകൻ: മാസങ്ങൾ നീണ്ട ദുരിതങ്ങൾ താണ്ടി നൈജീരിയയിൽ മോചിതരായ മലയാളി നാവികർ ഒടുവിൽ നാടണഞ്ഞു. 10 മാസത്തെ ദുരിതഭാരം ഇറക്കിവെച്ച് ഉറ്റവരുടെ അരികിൽ പറന്നിറങ്ങിയപ്പോൾ മൂവർക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. കപ്പലിലെ സങ്കടം സന്തോഷമായി കരപറ്റിയപ്പോൾ അവരുടെ വാക്കുകൾ മുറിഞ്ഞു. തൊണ്ടയിടറി. കുടുംബത്തെ ചേർത്തുപിടിച്ച് അവർ സന്തോഷത്തിൽ വിതുമ്പി.
കൊച്ചി എളംകുളം സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസ്, കപ്പലിലെ ഓയിലർ മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, തേർഡ് ഓഫീസർ കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവരാണ് നൈജീരിയിൽ മോചിതരായി നാട്ടിൽ മടങ്ങിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിൽനിന്ന് ബെംഗളൂരു വഴി കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരെ കുടുംബാംഗങ്ങളും സുഹൃത്തുകളും സ്വീകരിച്ചു.
നൈജീരിയയിൽ കപ്പലിൽ തടവിലായിരുന്നു ഇവർ. എം.ടി. ഹീറോയിക് ഐഡൻ എന്ന ഇറ്റാലിയൻ കപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇക്വറ്റോറിയൽ ഗിനിയ സേന തടഞ്ഞത്. മൂന്ന് മാസം ഇക്വറ്റോറിയൽ ഗിനിയയിൽ വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നു. ഇക്വറ്റോറിയൽ ഗിനിയ സർക്കാരിന് മോചനദ്രവ്യമായി വൻതുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുത്തില്ല.
ഇതിനിടെ കപ്പലിൽ എണ്ണ കടത്തി എന്നതുൾപ്പെടെ മൂന്ന് കുറ്റങ്ങൾ ആരോപിച്ച് നൈജീരിയ രംഗത്തുവന്നു. തുടർന്ന് കപ്പലിനെയും നാവികരെയും കസ്റ്റഡിയിലെടുത്തു. ആഗോളതലത്തിൽ ഇടപെടലുകളും സമ്മർദവും ശക്തമായതോടെയാണ് നാവികരുടെ മോചനം സാധ്യമായത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
മലേറിയയും ടൈഫോയ്ഡും പിടിപെട്ട് മരണത്തോട് മല്ലടിച്ച് ഒടുവിൽ ജീവിതം തിരികെ പിടിച്ചാണ് വിജിത്തും മിൽട്ടണും നാട്ടിലെത്തിച്ചേർന്നത്. കപ്പലിലുണ്ടായിരുന്ന വിജിത്ത്, മിൽട്ടൺ ഉൾപ്പെടെയുള്ള 15 പേരെ ഇക്വറ്റോറിയൽ ഗിനിയ സേന ആദ്യം വീട്ടുതടങ്കലിൽ പാർപ്പിച്ചു. സനു ജോസ് ഉൾപ്പെടെയുള്ള ബാക്കി 11 പേരെ കപ്പലിലും തടവിലാക്കി. നൈജീരിയൻ നാവികസേനയ്ക്ക് കൈമാറുമെന്ന ഘട്ടമെത്തിയപ്പോൾ വിജിത്ത്, മിൽട്ടൺ ഉൾപ്പെടെയുള്ള 15 പേരെ മറ്റൊരിടത്തേയ്ക്ക് മാറ്റി.
ഇവിടെ കൃത്യമായി ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കാവലിന് തോക്കുമേന്തി പുറത്ത് സേനാംഗങ്ങളും. വെള്ളം ചോദിച്ചപ്പോൾ കക്കൂസ് വെള്ളം കുടിക്കാൻ നിർദേശിച്ചു. ഗത്യന്തരമില്ലാതെ ഒടുവിൽ കക്കൂസ് വെള്ളം കുടിക്കേണ്ടി വന്നിട്ടുണ്ട്. കൊതുക് ശല്യവും രൂക്ഷമായിരുന്നു. അതോടെ പലർക്കും മലേറിയയും ടൈഫോയ്ഡും പിടിപെട്ടു. മിൽട്ടൺ ടൈഫോയ്ഡ് ബാധിച്ച് ആശുപത്രിയിലായി. നൈജീരിയൻ നാവികസേനയ്ക്ക് കപ്പൽ കൈമാറിയതോടെ വിജിത്ത്, മിൽട്ടൺ ഉൾപ്പെടെയുള്ള 15 പേരെയും കപ്പിലിലേയ്ക്ക് എത്തിച്ചു.
കപ്പലിൽ വെച്ച് വിജിത്തിന് മലേറിയയും ടൈഫോയിഡും പിടിപെട്ടു. കടുത്ത പനിയായതോടെ വിജിത്തിനെ കപ്പലിൽ നിന്ന് ഏണിയിൽ കെട്ടി താഴയിറക്കി ബോട്ടിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. 10 ദിവസം ആശുപത്രിയിൽ കിടന്നു. വിജിത്ത് അവശനായിട്ടും ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ സേന തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ മരണപ്പെട്ട വിസ്മയയുടെ സഹോദരനാണ് വിജിത്ത്. പ്രതീക്ഷ അറ്റുപോയ സമയങ്ങളുണ്ടായെന്നും ജീവനോടെ നാട്ടിൽ തിരിച്ചെത്താനായതിൽ ഏറെ സന്തോഷമുണ്ടെന്നും നാവികർ പറഞ്ഞു.
എല്ലാവരുടെയും ഇടപെടലുകൾക്കും പ്രാർത്ഥനകൾക്കും നന്ദി പറയുകയാണ് സനു ജോസിന്റെയും മിൽട്ടൺ ഡിക്കോത്തിന്റെയും വിജിത്തിന്റെയും കുടുംബങ്ങൾ. സനുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പിതാവ് ജോസും അമ്മ ലീലയും ഭാര്യ മെറ്റിൽഡയും മക്കളായ എലിസബത്ത്, ബനഡിക്ട് എന്നിവരും എത്തിയിരുന്നു. മിൽട്ടനെ ഭാര്യ ശീതൾ, മകൻ ഹാർഡ്‌വിൻ എന്നിവർ എത്തി സ്വീകരിച്ചു. വിജിത്തിനെ സ്വീകരിക്കാൻ അച്ഛൻ വിക്രമൻ നായർ, അമ്മ സജിത, ഭാര്യ രേവതി, മകൻ നീൽ എന്നിവർ എത്തിയിരുന്നു. ഹൈബൻ ഈഡൻ എം.പി. യും അൻവർ സാദത്ത് എം.എൽ.എ.യും നാവികരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല