സ്വന്തം ലേഖകൻ: നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിൻ്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഇവർക്കുള്ളത്. കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിട്ട് ആറു ദിവസം ആകുന്നു. അവസാനം വിളിച്ചപ്പോൾ മലേറിയ ബാധിച്ചെന്ന വിവരമാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വീട്ടുകാരുടെ അറിവ്.
ഗിനിയൻ സേനയുടെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ സംഘാംഗങ്ങൾക്ക് എല്ലാ ദിവസവും വീട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തതോടെ ഫോണുകൾ പോലും നൽകുന്നില്ല. ഇടയ്ക്കിടെ അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാൻ നൽകുന്നത്. അഞ്ചു ദിവസം മുമ്പ് പനിയാണെന്ന് വിജിത്ത് മെസേജ് അയച്ചിരുന്നുവെന്ന് പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്.
ചീഫ് എൻജിനീയർക്കും പനിയാണെന്ന് അറിയിച്ചിരുന്നു. മൂന്നുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മലേറിയ സ്ഥിരീകരിച്ചുവെന്നും വിവരം ലഭിച്ചു. ഫോൺ കയ്യിലില്ലാത്തതിനാൽ കൂടുതൽ വിവരം അറിയാൻ കഴിയുന്നില്ല. വിജിത്തുമായി സംസാരിച്ചിട്ട് ആറുദിവസമായി. വളരെയേറെ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനു സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചത്. എന്നാൽ ഇത്രയും ദിവസമായിട്ടും ഇടപെടൽ ഉണ്ടാകുന്നില്ല. എംബസിയിൽ നിന്ന് ഒരു അറിയിപ്പും തങ്ങൾക്കു ലഭിച്ചിട്ടില്ല. പെട്ടെന്ന് എല്ലാം ശരിയാകുമെന്നാണ് എംപിമാരും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കപ്പലിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ ശക്തമായ ഇടപെടൽ നടത്തുമ്പോൾ ഇന്ത്യയുടെ ഇടപെടൽ വെറും പേരിനുമാത്രമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവിൽ നൈജീരിയൻ നിയന്ത്രണത്തിൽ കപ്പലിൽ ജോലി തുടരുകയാണ് നാവിക സംഘം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല