സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബോകോഹറാം തീവ്രവാദി ക്യാമ്പെന്ന് തെറ്റിദ്ധറ്റിച്ച് അഭയാര്‍ഥി ക്യാമ്പിനു നേരെ ആക്രമണം, നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ക്യാമ്പിലെ മെഡിക്കല്‍ വിദഗ്ദര്‍ അടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രദേശമായ ബോര്‍ണോ സംസ്ഥാനത്തെ കാലാ ബാല്‍ഗേയിലെ റാനിലാണ് സംഭവം.
ആക്രമണത്തില്‍ റെഡ്‌ക്രോസിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 25,000 പേര്‍ താമസിച്ചിരുന്ന അഭയാര്‍ഥി ക്യാമ്പ് ബോക്കോഹറാം തീവ്രവാദി ക്യാമ്പാണെന്ന് തെറ്റിദ്ധരിച്ച് നൈജീരിയന്‍ വ്യോമസേന ബോംബിട്ടു നിരപ്പാക്കുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി കാമറൂണിലെയും ചാഡിലെയും വൈദ്യസംഘം സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്ന് വൈദ്യ വിഭാഗമായ എംഎസ്എഫ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
സൈനികര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ ഒഴിപ്പിക്കാന്‍ ഹെലികോപ്റ്ററുകളും അയച്ചിട്ടുള്ളതായി നൈജീരിയന്‍ സൈനിക മേധാവിയൂം വ്യക്തമാക്കി. ബോക്കോഹറാം തീവ്രവാദികള്‍ തമ്പടിക്കുന്ന മേഖലകള്‍ കണ്ടെത്തി അവിടം തകര്‍ക്കാനുള്ള നിര്‍ദേശത്തിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ജനറല്‍ ഇറാബര്‍ വ്യക്തമാക്കി. സംഭവത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും വിമര്‍ശിച്ചു.
ബോക്കോഹറാമിന്റെ ശക്തികേന്ദ്രമായ റാനില്‍ ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് വീടുവിട്ടവരാണ് കേന്ദ്രത്തില്‍ താമസിച്ചിരുന്നത്.
ആക്രമണം നടക്കുന്ന സമയത്ത് മനുഷ്യാവകാശ സംഘടനാപ്രവര്‍ത്തകര്‍ അഭയാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുകയായിരുന്നു.
ആറു വര്‍ഷമായി ബോക്കോ ഹറാമും സൈന്യവും തമ്മിലുള്ള പോരാട്ടത്തിനിടെ ഇതുവരെ ഇരുപതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
20 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്ത് സൈന്യം വ്യോമാക്രമണം നടത്തിവരികയാണ്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കുടിയേറിയ ഭീകരരെ തുടച്ചുനീക്കുന്നതിനുള്ള അവസാനപടിയായിരുന്നു ആക്രമണം. മെയ്ദുഗിരി സര്‍വകലാശാലയില്‍ തിങ്കളാഴ്ച ഇസ്‌ളാമിക് സ്‌റ്റേറ്റ് പിന്തുണയോടെ ബോക്കോഹറാം നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല